അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ജോ ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ഇന്ത്യയടക്കമുള്ള ലോകരാഷ്ട്രങ്ങളിൽ നിന്ന് അദ്ദേഹത്തെ തേടി അഭിനന്ദനങ്ങളുടെ പ്രവാഹം തന്നെയുണ്ടായി. എന്നാൽ, അക്കൂട്ടത്തിൽ ചേരാതെ, നിശ്ശബ്ദനായി മാറി നിൽക്കുകയാണ് ഉത്തരകൊറിയൻ ഭരണാധിപതിയായ കിം ജോങ് ഉൻ. ട്രംപ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഇടയ്ക്കിടെ പൊട്ടലും ചീറ്റലും പരസ്പരം ചീത്തവിളിയും ഒക്കെ ഉണ്ടായിരുന്നു എങ്കിലും, ഒടുവിൽ പരസ്പരം സ്നേഹം വഴിഞ്ഞൊഴുകുന്ന കത്തുകൾ അയച്ചിരുന്നു കിമ്മും ട്രംപും പരസ്പരം. ആ കിം ജോങ് ഉൻ, പുതിയ പ്രസിഡന്റ് ബൈഡനുമായി എന്ത് ബന്ധം കാത്തുസൂക്ഷിക്കും എന്ന ആശങ്കയിലാണ് ഇപ്പോൾ ലോകം.
 
കിം ജോങ് ഉന്നുമായി സൂക്ഷിച്ചിരുന്ന സൗഹൃദത്തിന്റെ പേരും പറഞ്ഞ്, ട്രംപിനെ അടിക്കാൻ വേണ്ടിയെങ്കിലും കിമ്മിനെ നിരന്തരം പരിഹസിക്കുക മാത്രമാണ് ഇതുവരെ ബൈഡൻ ചെയ്തു പോന്നിട്ടുള്ളത്. തന്റെ തെരഞ്ഞെടുപ്പ് റാലികളിൽ ബൈഡൻ കിമ്മിനെ സ്വേച്ഛാധിപതി, ക്രൂരൻ, കൊലയാളി എന്നിങ്ങനെ പല പേരുകളും വിളിച്ചുപോന്നിട്ടുണ്ട്. ട്രംപ് കിമ്മിനെ സ്നേഹിതൻ എന്ന് പരാമർശിക്കുന്നത്, 'യൂറോപ്പിൽ അധിനിവേശം നടത്തും മുമ്പ് ഹിറ്റ്‌ലർ വളരെ മാന്യനായിരുന്നു' എന്ന് പറയുന്ന പോലെയെ കാണാനാകൂ എന്നാണ് ബൈഡൻ ഒരിക്കൽ പറഞ്ഞത്. മേഖലയിലെ ഒരു തെരുവുപോക്കിരി മാത്രമാണ് കിം ജോങ് ഉൻ എന്നാണ് അന്നൊക്കെ ബൈഡൻ പരസ്യമായി പറഞ്ഞിട്ടുള്ള അഭിപ്രായം. ആണവ നിർവ്യാപനം നടപ്പിലാക്കാതെ കിമുമായി ബൈഡൻ ചർച്ച നടത്താനുള്ള സാദ്ധ്യതകൾ തുലോം തുച്ഛമാണ്. കിമ്മിനെതിരെയുള്ള അധിക്ഷേപങ്ങൾക്ക് ശേഷം ഉത്തര കൊറിയയിലെ മാധ്യമങ്ങൾ ബൈഡനെ ദരിദ്രവാസി എന്നും, വളരെ കുറഞ്ഞ IQ ഉള്ള ഒരു മോശം വ്യക്തി എന്നൊക്കെ അധിക്ഷേപിച്ചുകൊണ്ട് മുഖപ്രസംഗം എഴുതുകയുമുണ്ടായി.

ഒരു വശത്ത് ട്രംപുമായി സ്നേഹ സംഭാഷണങ്ങൾ നടത്തുന്നതിനിടെ, മറുവശത്ത് കിം ജോങ് ഉൻ, അമേരിക്കയിൽ വരെ ചെന്നെത്താവുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ(ICBM) വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. കിം അടക്കമുള്ള പ്യോങ് യാങ്ങിലെ പലരും ആഗ്രഹിച്ചിരുന്നത്, കുറേക്കൂടി നല്ല ബന്ധമുള്ള ട്രംപ് തന്നെ വിജയിച്ചു രണ്ടാമതും പ്രസിഡന്റ് ആയിരുന്നെങ്കിൽ എന്നുതന്നെയാണ്. അതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ അത്ര നല്ല രസത്തിൽ അല്ലാത്ത ജോ ബൈഡൻ ജയിച്ചിരിക്കുന്നതും അമേരിക്കയുടെ പ്രസിഡന്റ് ആയിരിക്കുന്നതും. ഇത് ഉത്തര കൊറിയയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്താനുള്ള സാധ്യത വളരെ അധികമാണ്.