വികസനത്തിന് വേണ്ടിയും വ്യവസായങ്ങള്‍ തുടങ്ങുന്നതിനായും മരം മുറിച്ചുമാറ്റേണ്ടി വരുന്നതും അതിനെതിരെ പരിസ്ഥിതി സ്നേഹികളുടെയും മറ്റ് സംഘടനകളുടെയുമെല്ലാം നേതൃത്വത്തില്‍ പോരാട്ടം നടക്കുന്നതുമെല്ലാം സ്ഥിരം കാഴ്ചകളാണ്. പലരും കോടതി കയറിയിറങ്ങുകയും പ്രകൃതി സംരക്ഷണത്തിനായി വാദിക്കുകയുമെല്ലാം ചെയ്യാറുണ്ട്. ഒറീസയില്‍ ഉരുക്ക് വ്യവസായം ആരംഭിക്കാനുള്ള കൊറിയന്‍ കമ്പനിയായ പോസ്കോയുടെ ശ്രമങ്ങള്‍ക്കെതിരെ നടന്ന പ്രതിഷേധവും നാം കണ്ടതാണ്. ഏക്കറ് കണക്കിന് വനഭൂമിയും വെറ്റിലപ്പാടങ്ങളുമാണ് പോസ്കോ പദ്ധതി വരുന്നതോടെ ഇല്ലാതെയാവാന്‍ പോയിരുന്നത്. ഇതിനെതിരെ കുട്ടികളും സ്ത്രീകളുമടക്കം സമരവുമായി ഇറങ്ങുകയും ചെയ്‍തു. 

എന്നാല്‍, ഒരു മരം സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യത്തിന്‍റെ പ്രസിഡണ്ട് നേരിട്ടിറങ്ങുമോ? കെനിയന്‍ പ്രസിഡണ്ടാണ് ഒരു അത്തിമരം സംരക്ഷിക്കുന്നതിനായി ഇറങ്ങിയിരിക്കുന്നത്. അതും ചൈനയോടാണ് 'മരം മുറിച്ചുള്ള വികസനമൊന്നും ഇവിടെ വേണ്ട' എന്ന് പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. ചൈനയുടെ ധനസഹായത്തോട് കൂടിയുള്ള ഹൈവേ നിര്‍മ്മാണത്തിനായിട്ടാണ് അത്തിമരം വെട്ടാനിരുന്നത്. എന്നാല്‍, സംഭവത്തില്‍ പ്രസിഡണ്ട് നേരിട്ടിറങ്ങിയിരിക്കുകയാണ്. എന്ത് തന്നെ വന്നാലും അത്തിമരം മുറിക്കാന്‍ സമ്മതിക്കില്ലെന്നും അത് സംരക്ഷിക്കപ്പെടണമെന്നുമാണ് പ്രസിഡണ്ട് പറഞ്ഞിരിക്കുന്നത്. നാല് നില കെട്ടിടത്തിന്റെ ഉയരമുള്ള വൃക്ഷത്തെ 'കെനിയയുടെ സാംസ്‍കാരികവും പാരിസ്ഥിതികവുമായ പൈതൃകത്തിന്റെ വിളക്കുമാടം' എന്നാണ് പ്രസിഡന്‍റിന്‍റെ ഉത്തരവില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. കെനിയയിലെ ഏറ്റവും ജനസംഖ്യയുള്ള വംശീയ വിഭാഗമായ കിക്കുയു അത്തിമരത്തെ പവിത്രമായിട്ടാണ് കണക്കാക്കുന്നത്. 

ഒക്ടോബറിലാണ് കിഴക്കൻ ആഫ്രിക്കൻ നാഷന്‍ റോഡ് ഏജൻസി എക്സ്പ്രസ് ഹൈവേയെ പിന്തുണയ്ക്കുന്നതിന് വേണ്ടി തൂണ്‍ സ്ഥാപിക്കുന്നതിനായി 100 വര്‍ഷം പഴക്കമുള്ള അത്തിമരം പിഴുതുമാറ്റാന്‍ പദ്ധതിയിട്ടിരുന്നത്. ഗതാഗതം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നൈറോബിയുടെ ഹൃദയഭാഗത്ത് പണിയുന്ന ഈ ഹൈവേയുടെ നിര്‍മ്മാണം 2022 -ൽ പൂർത്തിയാകും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. 

നഗരത്തിന്റെ പടിഞ്ഞാറ് വൈയാക്കി വേയിൽ സ്ഥിതിചെയ്യുന്ന വൃക്ഷം മുറിച്ച് മാറ്റുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകർ നേരത്തെതന്നെ പ്രചാരണം നടത്തിയിരുന്നു. നൈറോബി മെട്രോപൊളിറ്റന്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ബാദി പറയുന്നത് മരം സംരക്ഷിക്കണമെന്ന് സാക്ഷാല്‍ പ്രസിഡണ്ടിന്‍റെ ഉത്തരവ് തന്നെ വന്നിരിക്കുകയാണ് എന്നാണ്. മരത്തിനടുത്ത് സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ബാദി ഇക്കാര്യം പറഞ്ഞത്. 

ഏതായാലും പ്രസിഡണ്ടിന്‍റെ ഉത്തരവ് കൂടി വന്നതോടെ അത്തിമരം സംരക്ഷിക്കപ്പെട്ടു. നഗരവാസികൾക്ക് വേണ്ടി നൈറോബി മെട്രോപൊളിറ്റന്‍ സര്‍വീസസ് ഈ വൃക്ഷം ഏറ്റെടുക്കുകയും ചൈന റോഡ് ആൻഡ് ബ്രിഡ്‍ജ് കോർപ്പറേഷനും (സി‌ആർ‌ബി‌സി) കെനിയ നാഷണൽ ഹൈവേ അതോറിറ്റിയും റോഡ് വഴിതിരിച്ചുവിടാൻ സമ്മതിക്കുകയും ചെയ്‍തു. 'നഗരത്തിന്‍റെ അഭിലാഷങ്ങളുടെ അടയാളമായി ഈ മരം ഇങ്ങനെ നിലകൊള്ളു'മെന്ന് കെനിയയിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകയായ എലിസബത്ത് വതുതി പറഞ്ഞു. 'ഈ അത്തിമരം ഞങ്ങള്‍ക്കെന്താണോ വേണ്ടത് അതിന്‍റെ പ്രതീകമാണ്. പച്ചപ്പും വൃത്തിയുള്ളതുമായ ഒരു കെനിയയാണ് ഞങ്ങള്‍ക്ക് വേണ്ടത്' എന്നും എലിസബത്ത് വതൂതി പറഞ്ഞു.