നമ്മളിലെത്ര പേര്‍ക്ക് ഏതെങ്കിലും റെക്കോഡ് തകര്‍ക്കണമെന്ന് ആഗ്രഹം കാണും? അതില്‍ത്തന്നെ എത്രപേര്‍ അത് നേടിക്കാണും.. അത് എവറസ്റ്റ് കീഴടക്കുക എന്നാണെങ്കിലോ? അത് ഭയങ്കര കഠിനമായിരിക്കും. ചിലരൊക്കെ ആ ആഗ്രഹം കൂടെക്കൂട്ടും, ചിലരതിനെ ഉപേക്ഷിക്കും, ചിലരാകട്ടെ അതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. 

എന്നാല്‍, നേപ്പാളിലെ കാമി റിത എന്ന മനുഷ്യന്‍ എവറസ്റ്റ് കീഴടക്കിയത് ഒന്നോ രണ്ടോ തവണയൊന്നുമല്ല, 23 തവണയാണ്. അതും സ്വന്തം റോക്കോഡുകള്‍ തന്നെ തകര്‍ത്തുകൊണ്ട്. ലോകത്തില്‍ ഇങ്ങനെയൊരു റെക്കോഡുള്ള ഒരേയൊരാളാണ് കാമി റിത. ഷെര്‍പ്പ വിഭാഗത്തില്‍ പെടുന്ന ഇദ്ദേഹം എവറസ്റ്റ് കയറാനെത്തുന്നവരുടെ സഹായിയായിട്ടാണ് എവറസ്റ്റ് കയറുന്നത്. 

'എവറസ്റ്റ് പുലികൾ' എന്നാണ് ഷെര്‍പ്പ വിഭാഗത്തില്‍ പെടുന്നവര്‍ അറിയപ്പെടുന്നത് തന്നെ. ഷെർപ്പകളുടെ സഹായമില്ലാതെ എവറസ്റ്റ് കയറുക എന്നത് ഏറെക്കുറെ അസാധ്യം തന്നെയാണെന്നാണ് പറയാറ്..

റിതയുടെ കൂടെത്തന്നെ എവറസ്റ്റ് താണ്ടുന്ന രണ്ടുപേര്‍ കൂടിയുണ്ട്. പക്ഷെ, 21 തവണ ആയപ്പോഴേക്കും അവര്‍ രണ്ടുപേരും വിരമിച്ചു. കഴിഞ്ഞ വര്‍ഷമാണ് കാമി റിത തന്‍റെ 22 -ാമത്തെ തവണത്തെ എവറസ്റ്റ് യാത്ര നടത്തിയത്. 

നാല്‍പ്പത്തിയൊമ്പതുകാരനായ റിത ആദ്യം എവറസ്റ്റ് കീഴടക്കുന്നത് 1994 മേയ് 13 നായിരുന്നു. പിന്നീടിങ്ങോട്ട് പലതവണ പലര്‍ക്കൊപ്പം റിത ആ ഉയരങ്ങള്‍ കയറിയിറങ്ങി..