Asianet News MalayalamAsianet News Malayalam

'അവധിയെടുപ്പിന്റെ രാജാവ്', 15 വര്‍ഷം ജോലിയെടുക്കാതെ ശമ്പളം വാങ്ങിയത് കോടികൾ

പൊതുമേഖലയില്‍ ഇങ്ങനെ അവധിയെടുത്ത് ശമ്പളം വാങ്ങുന്നത് വ്യാപകമായതിനെ തുടര്‍ന്ന് 2016 -ല്‍ ഇതുമായി ബന്ധപ്പെട്ട നിയമം സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. അതേത്തുടര്‍ന്ന് നിരവധി അന്വേഷണങ്ങളും ഉണ്ടായി. 

king of absentees man skipped work for 15 years
Author
Italy, First Published Apr 22, 2021, 11:42 AM IST

പൊതുവകുപ്പിലെ ഒരുദ്യോഗസ്ഥനെ ഇപ്പോള്‍ ഇറ്റാലിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത് 'അവധിയെടുപ്പിന്‍റെ രാജാവ്' എന്നാണ്. അതില്‍ അതിശയപ്പെടാനൊന്നുമില്ല. കാരണം കഴിഞ്ഞ 15 വര്‍ഷങ്ങളായി ആരും അറിയാതെ അവധിയെടുത്ത് ശമ്പളം വാങ്ങിച്ചു കൊണ്ടിരിക്കുകയാണ് ഇയാള്‍. അതും ചെറിയ തുകയൊന്നുമല്ല, വലിയ തുകയാണ് ഇയാൾക്ക് ഇതുവരെ ശമ്പളമായി കിട്ടിയിരിക്കുന്നത്. കാലാബ്രിയൻ നഗരമായ കാറ്റൻ‌സാരോയിലെ പുഗ്ലീസി സിയാസിയോ ആശുപത്രിയിൽ ജീവനക്കാരനാണ് ഇയാള്‍. 2005 മുതൽ ജോലിക്ക് പോകാതിരുന്നിട്ടും ഈ ആശുപത്രി ജീവനക്കാരന്‍ ഇത്രയും വര്‍ഷത്തെ ആകെ ശമ്പളമായി 538,000 ഡോളർ ( ഏകദേശം 3,48,39,672.00 രൂപ) വാങ്ങിക്കഴിഞ്ഞു. 

ഇപ്പോൾ 67 വയസ്സുള്ള ഇയാള്‍ക്കെതിരെ ഓഫീസ് ദുരുപയോഗം ചെയ്യൽ, വ്യാജരേഖ ചമയ്ക്കൽ, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇറ്റലിയില്‍ ഇങ്ങനെ ആളുകള്‍ ജോലിക്ക് ഹാജരാവാതെ ശമ്പളം വാങ്ങുന്നത് വ്യാപകമാണ് എന്ന് ആരോപണമുണ്ട്. ഇയാള്‍ ജോലിക്ക് ഹാജരാവാതെ തട്ടിപ്പ് നടത്തിയതില്‍ പങ്കുണ്ട് എന്ന് സംശയിക്കുന്ന ആറ് മാനേജര്‍മാര്‍ക്ക് എതിരെയും അന്വേഷണം നടക്കുന്നുണ്ട്. 

'പാർട്ട് ടൈം' എന്ന രഹസ്യനാമത്തിൽ നടത്തിയ അന്വേഷണത്തിൽ, ഹാജർ, ശമ്പള രേഖകൾ എന്നിവയിൽ നിന്നുള്ള തെളിവുകളും സഹപ്രവർത്തകരിൽ നിന്നുള്ള സാക്ഷി മൊഴികളും പൊലീസ് ശേഖരിച്ചു. 2005 -ൽ, ആശുപത്രി ഡയറക്ടർക്കെതിരെ ഇയാള്‍ ഭീഷണി മുഴക്കിയിരുന്നു. നിരന്തരം ഇയാള്‍ അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് അച്ചടക്ക നടപടിയെടുക്കുമെന്ന് പറഞ്ഞതിനാലാണ് ഡയറക്ടറെ ഇയാള്‍ ഭീഷണിപ്പെടുത്തിയത്. പിന്നീട്, ഈ ഡയറക്ടര്‍ വിരമിക്കുകയും ഇയാള്‍ അവധി എടുക്കുന്നത് തുടരുകയും ആയിരുന്നു. പിന്നീട് വന്ന ഡയറക്ടറോ എച്ച് ആര്‍ ഡിപാര്‍ട്മെന്‍റോ ഇയാളുടെ അവധികള്‍ പരിശോധിച്ചിരുന്നില്ല എന്ന് പൊലീസ് പറയുന്നു. 

പൊതുമേഖലയില്‍ ഇങ്ങനെ അവധിയെടുത്ത് ശമ്പളം വാങ്ങുന്നത് വ്യാപകമായതിനെ തുടര്‍ന്ന് 2016 -ല്‍ ഇതുമായി ബന്ധപ്പെട്ട നിയമം സര്‍ക്കാര്‍ കര്‍ശനമാക്കിയിരുന്നു. അതേത്തുടര്‍ന്ന് നിരവധി അന്വേഷണങ്ങളും ഉണ്ടായി. ഒരു അന്വേഷണത്തിൽ, കുറഞ്ഞത് രണ്ട് വർഷമായി ടൈം മാനേജ്മെന്റ് സംവിധാനത്തെ വഞ്ചിച്ചുകൊണ്ടിരുന്ന സാൻറെമോയുടെ ടൗൺഹാളിലെ 35 തൊഴിലാളികളെ കുടുക്കാൻ പൊലീസ് രഹസ്യ നിരീക്ഷണ ക്യാമറകൾ ഉപയോഗിച്ചു. രണ്ട് ജോലിക്കാരുടെ ഭാര്യമാരെ അവരുടെ ഭർത്താവിന്റെ സ്റ്റാഫ് കാർഡുകൾ ഉപയോഗിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പിടികൂടി. മറ്റ് സ്റ്റാഫ് അംഗങ്ങൾ രജിസ്റ്ററിൽ ഒപ്പുവച്ച ശേഷം കാനോയിംഗിനോ ഷോപ്പിംഗിനോ സുഹൃത്തുക്കളോടൊപ്പം പോകുന്നതോ ശ്രദ്ധയില്‍ പെട്ടു. ഇതിനേക്കാളൊക്കെ രസകരമായിരുന്നു മറ്റൊരു കേസ്, താൻ ജോലി ചെയ്തിരുന്ന അതേ കെട്ടിടത്തിൽ താമസിച്ചിരുന്ന ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ ഉറങ്ങാൻ പോകുന്നതിനുമുമ്പ് അടിവസ്ത്രത്തിലെത്തി രജിസ്റ്ററിൽ ഒപ്പ് വയ്ക്കുന്നതാണ്  അതിൽ ശ്രദ്ധയില്‍ പെട്ടത്.

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios