കറുത്ത കോട്ട്, കറുത്ത ഗൗൺ, വെള്ള ഷർട്ട്. ആകെ മൊത്തം യൂണിഫോമുകളുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ജീവിതമാണ് നമ്മുടെയൊക്കെ കോടതി മുറികൾ. എന്നാൽ യുകെയിലെ കോടതികൾ കുറേക്കൂടി വർണ്ണശബളമാണ് എന്നാണ് കേട്ടിട്ടുള്ളത്. ബ്രിട്ടീഷ് പാർലമെന്റിനെ അഞ്ചാഴ്ചത്തേക്ക് സസ്‌പെൻഡ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നൊരു വിധി അടുത്തിടെ യുകെ സുപ്രീം കോടതി പുറപ്പെടുവിച്ചിരുന്നു. ആ വിധി പ്രസ്താവിച്ച  ലേഡി ഹേൽ എന്നറിയപ്പെടുന്ന ജഡ്ജ്  ബ്രെൻഡ ഹേൽ യുകെ സുപ്രീം കോടതിയുടെ പ്രസിഡന്റാണ്. 

അവരാണ് യുകെയിലെ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിട്ടുള്ളത്. വിധി പുറപ്പെടുവിക്കാൻ വേണ്ടി സുപ്രീം കോടതിയിലെത്തിയ ദിവസം അവർ ധരിച്ചിരുന്ന വസ്ത്രമാണ് അവരിലേക്ക് പ്രധാനമായും  ശ്രദ്ധ ആകർഷിച്ചത്. കറുത്ത നിറത്തിലുള്ള മേൽക്കുപ്പായത്തിന്മേൽ അവർ ധരിച്ചിരുന്ന എട്ടുകാലിയുടെ ആകൃതിയിലുള്ള പതക്കം എല്ലാവരും തന്നെ ശ്രദ്ധിച്ചു. അതോടെ മാധ്യമങ്ങൾ ഒന്നടങ്കം അവരുടെ പഴയ ഫയൽ ചിത്രങ്ങൾ പരതാൻ തുടങ്ങി. അപ്പോഴാണ് വൈവിധ്യമുള്ള പതക്കങ്ങള്‍ ധരിച്ചുകൊണ്ട് വിധിപ്രസ്താവങ്ങൾ നടത്തുക എന്നത് ജസ്റ്റിസ് ലേഡി ഹേലിന്റെ പതിവാണ് എന്നത് വെളിപ്പെട്ടത്. 

സുദീർഘമായ അഭിഭാഷകജീവിതത്തിനു ശേഷം 2009 -ലാണ് ലേഡി ഹേൽ സുപ്രീം കോടതിയിൽ ജഡ്ജായി നിയമിക്കപ്പെടുന്നത്. 2017 -ൽ എലിസബത്ത് രാജ്ഞി ലേഡി ഹേലിനെ സുപ്രീം കോടതിയുടെ പ്രസിഡന്റായി ഉയർത്തിയതോടെ അത് ചരിത്രം കുറിക്കുന്ന ഒരു നടപടിയായി. യുകെയിലെ ആദ്യത്തെ വനിതാ സുപ്രീം കോടതി പ്രസിഡന്റ്. നമ്മുടെ ചീഫ് ജസ്റ്റിസ് പദവിക്ക് തുല്യമാണ് ബ്രിട്ടനിൽ പ്രസിഡന്റ് എന്ന പദവി. പാർലമെന്റിൽ കൃത്യമായ സമവായമില്ലാതെ യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പുറത്തുപോകാനുള്ള തീരുമാനമെടുക്കാൻ അന്നത്തെ പ്രധാനമന്ത്രി തെരേസാ മേക്ക് അധികാരമില്ല എന്നുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചതോടെത്തന്നെ ലേഡി ഹേൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇന്നിപ്പോൾ ഏറ്റവും പുതിയ വിധിയിലൂടെ അത് ഒന്നുകൂടി ഊട്ടിയുറപ്പിച്ചിരിക്കുന്നു അവർ. 

ജുഡീഷ്യറിയിൽ നിലനിൽക്കുന്ന ലിംഗവിവേചനത്തിനെതിരെയുള്ള നിരന്തരമായ പോരാട്ടങ്ങളുടെ പേരിൽ  ലേഡി ഹേൽ കഴിഞ്ഞ കുറേക്കാലമായി ബ്രിട്ടനിലെ ഒരു ഫെമിനിസ്റ്റ് ഐക്കൺ കൂടിയാണ്. ആകെ മൂന്നു സ്ത്രീ ജഡ്‌ജുകളേ ബ്രിട്ടന്റെ സുപ്രീം കോടതിയിൽ നിലവിൽ ഉള്ളൂ. പന്ത്രണ്ടു ജഡ്ജിമാരാണ് ആകെ കോടതിയിലുള്ളത്. ജനങ്ങളുടെ ജീവിത സംഘർഷങ്ങളുടെ കാര്യത്തിൽ നിർണായകമായ തീരുമാനങ്ങളെടുക്കുന്ന സുപ്രീം കോടതി പോലുള്ള ഇടങ്ങളിൽ ലിംഗാനുപാതത്തിലുള്ള പ്രാതിനിധ്യം വേണമെന്ന് അവർ എന്നും വാദിച്ചുപോന്നിട്ടുണ്ട്. 

 ലേഡി ഹേൽ ഇടം പിടിച്ച ആദ്യത്തെ പുരുഷാധികാര ഇടമല്ല സുപ്രീം കോടതി. ഇതിനു മുമ്പ് 1984-ൽ നിയമ പരിഷ്‌ക്കാരങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ലോ കമ്മീഷനിൽ അവർ അംഗമായിരുന്നു. ലോ കമ്മീഷന്റെ ചരിത്രത്തിലെ ആദ്യ വനിതാ അംഗം. 1989 ലെ ചിൽഡ്രൻ ആക്റ്റ് പോലുള്ള നിർണ്ണായകമായ നിയമപരിഷ്കരണങ്ങളിൽ അവർക്ക് കാര്യമായ പങ്കുണ്ട്.  കുട്ടികളെ സംബന്ധിച്ച ഏതൊരു കോടതി വ്യവഹാരത്തിലും അവരുടെ അഭ്യുദയത്തിനാണ് പ്രഥമപരിഗണന നൽകേണ്ടത് എന്ന മർമ്മപ്രധാനമായ നിർദ്ദേശം മുന്നോട്ടുവെച്ചത് ലേഡി ഹേൽ ആയിരുന്നു. 

ബ്രിട്ടനിലെ ബാരിസ്റ്റർമാർക്കും ജഡ്‌ജിമാർക്കും പണ്ട് വിഗ്ഗുകൾ ധരിക്കണം എന്നുള്ള ചട്ടമുണ്ടായിരുന്നു. അതിനെതിരെ പോരാട്ടങ്ങൾ നടത്തി അത് എടുത്തുകളഞ്ഞത് ലേഡി ഹേലിന്റെ നേതൃത്വത്തിലാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലും തുടരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ ആചാരം എന്നാണ് അവർ എന്നതിനെ വിളിച്ചത്. ധരിക്കാൻ നിർബന്ധിക്കപ്പെട്ടിരുന്നത് പുരുഷന്മാർക്കുള്ള വിഗ്ഗുകളാണ് എന്നതായിരുന്നു ലേഡി ഹേലിനെ ആ നിബന്ധനയ്ക്ക് എതിരെ പോരാടാൻ പ്രേരിപ്പിച്ചത്. 

നീതിന്യായ രംഗത്തെ മികവിന് പുറമെ മികച്ചൊരു പാചകവിദഗ്ദ്ധ കൂടിയാണ് ലേഡി ഹേൽ. ബിബിസിയിലെ പ്രസിദ്ധമായ പാചകമത്സരമായ 'മാസ്റ്റർ ഷെഫ്' പരിപാടിയുടെ ചീഫ് ജഡ്ജും ആയിരുന്നു ഒരിക്കൽ അവർ. ഇപ്പോൾ തന്റെ പതക്കങ്ങളുടെ പേരിൽ ഒരു  ഫാഷൻ സിംബൽ കൂടി ആയിരിക്കുകയാണ്. പല ഫാഷൻ ഔട്ട്ലെറ്റുകളും അവരുടെ പതക്കങ്ങൾ പ്രിന്റുചെയ്തുകൊണ്ടുള്ള റ്റീഷർട്ടുകളും ടോപ്പുകളും മറ്റും ഇറക്കാൻ തുടങ്ങിയിട്ടുണ്ട്. ലേഡി ഹേൽ ധരിച്ചുവരുന്ന പതക്കങ്ങൾ പുറപ്പെടുവിക്കാനിരിക്കുന്ന വിധിയുടെ സൂചകങ്ങൾ കൂടിയാണോ എന്നും ചിലർ ട്വീറ്റുകളിലൂടെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

 

ഈ വർഷത്തിൻറെ അവസാനത്തോടെ, തന്റെ എഴുപത്തഞ്ചാമത്തെ വയസ്സിൽ  ലേഡി ഹേൽ വിരമിക്കാൻ പോവുന്നത് അവരുടെ ഫാൻസിന് വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ്. എന്തായാലും, ബ്രിട്ടീഷ് ജനതയ്ക്ക് നീതിന്യായവ്യവസ്ഥയിൽ വിശ്വാസം കെടാതെ കാത്തുകൊണ്ടുള്ള ഈ മർമ്മപ്രധാനമായ വിധിപ്രസ്താവം പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ബ്രെക്സിറ്റ്‌ പരിശ്രമങ്ങൾക്ക് മുന്നിൽ ഒരു കീറാമുട്ടിയായി അവശേഷിക്കുമെന്ന് ഉറപ്പാണ്.