Asianet News MalayalamAsianet News Malayalam

അന്ന് ഞാൻ അച്ഛനോട് ചോദിച്ചു, അച്ഛന് കുറേ കടല്ലേ? നമ്മളെങ്ങനെ ജീവിക്കും; കണ്ണ് നനയിക്കും ഈ കുറിപ്പ്

"അച്ഛൻ്റെ  പൈസയുടെ വിഷമമോർത്തല്ലേ നീ ആ ബോക്സ് മതീന്ന് പറഞ്ഞത്?" കണ്ണീരടക്കാൻ കഴിയാതെ അച്ഛനോട് ചേർന്ന് നിന്ന് ഞാൻ എങ്ങനെയോ പറഞ്ഞു." അച്ഛന് കുറെ കടല്ലേ? അമ്മക്ക് വല്ലാത്ത സങ്കടാണ്. നമ്മളെങ്ങനെയാച്ഛാ ജീവിക്കുക?" ഞാൻ ശരിക്കും വല്ലാതെ കരഞ്ഞു പോയി. "അതെല്ലാം ശരിയാവും. നീ നല്ല മോനാ..." ന്ന് മാത്രം പറഞ്ഞു.

JayakrishnanAv facebook post about his father rlp
Author
First Published Feb 28, 2024, 3:54 PM IST

നമ്മുടെ മനസിനെ സ്പർശിക്കുന്ന അനേകം കുഞ്ഞുകുഞ്ഞ് അനുഭവക്കുറിപ്പുകൾ നാം സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ നമ്മുടെ അനുഭവങ്ങളോട് ചേർന്ന് നിൽക്കുന്നവയായിരിക്കും. അതുപോലെ ഒരു കുറിപ്പാണ് ജയകൃഷ്ണൻ എവി ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്. അധ്യാപകനായിരുന്ന തന്റെ അച്ഛനെ കുറിച്ചുള്ള കുറിപ്പാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. സാമ്പത്തികമായി അനുഭവിച്ചിരുന്ന പ്രയാസങ്ങളും ആ സമയത്തും അച്ഛൻ പഠിപ്പിച്ചു തന്ന നല്ല പാഠങ്ങളുമാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. 

ജയകൃഷ്ണൻ എവി പങ്കുവച്ചിരിക്കുന്ന കുറിപ്പ് വായിക്കാം: 

കുറെ കടമുണ്ടായിരുന്നു അച്ഛന്. പണം കടം കൊടുത്ത ഓരാൾ, അച്ഛൻ വീട്ടിലില്ലാത്ത സമയം, തെല്ല് ദേഷ്യത്തോടെ ചോദിക്കാൻ  വന്നതും, അവരുടെ വായിൽ നിന്ന്  കടുത്ത വാക്കുകൾ കേൾക്കേണ്ടി വന്നതുമായ ഏതോ ഒരു ദിവസം, സങ്കടം സഹിക്കാനാകാതെ അമ്മ കരയുന്നു. രാത്രി വൈകി എത്തിയ അച്ഛൻ, സ്വന്തം സ്കൂളിലെ Cooperative Store -ൽ അടക്കം വരുത്തി വച്ച കടങ്ങൾ ഓരോന്നായി അമ്മയോട് സങ്കടത്തോടെ പറയേണ്ടി വരുന്നു. നമുക്ക് എങ്ങനെയെങ്കിലും എല്ലാം വീട്ടാമെന്നും അങ്ങനെയാരും ഇനി ചോദിക്കാൻ വരില്ലെന്നും പതിവ് പോലെ അച്ഛൻ അമ്മക്ക് ഉറപ്പ് കൊടുക്കുകയും ചെയ്തു.

എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എനിക്കാണെങ്കിൽ പിറ്റേന്ന് പുതിയ ഇൻസ്ട്രുമെൻ്റ് ബോക്സുമായി വേണം പോകാൻ. ഈ സാഹചര്യത്തിൽ ചോദിക്കാനും മനസ്സ് വന്നില്ല. ആരോടും പറയാതെ സങ്കടത്തോടെ പിറ്റേന്ന് ക്ലാസ്സിലേക്ക് പോയി. പലരും പല തരത്തിലുള്ള  പുതുതിൻ്റെ  മണമുള്ള ബോക്സുകൾ കൊണ്ടു വന്നിരിക്കുന്നു. 
 
"നീയെന്താ കൊണ്ടുവന്നില്ലേ?" മാഷ് ചോദിച്ചു.
"അച്ഛൻ നാളെ വാങ്ങിത്തരുമെന്ന് പറഞ്ഞിട്ടുണ്ട്." (അതേ സ്കൂളിലെ യു.പി സെക്ഷൻ അധ്യാപകനാണ് അച്ഛൻ)
കുറച്ച് കഴിഞ്ഞപ്പോൾ സ്റ്റോറിൻ്റെ ചുമതലയുള്ള  രാഘവൻ മാഷ് വിളിപ്പിച്ചു. പോയപ്പോൾ അച്ഛനുമുണ്ട് അവിടെ സ്റ്റോറിൽ. 

"നിനക്ക് ഇഷ്ടമുള്ള ഇൻസ്ട്രുമെന്റ് ബോക്സ് വാങ്ങിച്ചോ" അച്ഛൻ പറഞ്ഞു. ഏറ്റവും വില കുറഞ്ഞ Wooden Scale ഒക്കെയുള്ള മണമൊന്നുമില്ലാത്ത ഒരു ചെറിയ ബോക്സ് ഇഷ്ടായി എന്നും പറഞ്ഞ് ഞാൻ എടുത്തു. അന്ന് രാത്രി വീട്ടിലെത്തിയ അച്ഛൻ എന്നെ ഒന്ന് തലോടിക്കൊണ്ട് ചോദിച്ചു.
    
"അച്ഛൻ്റെ  പൈസയുടെ വിഷമമോർത്തല്ലേ നീ ആ ബോക്സ് മതീന്ന് പറഞ്ഞത്?" കണ്ണീരടക്കാൻ കഴിയാതെ അച്ഛനോട് ചേർന്ന് നിന്ന് ഞാൻ എങ്ങനെയോ പറഞ്ഞു." അച്ഛന് കുറെ കടല്ലേ? അമ്മക്ക് വല്ലാത്ത സങ്കടാണ്. നമ്മളെങ്ങനെയാച്ഛാ ജീവിക്കുക?" ഞാൻ ശരിക്കും വല്ലാതെ കരഞ്ഞു പോയി. "അതെല്ലാം ശരിയാവും. നീ നല്ല മോനാ..." ന്ന് മാത്രം പറഞ്ഞു.

പിറ്റേന്ന് രാവിലെ അച്ഛൻ ഒരു കാര്യം എന്നെ ഏൽപ്പിച്ചു. ഉച്ചക്ക് ബെല്ലടിച്ച ഉടനെ ഭക്ഷണം കഴിക്കാൻ ഓടാതെ, അന്ന് ഭക്ഷണം കഴിക്കാൻ പോകാത്തവർ ആരൊക്കെയുണ്ടെന്നും ഉണ്ടെങ്കിൽ അതിൻ്റെ കാരണവും ചോദിച്ചറിയാൻ. അന്നങ്ങനെ ഞാൻ ആദ്യമായി അറിഞ്ഞു. വിശന്നിട്ടും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ഇല്ലാത്ത മൂന്നു പേരും, അഞ്ച് പൈസയുടെ വെല്ലക്കാപ്പി മാത്രം കുടിക്കുന്ന ഒരു കുട്ടിയും എൻ്റെ ക്ലാസ്സിൽ ഉണ്ടെന്ന്. അച്ഛനില്ലാത്തവർ, ഉണ്ടായിട്ടും അസുഖത്താൽ പണിക്ക് പോകാൻ കഴിയാത്തവർ. ഒരു നേരം മാത്രം ഭക്ഷണം കഴിക്കാൻ വിധിക്കപ്പെട്ടവർ.
അച്ഛനോട് എല്ലാം പറഞ്ഞു.

അന്ന് ഒന്നിച്ച് ഇരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങുന്നതിന് മുമ്പ് അച്ഛൻ ഞങ്ങൾ മൂന്ന് പേരോടുമായി പറഞ്ഞു. നമ്മളൊക്കെ മഹാ ഭാഗ്യവാൻമാരാണ്. മൂന്നുനേരം ഒരു കുറവുമില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുന്നുണ്ടല്ലോ? കഷ്ടതയും വിഷമവും വരുമ്പോൾ ഇടക്കിങ്ങനെ ഒന്ന് ചുറ്റും നോക്കിയാൽ മതി. നമ്മൾ എത്രമാത്രം ഭാഗ്യവാൻമാരെന്ന് അപ്പോൾ മനസ്സിലാകും" എന്ന്.

അച്ഛൻ എനിക്ക് ഒരു പുസ്തകമായിരുന്നു. അതിലെ ഒരു പാഠഭാഗം ഇവിടെ പറഞ്ഞു എന്ന് മാത്രം. 

Latest Videos
Follow Us:
Download App:
  • android
  • ios