കോട്ടയത്ത് രണ്ടില വിടർന്നിരിക്കുകയാണ്. രണ്ടില തന്നെയാണ് മാണിയുടെ കേരളാ കോൺഗ്രസ് എന്ന് ജനങ്ങൾ കൂടി വിധിയെഴുതുന്ന കാഴ്ചയാണ് ഈ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തോടെ നമ്മൾ കാണുന്നത്. ജോസ് കെ മാണിയുടെ  മുന്നണിപ്രവേശം ഇടതുപക്ഷത്തിന് വലിയ ഗുണമായി എന്ന് തെളിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ച്, കഴിഞ്ഞ 68 വർഷത്തിനിടെ ഒരിക്കൽ പോലും എൽഡിഎഫിന് പിടിക്കാൻ പറ്റാതിരുന്ന പാലാ മുനിസിപ്പാലിറ്റിയിൽ ജോസ് കെ മാണിയുടെ സഹായത്തോടെ  വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്  ഇടതുമുന്നണി ഇക്കുറി. 26 വാർഡുള്ള പാലാ നഗരസഭയിൽ മത്സരിച്ച 13 സീറ്റിൽ 11 -ലും ജോസ് മാണിയുടെ കേരള കോൺഗ്രസ് (എം) വിജയിച്ചു. പിജെ ജോസഫ് വിഭാഗത്തിന് ഇത്തവണ അവിടെ വെറും മൂന്നു സീറ്റിൽ ഒതുങ്ങേണ്ടി വന്നു. കെ.എം. മാണിയുടെ മുൻ വിശ്വസ്തനും മുൻ നഗരസഭ അധ്യക്ഷനുമായ കുര്യാക്കോസ് പടവന്റെ നേതൃത്വത്തിൽ ശക്തമായ മത്സരമാണ് യുഡിഎഫ് നടത്തിയത്. കോൺഗ്രസ് തങ്ങളുടെ നില ഒരല്പം മെച്ചപ്പെടുത്തി എങ്കിലും, ജോസ് കെ മാണിയെ തറപറ്റിക്കും എന്ന് കരുതിയ പിജെ ജോസഫ് വിഭാഗം തോറ്റമ്പുന്ന കാഴ്ചയാണ് ഈ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഫലം വന്ന വേളയിൽ നമ്മൾ കാണുന്നത്. 

അന്തിമഫലം വന്നപ്പോൾ പാലാ മുനിസിപ്പാലിറ്റിയിലെ സീറ്റുനില ഇങ്ങനെ.

 

 
 
 കഴിഞ്ഞ വർഷം കെ.എം. മാണിയുടെ മരണ ശേഷം നടന്ന പാലാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് ജോസ് കെ മാണി പക്ഷത്തിനു ഏറെ ക്ഷീണം ഉണ്ടാക്കിയ ഒന്നായിരുന്നു. അതിനും ഏറെക്കുറെ ഒരു ചുട്ട മറുപടി ഈ തദ്ദേശതിരഞ്ഞെടുപ്പിൽ നൽകാൻ അവർക്കായി. 
ഇതിനു പുറമെ കോട്ടയം ജില്ലാ പഞ്ചായത്തിലും ഇടതുമുന്നണിയുടെ നില മെച്ചപ്പെടുത്താൻ ജോസ് കെ മാണിയുടെ സഹായം കൊണ്ട് എൽഡിഎഫിന് സാധിച്ചു. എല്ലാക്കാലവും യുഡിഎഫിന്റെ പരമ്പരാഗത കോട്ടയായിരുന്ന കോട്ടയം ജില്ലാ പഞ്ചായത്ത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജോസ് കെ മാണി മറുപക്ഷത്തേക്ക് കളം മാറ്റിച്ചവിട്ടിയതും തെരഞ്ഞെടുപ്പുഫലത്തെ ഏറെ നിർണായകമാം വിധം സ്വാധീനിച്ചതും, ഇനിമേൽ കോട്ടയം ഒരു ഇടതുകോട്ട എന്ന വിശേഷണത്തിലേക്കാവും ഒരു പക്ഷേ ഇവിടത്തെ രാഷ്ട്രീയ നിരീക്ഷണങ്ങളെ മാറ്റിയെഴുതുക. 
 
കോട്ടയം ജില്ലയിലെ മുനിസിപ്പാലിറ്റികളിലും, ബ്ലോക്ക് പഞ്ചായത്തുകളിലും, ഗ്രാമ പഞ്ചായത്തുകളിലും ഒക്കെ യൂഡിഎഫിനോട് കട്ടയ്ക്കു കട്ട പോരാടി ജയിക്കാൻ എൽഡിഎഫിനെ സഹായിച്ചത് ജോസ് കെ മാണി എന്ന ജനപ്രിയന്റെ സാന്നിധ്യം തന്നെയാണ്.  കോട്ടയം ജില്ലാ പഞ്ചായത്തിന്റെ പേരിൽ തുടങ്ങിയ തർക്കങ്ങളാണ് സത്യത്തിൽ ജോസ് കെ മാണി യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് പോകുന്ന ഒരു സാഹചര്യമുണ്ടാക്കിയത്. അതെ കോട്ടയം ജില്ലാ പഞ്ചായത്തിലെ ആകെ 22 സീറ്റിൽ പതിനാലിലും എൽഡിഎഫിന് വിജയിക്കാനായി. യുഡിഎഫിന് ഇവിടെ വെറും 7 സീറ്റുമാത്രമേ നേടാനായുള്ളൂ. 

ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിൽ പോലും യുഡിഎഫിന് കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നതും ശ്രദ്ധേയമായ ഒരു ജോസ് കെ മാണി എഫക്റ്റ് തന്നെയാണ്. ഇരുപത്തിയഞ്ചു വർഷത്തിന് ശേഷമാണ് അവിടെ എൽഡിഎഫ് ഭരണം പിടിക്കുന്നത്. എൽഡിഎഫിന് എട്ടംഗങ്ങളും, യുഡിഎഫിന് ഏഴുപേരും, ബിജെപിക്ക് മൂന്നംഗങ്ങളും ഉണ്ടാകുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ആകെ കണക്കെടുത്താലും, അവിടത്തെ എട്ടു ഗ്രാമപഞ്ചായത്തുകളിൽ ആരിലും യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടിരിക്കുകയാണ്. 

ജോസ് കെ മാണി വിഭാഗത്തെ ഒപ്പം കൂട്ടാനുള്ള തീരുമാനം ഇടത് മുന്നണിക്ക് വലിയ നേട്ടമാണ് മധ്യ കേരളത്തില്‍ സമ്മാനിച്ചത്. കോട്ടയത്തിനു പുറമേ, പത്തനംതിട്ട ഇടുക്കി ജില്ലകളില്‍ യുഡിഎഫിനെ ദുര്‍ബലപ്പെടുത്താനും ജോസ് കെ മാണി വിഭാഗത്തിനായി. എറണാകുളം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ഇടതു മുന്നേറ്റവും ജോസ് കെ മാണിയുടെ അക്കൗണ്ടിലാണ്. ജോസ് - ജോസഫ് വിഭഗങ്ങള്‍ പരസ്പരം  മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും ജയിച്ചുകയറാനായി എന്നതും ജോസിന് നേട്ടമായി. ജോസഫിനായി ജോസിനെ കൈവിട്ടത് തെറ്റായെന്ന് കോണ്‍ഗ്രസിനെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. മിന്നും വിജയത്തോടെ ഇടതു മുന്നണിക്കുള്ളിലെ വിമര്‍ശകരുടെ നാവടപ്പിക്കാനും ജോസ് കെ മാണിക്കാകും. നിയമസഭ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റിനായി വില പേശാന്‍ ജോസ് കെ മാണിക്ക് ്കരുത്ത് നല്‍കുന്നതു കൂടിയാണ് തെരഞ്ഞെടുപ്പ് ഫലം. ജോസിലൂടെയുള്ള പരീക്ഷണം വിജയിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് കൂടുതല്‍ ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളും സിപിഎം ശക്തമാക്കാനാണ് സാധ്യത

ജോസ് കെ മാണി കൂടെയുണ്ടായത് ശക്തിയായി എങ്കിലും, തങ്ങൾ കോട്ടയത്ത് നടത്തിയ പ്രചാരണപ്രവർത്തനങ്ങളുടെ ഗുണം കൂടിയാണ് ഈ അനുകൂലഫലങ്ങളിൽ പ്രതിഫലിക്കുന്നത് എന്നാണ് എൽഡിഎഫ് എടുത്തു പറയുന്നത്. വരും ദിവസങ്ങളിൽ ഏതൊക്കെ പഞ്ചായത്തുകളിൽ ആരൊക്കെ അധ്യക്ഷന്മാരാകും എന്നത് സംബന്ധിച്ച വിശദമായ ചർച്ചകൾക്ക് കോട്ടയം ജില്ല സാക്ഷ്യം വഹിക്കും. ആ ചർച്ചകളിലൂടെ ഉടലെടുക്കുന്ന തീരുമാനങ്ങളുടെ ഗതി നിർണയിക്കുന്നതിൽ ചെറുതല്ലാത്ത ഒരു പങ്ക്, ജില്ലയിലെ സാധാരണക്കാരായ വോട്ടർമാർക്കിടയിൽ തനിക്കുള്ള സ്വാധീനശക്തി സംശയാതീതമാം വിധം തെളിയിച്ച ജോസ് കെ മാണിക്ക് ഉണ്ടാകും എന്നകാര്യത്തിൽ ഒരു തർക്കവുമില്ല.