മൂന്നാഴ്ചയ്ക്കുള്ളില്‍ നാലുപേരെ പുലി പിടിച്ചു, ഒരേ പുലി തന്നെയാണ് വിവിധ സ്ഥലങ്ങളില്‍ ആക്രമണം നടത്തുന്നതെന്ന് സംശയം

പുലിപ്പേടിയില്‍ കഴിയുകയാണ് ജാര്‍ഖണ്ഡിലെ ഗഢ്‌വ വനം ഡിവിഷനിലെ ഗ്രാമങ്ങള്‍. മൂന്നാഴ്ചക്കിടയില്‍ നാലു പേരെയാണ് ഇവിടെ പുലി ആക്രമിച്ചു കൊന്നത്. ഒരേ പുലി തന്നെയാണ് ഈ ആക്രമണം നടത്തുന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിഗമനം. ഈ പുലിയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോള്‍ ഡിവിഷനല്‍ ഫോസ്റ്റ് ഓഫീസ് അധികൃതര്‍. 

ഏറ്റവുമൊടുവില്‍ ഇന്നലെയാണ്, 20 വയസ്സുകാരനായ യുവാവിനെ പുലി ആ്രകമിച്ചു കൊന്നത്. ഹരീന്ദ്ര നായിക്ക് എന്ന ചെറുപ്പക്കാരന്‍ നടന്നു പോവുന്ന വഴിക്കാണ് പുലി ആക്രമിച്ചത്. രാംകുന്ദ മേഖലയിലെ കുഷ്‌വാഹായിലെ അമ്മാവന്റെ വീട്ടില്‍നിന്നും സ്വന്തം വീട്ടിലേക്ക് മടങ്ങുന്ന വഴിക്കായിരുന്നു ആക്രമണം. സന്ധ്യയ്ക്ക് ആറര മണിക്കാണ് യുവാവിന്റെ നേരെ പുലി ചാടി വീണത്. കഴുത്തിനു നേരെയായിരുന്നു ആ്രകമണമെന്നും തല്‍ക്ഷണം തന്നെ യുവാവ് മരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണശേഷം ഇരയെ കടിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോവാന്‍ പുലി ്രശമിച്ചുവെന്നും അവര്‍ പറഞ്ഞു. 

മൂന്നാഴ്ചയ്ക്കുള്ളില്‍ നാലു പേരാണ് ഈ മേഖലയില്‍ പുലിയുടെ ആ്രകമണത്തിന് ഇരയായത്. ഡിസംബര്‍ പത്തിനായിരുന്നു ഇവിടെ ആദ്യ ആക്രമണമുണ്ടായത്. ബര്‍വാദി ബ്ലോക്കില്‍ പെട്ട ചിപാദോഹര്‍ ഗ്രാമത്തിലായിരുന്നു അന്ന് പുലിയുടെ ആ്രകമണം. 12 വയസ്സുള്ള പെണ്‍കുട്ടിയാണ് അന്ന് പുലിയുടെ ഇരയായത്. പുലി കുട്ടിയെ കടിച്ചു തിന്നുകയായിരുന്നു. നാലു ദിവസങ്ങള്‍ക്കു ശേഷം ഡിസംബര്‍ 14-ന് അടുത്ത ആ്രകമണം നടന്നു. ആറു വയസ്സുള്ള പെണ്‍കുട്ടിയായിരുന്നു ഇത്തവണ ഇര. ബന്ദാരിയാ ബ്ലോക്കിലെ റോഡോ ഗ്രാമത്തില്‍ താമസിക്കുന്ന കുട്ടി പശുക്കള്‍ക്ക് പുല്ലരിയാന്‍ വന്നപ്പോഴായിരുന്നു പുലി ചാടിവീണത്. അതു കഴിഞ്ഞ് അഞ്ച് ദിവസങ്ങള്‍ക്കു ശേഷം ഡിസംബര്‍ 19-ന് വീണ്ടും പുലിയുടെ ആക്രമണമുണ്ടായി. ഇത്തവണ മറ്റൊരു ആറു വയസ്സുകാരിയാണ് ആക്രമണത്തിന് ഇരയായത്. രാന്‍ക ബ്ലോക്കിലെ സവാദി ഗ്രാമത്തിലായിരുന്നു ഈ ആ്രകമണം നടന്നത്. അതു കഴിഞ്ഞ് 10 ദിവസങ്ങള്‍ക്കു ശേഷമാണ്, ഇന്നലെ വീണ്ടും ആക്രമണമുണ്ടായത്. 

ഒരേ പുലി തന്നെയാണ് ഗര്‍ഹാ ഡിവിഷനിലെ വിവിധ സ്ഥലങ്ങളില്‍ നടന്ന ആക്രമണങ്ങള്‍ക്കു പിന്നിലെന്നാണ് വനംവകുപ്പ് അധികൃതര്‍ സംശയിക്കുന്നത്. ഈ പുലിയെ 'നരഭോജി' ഇനത്തില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് അധികൃതര്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇനി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി കിട്ടിയാലേ ഈ പ്രഖ്യാപനമുണ്ടാവൂ. 

ഈ പുലിയെ കണ്ടെത്തുന്നതിനായി മേഖലയിലാകെ കാട്ടില്‍ ഡ്രോണ്‍ വഴി നിരീക്ഷണം നടത്തുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. എന്നാല്‍, പുലി ഇതുവരെ ക്യാമറക്കണ്ണുകളില്‍ പതിഞ്ഞിട്ടില്ല. പുലിയെ അടക്കുന്നതിനായി മൂന്ന് കൂടുകള്‍ ഇവിടെ തയ്യാറാക്കി വെച്ചിട്ടുണ്ട്. സന്ധ്യ കഴിഞ്ഞാല്‍ ആളുകള്‍ ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്ന് വനം വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ നിര്‍ദേശം അനുസരിക്കാന്‍ ആളുകള്‍ തയ്യാറാവുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.