പ്രിയപ്പെട്ട കൂട്ടുകാരേ, 

പഠിത്തം കുറേ കൂടി രസകരമാക്കാന്‍ നമുക്കൊരു കഥ വായിച്ചാലോ? 
സന്തോഷം തരുന്ന, എന്നാല്‍ പുതിയ കാര്യങ്ങള്‍ പറഞ്ഞുതരുന്ന ഒരു കുട്ടിക്കഥ.

കഥ എന്നു പറയുമ്പോള്‍, അങ്ങനെ ഒരു കുഞ്ഞിക്കഥയല്ല.
വല്യ ആള്‍ക്കാര് ഇതിനെ പറയുന്നത് നോവല്‍ എന്നാണ്.
കുട്ടികള്‍ക്കു വേണ്ടി ഇഷ്ടത്തോടെ എഴുതുന്ന നല്ല നീളമുള്ള കഥ.
ഒറ്റ ദിവസം കൊണ്ടൊന്നും തീര്‍ന്നുപോവില്ല.
അടുത്ത 12 ദിവസം കൊണ്ടാണ് ഈ കഥ പറയുക. 
ഇതിന്റെ പേര് എന്താണെന്നോ...? കഥ പറയും കാലം' 

നിങ്ങളുടെ ടീച്ചറെ പോലെ ഒരു ടീച്ചറാണ് ഇത് എഴുതിയത്. 
പേര് സാഗ ജെയിംസ്. സാഗ ടീച്ചര്‍ എന്നു വിളിച്ചോളൂ. 

ഭംഗിയുള്ള ചിത്രങ്ങള്‍ വരച്ചത് ഒരു വരയാന്റിയാണ്.
പേര് ബിന്ദു ദാസ്. സാഗട്ടീച്ചറിന്റെ ബെസ്റ്റ് ഫ്രണ്ടാണ്. 

വായിച്ചു കഴിഞ്ഞാ ചിലതൊക്കെ ടീച്ചറാന്റിയോട് പറയാനുണ്ടാവും.
അവയൊക്കെ submissions@asianetnews.in എന്ന ഇ മെയില്‍ ഐഡിയില്‍ അയക്കണേ ട്ടോ. 
നിങ്ങളുടെ മെയിലുകളെല്ലാം ഞങ്ങള്‍ ആന്റിക്ക് എത്തിച്ചുകൊടുക്കാം.

അപ്പോ എല്ലാവരും ഒന്നിങ്ങ് വന്നേ!

 

 

വല്യപ്പച്ചാ... ഇതു നോക്കൂ.'

മുറ്റത്തെ നടപ്പാതയിലേക്ക് വളര്‍ന്നു പന്തലിച്ചു നിന്ന മൊസാന്റയുടെ കൊമ്പുകള്‍ വെട്ടി വൃത്തിയാക്കുകയായിരുന്ന തോമാച്ചന്‍ തിരിഞ്ഞു നോക്കി.

'എന്താടാ കുട്ടാ?'

'വല്യപ്പച്ചന്‍ ഇവിടേയ്‌ക്കൊന്ന് വന്നേ.'

'ഉം... എന്തേ?'

'ദേ ഇതു നോക്കിയേ...'

മതിലിനരികിലായി നില്‍ക്കുന്ന സപ്പോട്ട മരത്തിലേക്ക് വിരല്‍ചൂണ്ടി നില്‍ക്കുകയാണ് ജോക്കുട്ടന്‍. തോമാച്ചന്‍ ജോക്കുട്ടന്റെ അടുത്തെത്തി.

'ഞാനേ ദേ...ആ മുഴുത്ത സപ്പോട്ട പറിക്കാന്‍ നോക്കിയതാന്നേ. അപ്പഴുണ്ട്, വലയ്ക്കുള്ളില്‍ വലിയൊരു ചിലന്തി! ആ വല അതിന്റെ കൂടാണോ വല്യപ്പച്ചാ? വല പൊട്ടിയാല്‍ ചിലന്തി താഴെ വീഴില്ലേ?'

ജോക്കുട്ടന്‍ ഒറ്റ ശ്വാസത്തിലാണ് അത്രയും പറഞ്ഞത്. ഭയന്നു നില്‍ക്കുന്ന ജോക്കുട്ടനെ തോമാച്ചന്‍ ചേര്‍ത്തുപിടിച്ചു.

'കുട്ടാ... ചിലന്തിയുടെ ഈ കൂടിന് ചിലന്തിവലയെന്നാണ് പറയുന്നത്. അറിയാല്ലോ കുട്ടന്?'

'ഉം... Cobweb അല്ലേ വല്യപ്പച്ചാ?'

'അതെ... ഇര പിടിക്കാന്‍ വേണ്ടിയാണ് ചിലന്തി വല നെയ്യുന്നത്. എന്നാല്‍ എല്ലാ ചിലന്തികളും വല നെയ്യുന്നുമില്ല.'

'വല നെയ്യാനുള്ള നൂല് ചിലന്തിക്ക് എവിടുന്നാ കിട്ടുന്നത്?'

'ചിലന്തിയുടെ ഉദരത്തില്‍ ഒരു നൂല്‍ സഞ്ചിയുണ്ട്. അതിനുള്ളിലാണ് ചിലന്തിനൂല്‍ ഉത്പാദിപ്പിക്കുന്ന സ്രവം . ആ സ്രവം ഉപയോഗിച്ചാണ് ചിലന്തി വല നെയ്യുന്നത്.'

'എന്നിട്ടോ...?'

'ചിലന്തികള്‍ അവ നെയ്യുന്ന വലയുടെ നടുവിലാണുണ്ടാവുക.'

'എന്തിന്?'

'ഇര പിടിക്കാന്‍...'

ഇര വലയിലായാല്‍ അതിലുണ്ടാകുന്ന അനക്കങ്ങള്‍ ചിലന്തിക്ക് തിരിച്ചറിയാനനാവും.'

'ചിലന്തിയുടെ ഭക്ഷണം എന്തൊക്കെയാ വല്യപ്പച്ചാ?'

'ചെറിയ ഈച്ചകള്‍, നിശാശലഭങ്ങള്‍, പൂമ്പൊടി, പാല്‍, മുട്ടയിലെ മഞ്ഞക്കരു എന്നിവയൊക്കെ ചിലന്തികള്‍ ഭക്ഷിക്കുന്നു. ചില ചിലന്തികള്‍ മൃതജീവികളെ മാത്രമല്ല പൊഴിച്ചു  കളഞ്ഞ സ്വന്തം പുറംതോടു പോലും ആഹാരമാക്കുന്നു.'

ആഹാ, കൊള്ളാല്ലോ, പാലു കുടിക്കുന്ന, മുട്ട തിന്നുന്ന ചിലന്തി! 

''ചില ചിലന്തികള്‍ക്ക് പൂക്കളുടേതുപോലെ നിറമുണ്ട്. അതുകണ്ട് പൂക്കളാണെന്ന് തെറ്റിദ്ധരിച്ച് ഈച്ചകളും ശലഭങ്ങളും വലയില്‍ ചാടും. മറ്റുചിലത്,  നിശാശലഭങ്ങളെ ആകര്‍ഷിക്കുവാന്‍ അവയുടെ ഫിറമോണുകളുടെ ഗന്ധം ഉള്ള വലകള്‍ നെയ്തുവെക്കുന്നു.'

'ഫിറമോണുകള്‍ എന്നാലെന്താ?'

'ജീവികള്‍ ഉത്പാദിപ്പിക്കുകയും പുറംതള്ളുകയും ചെയ്യുന്ന രാസ സംയുക്തങ്ങളാണ് ഫിറമോണുകള്‍. ഓരോ ജീവിയും സ്വന്തം വര്‍ഗ്ഗത്തിലെ ജീവികളെ തിരിച്ചറിയുന്നതും, ഇണയെ ആകര്‍ഷിക്കുന്നതും ഫിറമോണുകള്‍ ഉപയോഗിച്ചാണ്. '

'എല്ലാ ചിലന്തികളും വലയുണ്ടാക്കുമോ?'

'ഇല്ല. ടറന്റുല  (Tarantula)  കുടുംബത്തിലെ ചിലന്തികള്‍ ഇരയെ ഓടിച്ചിട്ട് പിടിക്കുന്നു. ഇവയുടെ കാലിനറ്റം വരെയുള്ള വിഷഗ്രന്ഥികളില്‍ വിഷമുണ്ട്. ഇരയെ ഓടിച്ചിട്ട് പിടിച്ച്, മയക്കാനായി ഈ വിഷം കുത്തിവെക്കുന്നു.'

ഏറ്റവും വലിയ വലയുണ്ടാക്കുന്നത് ആരാ?'

'നെഫിലിഡേ  (Nephilide) എന്നാണ് അതിന്റെ പേര്. വന്‍മര ചിലന്തികള്‍ ആണവ. ഒരു പുഴയ്ക്കു കുറുകെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് വല നെയ്യാന്‍ ഇവയ്ക്ക് കഴിയും. ഈ വലയില്‍ ചെറിയ പക്ഷികള്‍ വരെ കുടുങ്ങാറുണ്ട്.'

'അമ്പമ്പോ പക്ഷികളോ...?'

'അതൊക്കെ എന്ത്? ഉരുക്കുപോലുള്ള ചിലന്തി വലയുണ്ട്...കേട്ടിട്ടുണ്ടോ?'

ഇല്ലെന്ന് ജോക്കുട്ടന്‍ തലയാട്ടി.

'ഉരുക്കുനൂലിനേക്കാള്‍ ബലമുണ്ട്, ചില ചിലന്തികളുടെ നൂലിന്. വെടിയുണ്ട കേറാത്ത ഉടുപ്പുകള്‍, ശസ്ത്രക്രിയാ നൂലുകള്‍, കൃത്രിമപേശികള്‍ എന്നിവ നിര്‍മ്മിക്കാന്‍ ചിലന്തിവല ഉപയോഗിക്കുന്നു.'

'ദൈവമേ, കൊള്ളാല്ലോ ചിലന്തി...!'

'ഇനിയുമുണ്ട് ചിലന്തിവല കൊണ്ടുള്ള ഗുണങ്ങള്‍. 'കാന്‍സര്‍, ഹൃദ്രോഗം, തലച്ചോറിനെ ബാധിക്കുന്ന അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നായി ചിലന്തിവിഷം ഉപയോഗിക്കാമെന്ന് പുതിയ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.'

ജോക്കുട്ടന്‍ അമ്പരപ്പോടെ തോമാച്ചനെ നോക്കിനിന്നു.

'ചിലന്തി മനുഷ്യനെ കടിക്കുമോ വല്യപ്പച്ചാ?'

'ഉവ്വ്. ചില ചിലന്തികള്‍ക്ക് വിഷമുണ്ട്. അവ കടിക്കുകയോ വിസര്‍ജ്യം നമ്മുടെ ശരീരത്തില്‍ വീഴുകയോ ചെയ്താല്‍ ചൊറിച്ചിലും മറ്റസ്വസ്ഥതകളും ഉണ്ടാവും.'

'അതെന്താ അങ്ങനെ?'

'എട്ടുകാലി വിഷത്തില്‍ ഹിമടോക്‌സിന്‍, ന്യൂറോടോക്‌സിന്‍ എന്നിവയുണ്ട്. അതാണ് ഇത്തരം അസ്വസ്ഥതകള്‍'

'എട്ടുകാലിയോ. എടടുകാലുണ്ടോ അവയ്ക്ക്?'

'അതെ. ചിലന്തിക്ക് നാലുജോടി കാലുകള്‍ ഉണ്ട്. അതുകൊണ്ടാണ് അവയെ എട്ടുകാലിയെന്ന് വിളിക്കുന്നത്. '

'വല്യപ്പച്ചാ?'

'ഉം...'

'ചിലന്തികളെപ്പറ്റി പഠനം നടക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. ചിലന്തികളെപ്പറ്റിയുള്ള പഠനത്തിന് പറയുന്ന പേരെന്താണ്?'

'അരാനിയോളജി  (Araneology). ചിലന്തികളെപ്പറ്റിയുള്ള പഠനശാഖ അതാണ്. പിന്നെ... ഈ ചിലന്തികളെ ചിലര്‍ക്കൊക്കെ പേടിയാണ്. ജോക്കുട്ടനെപ്പോലെ...'

ജോക്കുട്ടനെ ഏറുകണ്ണിട്ട് നോക്കി തോമാച്ചന്‍ പറഞ്ഞു. ജോക്കുട്ടന്‍ ചമ്മിയതുപോലെ ചിരിച്ചു.

'ഇത്തരം ചിലന്തിപ്പേടിക്ക് പറയുന്ന പേരെന്താണെന്നോ?'

'എന്താ?'

'അരക്ക്‌നോഫോബിയ  (Arachnophobia)'

'ആഹാ വല്യപ്പച്ചനും മോനും കൊച്ചുവര്‍ത്തമാനത്തിലാണല്ലോ. ഇന്നെന്താ പ്രാതല്‍ വേണ്ടേ?'

ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം കേട്ട് രണ്ടാളും പുറകിലേക്ക് തിരിഞ്ഞു നോക്കി. അന്നാമ്മയാണ്.

'ഞങ്ങളിച്ചിരെ ചിലന്തി പുരാണം പറയുകയായിരുന്നു.'

'അതെ വല്യമ്മച്ചീ, എന്തൊക്കെ കഥകളാ..'

ജോക്കുട്ടന്‍ ഓടിച്ചെന്ന് അന്നമ്മയെ കെട്ടിപ്പിടിച്ചു.

 

കഥ പറയും കാലം

ഭാഗം ഒന്ന്: ''വൈറസ് വന്നതോണ്ട് ഒരു കാര്യണ്ടായി; അടുത്തൊന്നുമിനി ദുബായില്‍ പോണ്ട''

രണ്ടാം ഭാഗം. കുയിലിന് കാക്കക്കൂട്ടില്‍ എന്താണ് കാര്യം?

ഭാഗം മൂന്ന്: മയില്‍പ്പീലിക്ക് എവിടുന്നാണ് ഇത്രയും നിറങ്ങള്‍?

ഭാഗം നാല്: വല്യമ്മച്ചി കരയുന്നു...!

ഭാഗം അഞ്ച്: നീന്തല്‍താരം ഐസൂട്ടന്‍