മുന്‍ വാര്‍ഷിക പ്രഭാഷണങ്ങളിലെല്ലാം കിം അമേരിക്കയുമായുള്ള സംഘര്‍ഷത്തെയും നയതന്ത്ര പ്രശ്‌നങ്ങളയും കുറിച്ചായിരുന്നു പറയാറുള്ളത്. അതോടൊപ്പം ആണവായുധ രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ചയും അദ്ദേഹം പ്രഭാഷണത്തില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍, ഇത്തവണ അടിമുടി മാറിയ കിമ്മിനെയാണ് കാണാന്‍ കഴിഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആണവായുധവും അമേരിക്കയുമല്ല, തന്റെ പുതിയ പരിഗണനാ പട്ടികയിലെന്ന് ഉത്തരകൊറിയന്‍ സര്‍വ്വാധിപതി കിം ജോംഗ് ഉന്‍. രാജ്യം ഇനി ശ്രദ്ധയൂന്നുക ജനങ്ങള്‍ക്ക് ഭക്ഷണവും ജീവിതനിലവാരവും ഉറപ്പുവരുത്താനാണെന്നും അധികാരമേറ്റതിന്റെ പത്താം വാര്‍ഷികത്തില്‍ രാഷ്ട്രത്തോട് നടത്തിയ പ്രഭാഷണത്തില്‍ കിം പറഞ്ഞു. കൂടുതല്‍ ട്രാക്ടറുകള്‍ ഉല്‍പ്പാദിപ്പിക്കുക, കാര്‍ഷിക രംഗത്തെ സ്വയം പര്യാപ്തത എന്നിവയ്ക്കായിരിക്കും തന്റെ പുതിയ പരിഗണനയെന്നും കിം പറഞ്ഞു.
സാമ്പത്തിക നില മെച്ചപ്പെടുത്തുക, ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്നിവയായിരിക്കും ഈ വര്‍ഷം ഉത്തരകൊറിയയുടെ മുഖ്യ ലക്ഷ്യങ്ങളെന്ന് കിം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യം ജീവന്‍ മരണ സാഹചര്യത്തിലാണെന്നും കിം പ്രസംഗത്തില്‍ സമ്മതിച്ചതായി ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച ആരംഭിച്ച വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് കൊറിയയുടെ നാലാം പ്ലീനറി സമ്മേളനത്തിന്റെ സമാപനം കുറിച്ചുനടന്ന പരിപാടിയിലാണ് ഇന്നലെ കിം തന്റെ പുതിയ പരിഗണനകളെക്കുറിച്ച് പറഞ്ഞത്. പിതാവിന്റെ മരണശേഷം കിം രാജ്യത്തിന്റെ ചുമതല ഏറ്റെടുത്ത് പത്താം വാര്‍ഷികത്തിലാണ് കിം ജനങ്ങളെ അഭിസംബോധന ചെയ്തത്.
മുന്‍ വാര്‍ഷിക പ്രഭാഷണങ്ങളിലെല്ലാം കിം അമേരിക്കയുമായുള്ള സംഘര്‍ഷത്തെയും നയതന്ത്ര പ്രശ്‌നങ്ങളയും കുറിച്ചായിരുന്നു പറയാറുള്ളത്. അതോടൊപ്പം ആണവായുധ രംഗത്തെ രാജ്യത്തിന്റെ വളര്‍ച്ചയും അദ്ദേഹം പ്രഭാഷണത്തില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. എന്നാല്‍, ഇത്തവണ അടിമുടി മാറിയ കിമ്മിനെയാണ് കാണാന്‍ കഴിഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കയെ കുറിച്ചോ ആണവായുധങ്ങളെ കുറിച്ചോ പറയാനല്ല, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു കിമ്മിന്റെ പ്രഭാഷണം. ഇത്തവണത്തെ പ്രഭാഷണത്തില്‍ കിം വിദേശകാര്യത്തെക്കുറിച്ച് വെറുതെ പറഞ്ഞുപോവുക മാത്രമേ ചെയ്തുള്ളൂ.
രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചായിരുന്നു കിം കാര്യമായി പറഞ്ഞത്. കൊവിഡ് മഹാമാരിയെ തടയാന്‍ അതിര്‍ത്തികള്‍ അടച്ചിട്ടതടക്കമുള്ള സാഹചര്യത്തില്‍ ഉത്തരകൊറിയ കൂടുതല്‍ ഒറ്റപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. വരള്‍ച്ചയും കൃഷിനാശവും കാരണം ജനതയുടെ ഭൂരിഭാഗവും പട്ടിണിയുടെ വക്കത്താണ്. പഞ്ചവല്‍സര പദ്ധതികളിലൂടെ സാമ്പത്തിക വളര്‍ച്ചനേടാനും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് ഇനി ശ്രമമുണ്ടാവുകയെന്നാണ് കിം പറഞ്ഞത്.
വിദേശരാജ്യങ്ങളുമായുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് സാധാരണ വാചാലമാവാറുള്ള കിം ഇത്തവണ രാജ്യത്തിനകത്തെ പ്രശ്‌നങ്ങളെ കുറിച്ചാണ് കാര്യമായി സംസാരിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമവികസന പദ്ധതികളും ജനങ്ങളുടെ ഭക്ഷണകാര്യവും കുട്ടികളുടെ യൂനിഫോമുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ഇത്തവണ കിം കാര്യമായി പറഞ്ഞത്. സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥയ്ക്ക് യോജിക്കാത്ത പ്രവര്‍ത്തന രീതികളെ ഉന്‍മൂലനം ചെയ്യുന്ന കാര്യവും കിം എടുത്തുപറഞ്ഞു.
