പോളിസും റെയ്സും 18 വര്‍ഷമായി ഒരുമിച്ച് കഴിയുകയാണ്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഏഴുവയസുകാരനായ ഒരു മകനും ഒമ്പത് വയസുകാരിയായ ഒരു മകളും. 

സ്വവർ​ഗ വിവാഹം മിക്ക രാജ്യങ്ങളിലും നിയമപരമായി അം​ഗീകരിക്കപ്പെട്ട് കഴിഞ്ഞു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രം​ഗങ്ങളിലുള്ള പലരും തങ്ങളുടെ പങ്കാളികളെ കുറിച്ച് തുറന്നു പറയുകയും വിവാഹിതരാവുകയും ചെയ്യുന്നുണ്ട്. സമൂഹവും തങ്ങളുടെ സങ്കുചിതമായ കാഴ്ച്ചപ്പാടുകൾ തിരുത്താനും അവരെ അം​ഗീകരിക്കാനും തയ്യാറാവുന്നു എന്നതും സന്തോഷം നൽകുന്ന കാര്യമാണ്. ഇപ്പോഴിതാ, കൊളറാഡോയിലെ ​ഗവർണർ തന്റെ പങ്കാളിയെ വിവാഹം ചെയ്തിരിക്കുകയാണ്.

2018 -ല്‍ ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട കൊളറാഡോയിലെ ജാറെഡ് പോളിസ് താന്‍ ഒരു സ്വവര്‍ഗാനുരാഗിയാണ് എന്ന് തുറന്നു പറഞ്ഞ വ്യക്തിയായിരുന്നു. ഒരുപക്ഷേ, അവിടെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വവർ​ഗാനുരാ​ഗിയായ ​ഗവർണറും അദ്ദേഹമായിരിക്കും. ഇപ്പോൾ, ദീര്‍ഘകാലമായി തന്‍റെ പങ്കാളിയായിരുന്ന ഫസ്റ്റ് ജെന്റിൽമാൻ മര്‍ലോണ്‍ റെയ്സിനെ അദ്ദേഹം വിവാഹം ചെയ്തിരിക്കുകയാണ്. എഴുത്തുകാരനും മൃഗസംരക്ഷണ പ്രവര്‍ത്തകനുമാണ് റെയ്സ്. 

പൊളിസിന് 46 -ഉം റെയ്സിന് 40 -ഉം വയസാണ്. ബുധനാഴ്ച ബോൾഡറിൽ കുടുംബവും സുഹൃത്തുക്കളും പങ്കെടുത്ത പരമ്പരാഗത ജൂത ചടങ്ങിലാണ് ഇരുവരും വിവാഹിതരായതെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു. റബ്ബി തിർസ ചടങ്ങിന് കാര്‍മ്മികത്വം വഹിച്ചു. 

പോളിസും റെയ്സും 18 വര്‍ഷമായി ഒരുമിച്ച് കഴിയുകയാണ്. ഇരുവര്‍ക്കും രണ്ട് കുട്ടികളുണ്ട്. ഏഴുവയസുകാരനായ ഒരു മകനും ഒമ്പത് വയസുകാരിയായ ഒരു മകളും. കുടുംബം താമസിക്കുന്നത് ബോള്‍ഡറിലാണ്. ഡെമോക്രാറ്റായ പോളിസും റെയ്സും ഡിസംബറിൽ വിവാഹനിശ്ചയം നടത്തിയിരുന്നു. എന്നാല്‍, കൊവിഡ് -19 ബാധിച്ച് റെയ്സിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് ദിവസങ്ങൾക്ക് ശേഷം റെയ്സ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി. പൊളിസിനും കൊറോണ വൈറസ് പിടിപെട്ടെങ്കിലും നേരിയ ലക്ഷണങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 

"കഴിഞ്ഞ പതിനെട്ട് മാസങ്ങളായി ഞങ്ങൾ പഠിച്ച ഏറ്റവും വലിയ പാഠം, നമുക്കറിയാവുന്ന ജീവിതം ഒരു നിമിഷനേരം കൊണ്ട് മാറാം എന്നതാണ്" എന്ന് ദമ്പതികൾ പ്രസ്താവനയിൽ പറഞ്ഞു. "ഞങ്ങളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും, ഞങ്ങളുടെ ജീവിതം ഒരുമിച്ച് ആഘോഷിക്കാനുള്ള അവസരം തന്നതിനും ഞങ്ങൾ നന്ദിയുള്ളവരാണ്" എന്നും ഇരുവരും പറഞ്ഞു.

(ചിത്രങ്ങൾക്ക് കടപ്പാട്: Jared Polis/ facebook)