അർദ്ധനഗ്നനായ ഗാന്ധിയെക്കാൾ ഇഷ്ടം കോട്ടിട്ട അംബേദ്കറെയാണ്. സാമൂഹിക നീതിക്കായ് എടുക്കുന്ന രാഷ്ട്രീയ നിലപാടുകളും അത് നടപ്പിലാക്കാനെടുക്കുന്ന പ്രയത്നങ്ങളുമല്ലേ ഒരു രാഷ്ട്രീയ പ്രവർത്തകന്റെ സാമൂഹിക ജീവിതത്തെ നിർണ്ണയിക്കുന്നത്. ആ രാഷ്ട്രീയ അടിത്തറയിൽ നിന്ന് നോക്കുന്നത് കൊണ്ടാണ് ഒറ്റമുണ്ട് വേഷ്ടിയുടുത്ത ഗാന്ധിയൻ ലാളിത്യവും രാഷ്ട്രീയവും മാറ്റിവെക്കേണ്ടുന്ന ഒന്നായി മാറുന്നത്.

വ്യക്തി ജീവിതത്തിൽ ആർക്കും എങ്ങനെയും ജീവിക്കാം. ലളിതമായോ ആർഭാടമായോ എങ്ങനെ വേണമെങ്കിലും ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ, അത് സമൂഹം ആഘോഷിക്കുന്ന ഒന്നായി തീരുന്നത് ആ സമൂഹത്തിനകത്ത് ആ ജീവിതം എന്തുതരം രാഷ്ട്രീയ ഉൾക്കാഴ്ചയാണ് നൽകുന്നത് എന്നത് സംബന്ധിച്ചിരിക്കും. കേവല വ്യക്തിയുടെ ലളിത ജീവിതമാണ് ആഘോഷിക്കപ്പെടേണ്ടതെങ്കിൽ എന്തുകൊണ്ടാണ് 'സി കെ ശശീന്ദ്രൻ എം എൽ എ' മാത്രം എന്നൊരു ചോദ്യം പ്രസക്തമായി വരുന്നില്ലേ? ഇവിടെയാണ്‌ കാതലായ വിഷയം കിടക്കുന്നത്. സി കെ ശശീന്ദ്രൻ 'വ്യക്തി' എന്ന നിലയിലല്ല ആഘോഷിക്കപ്പെടുന്നത്. അദ്ദേഹം ചെരുപ്പിടാത്ത, പാൽ കറക്കുന്ന, ഓട്ടോയിൽ പോകുന്ന, രാത്രിയിൽ അരിവാങ്ങി വരുന്ന ഒരു എം എൽ എയും സി പി എം സംസ്ഥാന നേതാവും സർവ്വോപരി ഒരു "കമ്മ്യൂണിസ്റ്റ്" കൂടി ആയതു കൊണ്ടാണ്. അതായത് അദ്ദേഹത്തിന്റെ സാമൂഹിക നിലയും സാമൂഹിക ബന്ധങ്ങളും പൊതുജീവിതവും ഇവിടെ നിർണ്ണായകമായി വരുന്നു. അങ്ങനെ നോക്കുമ്പോൾ സാമൂഹിക ക്രമത്തിനകത്തും പൊതുജീവിതത്തിനകത്തും അദ്ദേഹം എങ്ങനെ നിലനിൽക്കുന്നു എന്നത് മർമ്മ പ്രധാനമായ വിഷയമായി വരുന്നു.

ലളിത ജീവിതം, ലാളിത്യം എന്നത് പ്രിവിലേജ്‍ഡ് സമൂഹങ്ങൾക്കും, ഉന്നത ജാതി സമൂഹങ്ങൾക്കും, ഉയർന്ന ക്ലാസുകാർക്കും മാത്രം ബാധകമായി വരുന്ന കാര്യമാണ്. ജാതിയുടെ താഴെക്കിടയിൽ ഉള്ളവരെ സംബന്ധിച്ച് ഈ 'ലളിത ജീവിതവും' ഒറ്റമുറി വീടും ജീവിതവും കാർഷിക വൃത്തിയും കായിക അദ്ധ്വാനവും ( പൊതുവിൽ കൂലിപ്പണി ) അവരുടെ ജാതിയെയും സാമൂഹിക സ്ഥാനത്തേയും ( Social location ) പ്രതിഫലിപ്പിക്കുന്നത് ആണ്. അതിനർത്ഥം ഈ തൊഴിലുകൾ എല്ലാം മോശമാണെന്നല്ല. ചെയ്യുന്ന തൊഴിൽ അനുസരിച്ചു അംഗീകാരവും പദവിയും ലഭിക്കുന്ന ശ്രേണീകൃതമായ ഒരു അധികാര ബന്ധത്തിനകത്താണ് നാം ജീവിക്കുന്നത് എന്നതുകൊണ്ടാണ് അത് സംഭവിക്കുന്നത്. നമ്മുടെ സാമൂഹിക ജീവിതക്രമത്തിന്റെ, സാമൂഹിക നിർമ്മിതിയുടെ പ്രശ്നമായി വേണം അതിനെ മനസ്സിലാക്കാൻ.

നെൽകൃഷിയും കാർഷിക വ്യവസ്ഥയും ചുരുങ്ങുന്നതും വയലുകൾ ഇല്ലാതായി തുടങ്ങുന്നതും എൺപതുകളിലെ ഗൾഫ് / വിദേശ രൂപയുടെ കുത്തൊഴുക്കും ഭൂമി ഒരു നിക്ഷേപക വസ്തുവുമായി മാറുന്നതും കൊണ്ട് മാത്രമല്ല; മറിച്ച് കാർഷിക അടിമത്തത്തിൽ നിന്നും ജാതി തൊഴിലുകളിൽ നിന്നും പുലയരും പറയരും കുറവരും മാറിത്തുടങ്ങുന്നത് കൊണ്ട് കൂടിയാണ്. പഠിക്കാൻ കൊള്ളില്ലെങ്കിൽ പാടത്തു പണിയ്ക്ക് പോകെന്നും ചാണകം ചുമ്മാൻ പോകെന്നും പറയുന്ന ഒരു സംസ്കാരാമാണ് ഇവിടെ നിലനിൽക്കുന്നത്. അതായത് ജാതി തൊഴിലായി കൃഷിപ്പണി ചെയ്തിരുന്ന ഈ അടിസ്ഥാന സമൂഹം ഒന്നിനും കൊള്ളാത്തവർ ആണെന്ന് സാരം! ഇവിടെ നിന്നുള്ള രക്ഷപ്പെടൽ കൂടിയായിരുന്നു ദലിതർ കാർഷിക വൃത്തിയിൽ നിന്നും കാലി വളർത്തലിൽ നിന്നും അതിനേക്കാൾ അധ്വാനം വേണ്ടി വന്ന കോൺക്രീറ്റ്, പാറ, ഗൃഹനിർമ്മാണം ഉൾപ്പടെയുള്ള തൊഴിലുകളിലേക്കും സ്‌കിൽഡ് തൊഴിലുകൾക്കും പോയിത്തുടങ്ങുന്നത്. ചുരുക്കിപ്പറഞ്ഞാൽ ലളിത ജീവിതം ആദിവാസികളെയും ദളിതരെയും സംബന്ധിച്ച് അത്ര ലളിതമല്ല.

കൽപ്പറ്റ എം എൽ എയും മുൻ സി പി എം ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവുമായ സി കെ ശശീന്ദ്രന്റെ ലളിത ജീവിതവും പശുവളർത്തലും രാഷ്ട്രീയവും ഈ നിലയിൽ മനസ്സിലാക്കുന്നില്ലായെങ്കിൽ തീർച്ചയായും അദ്ദേഹം 'അതിലളിത വ്യക്തി'യായി നിങ്ങൾക്ക് വ്യാജ്യമായി തോന്നാം.

സമൂഹത്തിന്റെ താഴ്ത്തട്ടിൽ ജീവിക്കുന്ന ജനങ്ങളുമായി സി പി ഐ എമ്മിനു ബന്ധമില്ലാതായെന്നും, അവർ കോർപറേറ്റുകളുടെയും പണക്കാരുടെയും വർഗ്ഗപക്ഷത്തേക്ക് നീങ്ങിയെന്നും മുതലാളിത്തത്തിന്റെ നവലിബറൽ നയങ്ങൾ തന്നെയാണ് സി പി ഐ എമ്മും പിന്തുടരുന്നത്, അതുകൊണ്ട് സി കെ ശശീന്ദ്രൻ എന്ന 'കമ്മ്യുണിസ്റ്റ്' ആഘോഷിക്കപ്പെടണം എന്ന  നിഷ്‍പക്ഷ നിരീക്ഷകരുടെയും ബുദ്ധിജീവികളുടെയും വാദം അംഗീകരിച്ചിരുന്നാൽ തന്നെ വളരെ പ്രസക്തമാകുന്ന ഒരു ചോദ്യമുണ്ട്. അദ്ദേഹം എന്തിനു വേണ്ടിയായിരിക്കും രാഷ്ട്രീയ ലളിതജീവിതം നയിക്കുന്നത് എന്നല്ലേ? മണ്ണിൽതൊട്ട് ജീവിക്കുന്ന, ഗ്രാമീണ ജീവിത ശൈലിയിൽ സ്വാഭാവിക ഇടപെടലുകൾ നടത്തുന്ന രാഷ്ട്രീയ പ്രവർത്തകന്, ജനപ്രതിനിധിയ്ക്ക് ഏറ്റവും അടിച്ചമർത്തപ്പെട്ട ജനസമൂഹങ്ങൾക്കായും അവരുടെ അവകാശങ്ങൾക്കായും അതിനു വേണ്ടി നടത്തുന്ന പോരാട്ടങ്ങൾക്കൊപ്പവും നിൽക്കാൻ കഴിയുന്നില്ലായെങ്കിൽ പിന്നെ ആഘോഷിക്കപ്പെടുന്ന ആ ലളിതജീവിതം കൊണ്ട് എന്താണ് പ്രയോജനം?

സി.പി.ഐ (എം) അനുകൂല സംഘടനകളായ ആദിവാസി ക്ഷേമ സമിതി, പട്ടികജാതി ക്ഷേമ സമിതി കേരള സംസ്ഥാന കർഷകത്തൊഴിലാളി യൂണിയൻ, കേരള കർഷക സംഘം എന്നിവ ചേർന്ന് രൂപം കൊടുത്ത ഭൂസംരക്ഷണ സമിതി ജനറൽ കൺവീനർ കൂടിയായ സി കെ ശശീന്ദ്രൻ ആദിവാസി വിഷയങ്ങളിൽ എടുത്ത നിലപാട് എന്താണ്? ആദിവാസി വനാവകാശം, സ്വയംഭരണ അധികാരം, ഭൂമി വിതരണം എന്നിവയിൽ ഏതെങ്കിലും ഒന്നിലെങ്കിലും ചെറുതായെങ്കിലും നടപടി സ്വീകരിപ്പിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞോ? ആദിവാസികൾക്കായി നിലപാട് എടുത്തില്ലെന്ന് മാത്രമല്ല വനാവകാശത്തെയും സ്വയംഭരണ അധികാരത്തെയും അട്ടിമറിക്കാനുള്ള ഇടതുപക്ഷ സർക്കാരിന്റെ നടപടികളിൽ അദ്ദേഹം നിശബ്ദനായി ഇരിക്കുകയും ചെയ്തു. 2013 ജനുവരി 1 -ന് മിച്ചഭൂമി പിടിച്ചെടുത്തു ഭൂരഹിതരായ ആദിവാസികൾക്കും ഇതര ഭൂരഹിതർക്കും നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭൂസമര സമിതി സമരം നടത്തിയിരുന്നു. സമിതിയുടെ ജനറൽ കൺവീനർ സി കെ ശശീന്ദ്രന്റെ നേതൃത്വത്തിൽ ജില്ലയുടെ 14 ഇടങ്ങളിൽ നടത്തിയ മിച്ചഭൂമി സമരം എത്തിയില്ല. ഒരു കുത്തകയുടെയും സ്വകാര്യവ്യക്തികളുടെയും മിച്ചഭൂമി പിടിച്ചെടുത്തില്ല. വയനാട്ടിലെ ആദിവാസികളുടെ അർഹതപ്പെട്ട 6000 -ൽ അധികം ഏക്കർ ഭൂമി വിതരണം ചെയ്യാൻ പോലും സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വയനാട്ടിൽ ഉയർന്നു വന്ന ആദിവാസി മുന്നേറ്റങ്ങളെ അട്ടിമറിക്കുന്നതിന് വേണ്ടിയാണ് സി പി എം നേതൃത്വത്തിൽ ആദിവാസി ക്ഷേമ സമിതി രൂപീകരിക്കുന്നത് (AKS). അതിനു നേതൃത്വം നൽകിയത് സി കെ ശശീന്ദ്രനുമാണ്. അത് അവരുടെ പാർട്ടിയുടെ രാഷ്ട്രീയ അജണ്ട ആയിരിക്കാം. പക്ഷേ, കാതലായ ചോദ്യം, AKS ആദിവാസികളുടെ ഏത് അവകാശമാണ് നേടിയെടുത്തത് എന്നതാണ്. ഉയർന്നു വന്ന ആദിവാസി മുന്നേറ്റങ്ങളെ അട്ടിമറിച്ചതല്ലാതെ ആദിവാസി ക്ഷേമ സമിതി കൊണ്ട് ആദിവാസികൾക്ക് ഒരു ഗുണവുമുണ്ടായില്ല. ഈ തരത്തിൽ സാമൂഹിക ജീവിതവും രാഷ്ട്രീയ ജീവിതവും പരിശോധിക്കുമ്പോൾ ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം സി കെ ശശീന്ദ്രന്റെ ലളിത ജീവിതത്തിൽ എത്ര 'ലളിതം' ഉണ്ട്.

ചിത്രത്തിന് കടപ്പാട്: ഷഫീഖ് താമരശ്ശേരി