Asianet News MalayalamAsianet News Malayalam

Joe O'Donnell photo Nagasaki : യുദ്ധത്തെ വാഴ്ത്തുന്നവർ ഈ ബാലനെ മറന്നുപോകരുത്! ലോകത്തെ കണ്ണീരണിയിച്ച ചിത്രവും!

പത്തു വയസ്സോളം പ്രായമുള്ള ഒരു ആൺകുട്ടി നടന്നു പോകുന്നത് ഞാൻ കണ്ടു. അവൻ ഒരു കുഞ്ഞിനെ പുറകിൽ കെട്ടി വച്ചിരുന്നു. ജപ്പാനിൽ അക്കാലത്ത്, കുട്ടികൾ അവരുടെ ഇളയ സഹോദരന്മാരെ പുറകിൽ ചുമന്ന് കളിക്കുന്നത് സാധാരണമാണ്. എന്നാൽ ഈ ആൺകുട്ടി അതിൽ നിന്ന് വ്യത്യസ്തനായിരുന്നു. 

Joe O Donnells photo from Nagasaki viral again
Author
Thiruvananthapuram, First Published Feb 28, 2022, 12:17 PM IST

ചരിത്രം രേഖപ്പെടുത്തും പോലെ യുദ്ധമെന്നാൽ പിടിച്ചടക്കലിന്റെയും, വിജയത്തിന്റെ മാത്രം കഥകളല്ല. അതിനുമപ്പുറം അനാഥത്വത്തിന്റെ, കണ്ണുനീരിന്റെ നിസ്സഹായതയുടെ കരളലിയിപ്പിക്കുന്ന കാഴ്ചകളാണ്. ഓരോ യുദ്ധവും ബാക്കിവയ്ക്കുന്നത് പട്ടിണിയുടെയും, മരണത്തിന്റെയും, ഒറ്റപ്പെടലിന്റെയും മായ്ക്കാനാവാത്ത മുറിപ്പാടുകളാണ്. അത്തരത്തിൽ ലോകത്തെ നടുക്കിയ രണ്ട് വലിയ ദുരന്തങ്ങളായിരുന്നു രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനത്തിൽ നടന്ന ഹിരോഷിമ, നാഗസാക്കി(Hiroshima and Nagasaki) അണുബോംബാക്രമണം. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ഓഗസ്റ്റ് 6 -ന് യുഎസ് ആദ്യത്തെ അണുബോംബ് ഹിരോഷിമയിലേക്കും, രണ്ടാമത്തേത് ഓഗസ്റ്റ് 9 -ന് നാഗസാക്കിയിലേക്കും വിക്ഷേപിച്ചു.

പൊട്ടിത്തെറിയെ തുടർന്ന്, വെന്തുരുകിയ മനുഷ്യശരീരങ്ങൾ തെരുവുകൾ തോറും ചിതറി കിടന്നു. പച്ചമാംസം കരിയുന്ന അസഹനീയമായ ഗന്ധവും, കാതിൽ തുളച്ചു കയറുന്ന പിഞ്ചുകുഞ്ഞുങ്ങളുടെ നിലവിളിയും, നിസ്സാഹായതയും ഇന്നും മറക്കാനാവാത്ത ഓർമ്മകളാണ്. ആ യുദ്ധമുഖത്തിൽ നിന്നുള്ള ഒരു ചിത്രം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വീണ്ടും വൈറലാവുകയാണ്. ആ ചിത്രം എടുത്തത് ഒരു അമേരിക്കൻ സൈനിക ഫോട്ടോഗ്രാഫറായ ജോ ഓ'ഡോണലാണ്(Joe O'Donnell). ചിത്രത്തിന് പിന്നിൽ തീർത്തും വേദനിപ്പിക്കുന്ന ഒരു കഥയാണുള്ളത്. ജപ്പാൻ കീഴടങ്ങിയതിന് ശേഷം, ഹിരോഷിമയുടെയും നാഗസാക്കിയുടെയും അനന്തരഫലങ്ങൾ രേഖപ്പെടുത്താൻ യുഎസ് സൈന്യം അവിടേയ്ക്ക് ഒരു ഫോട്ടോഗ്രാഫറെ അയച്ചു. അത് ജോ ഒ ഡോണൽ ആയിരുന്നു. അണുബോംബുകൾ മൂലമുണ്ടായ നാശനഷ്ടങ്ങൾ ചിത്രങ്ങളാക്കാൻ ജോ ഏഴ് മാസത്തോളം ഈ രണ്ട് നഗരങ്ങളിലും ചുറ്റി നടന്നു. ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് അദ്ദേഹം നിരാശയോടെ മനസ്സിലാക്കി.  

ആ ഏഴു മാസങ്ങളിൽ താൻ കണ്ടത് ഇതുവരെ ഒരു മനുഷ്യനും സാക്ഷ്യം വഹിക്കാത്ത വേദനയുടെയും കഷ്ടപ്പാടിന്റെയും ചിത്രങ്ങളാണ് എന്ന് ജോ വിവരിച്ചു. ആണവ സ്ഫോടനത്തിൽ തകർന്ന കെട്ടിടങ്ങൾ, അവശിഷ്ടങ്ങളിൽ നിന്ന് കണ്ടെടുത്ത മൃതദേഹങ്ങൾ എന്നിങ്ങനെ നിരവധി ഫോട്ടോകൾ അദ്ദേഹം എടുത്തു. മരിച്ചവരുടെയും, പരിക്കേറ്റവരുടെയും, ഭവനരഹിതരുടെയും, അനാഥരുടെയും ദുരവസ്ഥ വെളിപ്പെടുത്തുന്ന ചിത്രങ്ങളായിരുന്നു അവ. എന്നാൽ, ഫോട്ടോകളുടെ ആ ശേഖരത്തിൽ നിന്ന് ഒരു ചിത്രം മാത്രം ലോകമെമ്പാടും പ്രത്യേക ശ്രദ്ധ നേടുകയുണ്ടായി.  

അജ്ഞാതനായ ഒരു ആൺകുട്ടിയുടേതായിരുന്നു ആ ചിത്രം. അണുബോംബിനെത്തുടർന്ന് നശിച്ച നാഗസാക്കി നഗരത്തിലായിരുന്നു ആ ബാലൻ ഉണ്ടായിരുന്നത്. അവന്റെ അനിയൻ അണുബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇളയ സഹോദരന്റെ ചേതനയറ്റ ശരീരം മുതുകിൽ ചുമന്ന് കൊണ്ട് ശ്മശാനത്തിലേയ്ക്കുള്ള വരിയിൽ കാത്ത് നിൽക്കുന്ന അവന്റെ ചിത്രം വേദനിപ്പിക്കുന്നതാണ്. അനിയന്റെ ശവസംസ്കാരത്തിനായി ഊഴം കാത്ത് നിൽക്കുമ്പോൾ അവന്റെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണുനീർ പോലും പൊഴിയുന്നില്ല. പക്ഷേ ധൈര്യം ചോരാതിരിക്കാൻ അവൻ തന്റെ ചുണ്ടുകൾ ബലമായി കടിച്ച് പിടിക്കുന്നത് അതിൽ കാണാം.  

വർഷങ്ങൾക്ക് ശേഷം ഫോട്ടോഗ്രാഫർ ജോ ഒ ഡോണൽ ഒരു അഭിമുഖത്തിൽ ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചു:

“പത്തു വയസ്സോളം പ്രായമുള്ള ഒരു ആൺകുട്ടി നടന്നു പോകുന്നത് ഞാൻ കണ്ടു. അവൻ ഒരു കുഞ്ഞിനെ പുറകിൽ കെട്ടി വച്ചിരുന്നു. ജപ്പാനിൽ അക്കാലത്ത്, കുട്ടികൾ അവരുടെ ഇളയ സഹോദരന്മാരെ പുറകിൽ ചുമന്ന് കളിക്കുന്നത് സാധാരണമാണ്. എന്നാൽ ഈ ആൺകുട്ടി അതിൽ നിന്ന് വ്യത്യസ്തനായിരുന്നു. അവൻ ഈ സ്ഥലത്ത് വന്നത് മറ്റൊരു കാരണത്താലാണെന്ന് എനിക്ക് തോന്നി. അവൻ ചെരിപ്പ് ധരിച്ചിരുന്നില്ല. അവന്റെ മുഖം കഠിനമായിരുന്നു. ഗാഢനിദ്രയിലാണെന്ന പോലെ ചെറുതായൊന്ന് തല പിന്നിലേക്ക് ചരിച്ചായിരുന്നു കുഞ്ഞിന്റെ കിടപ്പ്. കുഞ്ഞിനെയും ചുമന്ന് അവൻ അഞ്ചോ പത്തോ മിനിറ്റ് നേരം അവിടെ നിന്നു. തുടർന്ന്, വെളുത്ത മുഖംമൂടി ധരിച്ച ആളുകൾ അവന്റെ അടുത്തേക്ക് നടന്നു വന്നു. നിശബ്ദമായി അവന്റെ മുതുകിൽ നിന്ന് കുഞ്ഞിനെ അഴിക്കാൻ തുടങ്ങി. അപ്പോഴാണ് കുഞ്ഞ് മരിച്ചുവെന്ന് എനിക്ക് ഉറപ്പായത്. പതിയെ അവർ കുഞ്ഞിന്റെ മൃതദേഹം തീയിൽ വെച്ചു. അനിയനെ തീജ്വാലകൾ വിഴുങ്ങുന്നത് നോക്കി അവൻ അതിനടുത്ത് അനങ്ങാതെ നിന്നു. രക്തം പൊടിയാൻ  മാത്രം ശക്തിയിൽ അവൻ കീഴ്ചുണ്ട് കടിച്ചു കൊണ്ടിരുന്നു. കുറെ കഴിഞ്ഞപ്പോൾ, സൂര്യൻ അസ്തമിക്കുന്നതുപോലെ തീജ്വാല കുറഞ്ഞു വന്നു. ഒടുവിൽ അനിയന്റെ മൃതദേഹം ഒരു പിടി ചാരമായി തീർന്നപ്പോൾ, ഒന്നും മിണ്ടാതെ അവൻ  തിരിഞ്ഞു നടന്നു."

സ്വന്തം വീടും കുടുംബാംഗങ്ങളും എല്ലാം നഷ്ടപ്പെട്ട അവന്റെ ആ ചിത്രം അത്യന്തം വൈകാരികമാണ്. അവന്റെ പേരോ, മറ്റ് വിവരങ്ങളോ ആർക്കും അറിയില്ല. പക്ഷേ, ആ ഫോട്ടോ ആണവയുദ്ധത്തിൽ മനുഷ്യൻ അനുഭവിക്കുന്ന ദുരന്തത്തിന്റെ പ്രതീകമായി മാറുന്നു. കാലം കടന്നു പോയിട്ടും, അതിന്റെ തീവ്രതയും, പ്രസക്തിയും ഇന്നും കുറയാതെ നിൽക്കുന്നു. 

Follow Us:
Download App:
  • android
  • ios