കുട്ടികള്‍ സാന്റാ ക്ലോസിന് ഇത്തവണ അയച്ച കത്തുകളിലേറെയും കൊവിഡ് 19 രോഗമാണ്. ജീവിതത്തെയാകെ മാറ്റിമറിച്ച മഹാമാരിയില്‍നിന്നും സാന്റ ഇടപെട്ട് രക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കണം എന്നും ചില കുട്ടികള്‍ ആവശ്യപ്പെടുന്നു. 

 

 

ന്യൂയോര്‍ക്ക്: ''സാന്റാ എനിക്ക് മറ്റൊന്നും വേണ്ട, ഈ നശിച്ച കൊറോണ വൈറസിനെ ഒന്ന് ഇല്ലാതാക്കിയാല്‍ മതി''-ഇത് ജോനാ എന്ന കുട്ടിയുടെ കത്താണ്. കത്ത് എഴുതിയത് സാന്റാ ക്ലോസിനാണ്. കുട്ടികളുടെ പ്രിയപ്പെട്ട ക്രിസ്മസ് അപ്പൂപ്പന്‍. 

ആന്റണി എന്ന മറ്റൊരു കുട്ടിക്ക് പറയാനുള്ളതും കൊവിഡിനെ കുറിച്ചാണ്. സാന്റ അവനൊരു മാജിക് ബട്ടണ്‍ നല്‍കണം. അതമര്‍ത്തിയാല്‍, കൊവിഡില്ലാത്ത എവിടേക്കെങ്കിലും പോവാനാവണം. 

ജാസ്മിന്‍ എന്ന പെണ്‍കുട്ടിയുടെ സാന്റായോടുള്ള ആവശ്യം ഇതാണ്: ''ഈ വര്‍ഷം കൊവിഡ് ഒന്നവസാനിപ്പിക്കണം. പിന്നെ ലോക സമാധാനം വേണം. കാലാവസ്ഥാ മാറ്റം പരിഹരിക്കണം.''

 

 

ലോകത്തെമ്പാടുമുള്ള കുട്ടികള്‍ സാന്റാ ക്ലോസിന് ഇത്തവണ അയച്ച കത്തുകളിലേറെയും കൊവിഡ് 19 രോഗമാണ്. ജീവിതത്തെയാകെ മാറ്റിമറിച്ച മഹാമാരിയില്‍നിന്നും സാന്റ ഇടപെട്ട് രക്ഷിക്കണമെന്നാണ് അവരുടെ ആവശ്യം. ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കണം എന്നും ചില കുട്ടികള്‍ ആവശ്യപ്പെടുന്നു. 

സാന്റായ്ക്ക് അമേരിക്കയിലുള്ള കുട്ടികള്‍ അയക്കുന്ന കത്തുകള്‍ കൈകാര്യം ചെയ്യാന്‍ യു എസ് പോസ്റ്റല്‍ സര്‍വീസ് ഏര്‍പ്പെടുത്തിയ ഓപ്പറേഷന്‍ സാന്റാ പദ്ധതിയ്ക്ക് കീഴിലാണ് ഈ കത്തുകള്‍ വായിക്കപ്പെട്ടത്. സാന്റായ്ക്ക് എഴുതുന്ന കത്തുകള്‍ വായിച്ച് മറുപടി അയക്കാനുള്ള സംവിധാനമാണ് ഓപ്പറേഷന്‍ സാന്റ. ഈ വര്‍ഷം വന്ന കത്തുകളില്‍ ഏറെയും കൊവിഡ് മഹാമാരിയെക്കുറിച്ചാണ് എന്നാണ് പോസ്റ്റല്‍ വകുപ്പ് അധികൃതര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, പതിവുപോലെ സമ്മാനങ്ങളും ലോഗോകളും മറ്റും ആവശ്യപ്പെട്ടുള്ള കത്തുകളും ധാരാളമുണ്ടെന്ന് പോസ്റ്റല്‍ സര്‍വീസ് അധികൃതരെ ഉദ്ധരിച്ച് എ ബി സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

 

Read more: കുട്ടികള്‍ ക്രിസ്മസ് അപ്പൂപ്പന് അയക്കുന്ന കത്തുകള്‍ക്ക് പിന്നീട് എന്താണ് സംഭവിക്കുന്നത്?

 

കൊറോണ മഹാമാരി ഇല്ലാതാവണം എന്നാണ് കത്തുകളിലേറെയും ഉയര്‍ന്ന ആവശ്യം. മറ്റു ചിലതില്‍, സാന്റായോട് കുട്ടികള്‍ ആവശ്യപ്പെടുന്നത് മാസ്‌കുകളാണ്. കൊവിഡ് മൂലം ജോലി നഷ്ടപ്പെട്ട രക്ഷിതാക്കള്‍ എങ്ങനെ ക്രിസ്മസ് സമ്മാനം വാങ്ങിത്തരുമെന്ന ആശങ്കയും ചിലര്‍ പങ്കുവെച്ചു.  

ഒരു കുട്ടി എഴുതിയത് ഇങ്ങനെയാണ്: പ്രിയപ്പെട്ട സാന്റാ എനിക്കാകെ വേണ്ടത് ഒരു കാര്യമാണ്. കൊവിഡ് രോഗത്തിന് ഒരു പരിഹാരം വേണം. ലോകത്തെ രക്ഷിക്കണം.''

 

 

യു എസ് പോസ്റ്റല്‍ സര്‍വീസ് സാന്റായ്ക്കുള്ള കത്തുകള്‍ കൈകാര്യം ചെയ്യാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയത് 100 വര്‍ഷങ്ങള്‍ക്കു മുമ്പാണ്. 1912 -ല്‍ പോസ്റ്റ് മാസ്റ്റര്‍ ജനറലായിരുന്ന ഫ്രാങ്ക് ഹിച്കോക്ക് ആണ് ഈ സംവിധാനത്തിന്റെ ശില്‍പ്പി.  പോസ്റ്റല്‍ ജീവനക്കാര്‍ക്കും പുറത്തുള്ളവര്‍ക്കും ഈ കത്തുകള്‍ക്ക് മറുപടി അയക്കാനുള്ള സംവിധാനമാണ് അദ്ദേഹം ഏര്‍പ്പെടുത്തിയത്. കത്തുകളുടെ എണ്ണം കൂടുമ്പോള്‍, ചാരിറ്റബിള്‍ സംഘടനകളുടെയും മറ്റും സഹായം തേടും.  കത്തുകള്‍ക്കുള്ള മറുപടി മാത്രമല്ല, കുട്ടികള്‍ ആവശ്യപ്പെടുന്ന സമ്മാനങ്ങള്‍ എത്തിച്ചുകൊടുക്കാനുമുള്ള സംവിധാനം പോലും ഇവിടെയുണ്ട്.  2017-ല്‍ ഏഴ് നഗരങ്ങളില്‍ ഓപ്പറേഷന്‍ സാന്റ പേരില്‍ സാന്റാ കത്തുകള്‍ കൈകാര്യം ചെയ്യാന്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി.  ഈ വര്‍ഷം മുതല്‍ അമേരിക്കയിലാകെ ഈ സംവിധാനം നിലവില്‍വന്നു. കുട്ടികളുടെ കത്തുകള്‍ക്ക് ആര്‍ക്കും മറുപടി അയക്കാനുള്ള സംവിധാനമാണ് നിലവിലുള്ളത്. ഇതാണ് ഓപ്റേഷന്‍ സാന്റാ വെബ്സൈറ്റ്