Asianet News MalayalamAsianet News Malayalam

കാണാതായ ആ രണ്ട് പെണ്‍കുട്ടികള്‍ മരിച്ചതെങ്ങനെ? ആരാണ് നിരന്തരം എമര്‍ജന്‍സി നമ്പറുകളിലേക്ക് വിളിച്ചത്?

ഇരുവരെയും കാണാതായി പത്ത് ആഴ്‍ചകള്‍ക്ക് ശേഷം പ്രദേശത്തുള്ള ഒരു സ്ത്രീ ഫ്രോണിന്‍റെ നീലനിറമുള്ള ബാക്ക്പാക്ക് കണ്ടെത്തി. തന്‍റെ വീടിനടുത്തുള്ള ഒരു വയലില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയതെന്നും തലേദിവസം വരെ അത് അവിടെയുണ്ടായിരുന്നില്ലായെന്നും സ്ത്രീ പറഞ്ഞു. 

Kris Kremers and Lisanne Froon missing and death
Author
Panama, First Published Jun 25, 2020, 4:05 PM IST
  • Facebook
  • Twitter
  • Whatsapp

കാണാതാവലുകളും ദുരൂഹസാഹചര്യത്തിലെ മരണങ്ങളും ലോകത്തെല്ലായിടത്തും നടക്കാറുണ്ട്. ഇത് അങ്ങനെ കാണാതാവുകയും ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുകയും ചെയ്‍ത രണ്ട് പെണ്‍കുട്ടികളെ കുറിച്ചാണ്. പനാമയില്‍ വെച്ച് ഹൈക്കിങ്ങിനിടയിലാണ് 2014 ഏപ്രില്‍ ഒന്നിന് ഡച്ച് വിദ്യാര്‍ത്ഥികളായ ക്രിസ് ക്രെമേഴ്‍സ്, ലിസന്നെ ഫ്രോണ്‍ എന്നിവരെ കാണാതാവുന്നത്. വിപുലമായ തെരച്ചിലുകള്‍ക്കൊടുവില്‍ കാണാതായി മാസങ്ങള്‍ക്കുശേഷം അവരുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തുകയുണ്ടായി. എന്താണ് ഇവരുടെ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിക്കപ്പെട്ടില്ല. മലഞ്ചെരിവില്‍ വെച്ച് അബദ്ധത്തില്‍ ഇരുവരും വീണുപോയതാവാം എന്ന നിഗമനത്തിലാണ് എത്തിയത്. എന്നാല്‍, സാഹചര്യങ്ങളും ചില തെളിവുകളുമെല്ലാം അങ്ങനെയാവില്ല എന്ന സംശയം ഉണര്‍ത്തുന്നതായിരുന്നു. ഏതായാലും 2017 -ല്‍ കേസില്‍ പുനരന്വേഷണം ആരംഭിക്കുകയും പ്രദേശത്തുണ്ടായ മറ്റ് കൊലപാതകങ്ങള്‍ കൂടി അന്വേഷിക്കണമെന്ന ആവശ്യത്തിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നതായിരുന്നു. 

ലിസന്നെ ഫ്രോണിന് 22 വയസ്സായിരുന്നു. ശുഭാപ്‍തി വിശ്വാസമുള്ള, ബുദ്ധിമതിയായ, വോളിബോളില്‍ താല്‍പര്യമുള്ള, വോളിബോള്‍ കളിക്കാരിയായ പെണ്‍കുട്ടിയായിരുന്നു അവള്‍. ക്രിസ് ക്രെമേഴ്‍സിന് 21 വയസ്സായിരുന്നു. തുറന്നിടപഴകുന്ന, ക്രിയേറ്റീവായ, ഉത്തരവാദിത്വമുള്ള പെണ്‍കുട്ടിയായിരുന്നു അവള്‍. അപ്ലൈഡ് സയന്‍സസില്‍ ബിരുദം നേടിയ ആളായിരുന്നു ഫ്രോണ്‍. ക്രെമേഴ്‍സാകട്ടെ കള്‍ച്ചറല്‍ സോഷ്യല്‍ എജ്യുക്കേഷനില്‍ പഠനം പൂര്‍ത്തിയാക്കിയിരിക്കുകയായിരുന്നു. പനാമയിലേക്ക് വരുന്നതിന് ആഴ്‍ചകള്‍ മുമ്പ് അവര്‍ ഒരുമിച്ച് താമസിക്കുകയും ഒരു കഫേയില്‍ ജോലി ചെയ്യുകയുമായിരുന്നു. പനാമയിലേക്ക് വരുന്നതിനായി ഇരുവരും ചേര്‍ന്ന് പണം സമ്പാദിക്കുന്നുണ്ടായിരുന്നു. വെറും വരവായിരുന്നില്ല അത് ഒരുപാട് പ്ലാനുകളുണ്ടായിരുന്ന ഒരു സ്‍പെഷ്യല്‍ ട്രിപ്പായിരുന്നു അത്. സ്‍പാനിഷ് പഠിക്കുക, അവിടെയുള്ള സാധാരണക്കാര്‍ക്കായി എന്തെങ്കിലും ചെയ്യുക, പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുക എന്നിവയൊക്കെയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഫ്രോണിന്‍റെ ബിരുദത്തിനുള്ള ഒരു അംഗീകാരം കൂടിയായി അത് മാറുമെന്നും അവര്‍ കരുതിയിരുന്നിരിക്കാം. 

Kris Kremers and Lisanne Froon missing and death

 

2014 മാര്‍ച്ച് 15 -നാണ് ആറാഴ്‍ചത്തെ വെക്കേഷനായി അവര്‍ പനാമയിലെ Boquete -ലെത്തുന്നത്. മാര്‍ച്ച് 29 വരെ ഒരുമാസം അവര്‍ അവിടെയൊരു ഒരു പ്രദേശവാസിയുടെ വീട്ടില്‍ താമസിക്കുകയും കുട്ടികള്‍ക്കിടയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്‍തു. ഏപ്രില്‍ ഒന്നിനാണ് അവര്‍ ഹൈക്കിംഗിനിറങ്ങുന്നത്. താമസിച്ചിരുന്ന വീട്ടിലെ നായയും ഒപ്പമുണ്ടായിരുന്നു. ഈ വിവരം അവര്‍ ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു. രാവിലെ 11 മണിയോടെയാണ് ഇരുവരും വനത്തിനുള്ളിലേക്ക് പ്രവേശിക്കുന്നത്. രണ്ട് ഡച്ച് ചെറുപ്പക്കാര്‍ക്കൊപ്പം ഇരുവരും ഭക്ഷണം കഴിച്ചിരുന്നുവെന്നും പോസ്റ്റില്‍ വ്യക്തമാണ് എന്ന് പറയുന്നു. 

അവര്‍ താമസിച്ചിരുന്ന വീട്ടിലുള്ളവരാണ് ഇരുവരെയും കാണാതായ വിവരം ആദ്യം മനസിലാക്കുന്നത്. പെണ്‍കുട്ടികള്‍ക്കൊപ്പം പോയ വീട്ടിലെ നായ രാത്രി അവരില്ലാതെ തിരികെയെത്തിയപ്പോഴാണ് അവര്‍ക്ക് അപകടത്തെ കുറിച്ച് സംശയം തോന്നുന്നത്. മാത്രവുമല്ല, രണ്ട് പെണ്‍കുട്ടികളും അവരുടെ വീട്ടുകാര്‍ക്ക് മെസ്സേജുകള്‍ കൃത്യമായി അയക്കുമായിരുന്നു. അതും കിട്ടാതെയായി. പിറ്റേന്ന് രാവിലെ അവിടെയുള്ള ലോക്കല്‍ ഗൈഡിനെ സന്ദര്‍ശിക്കാമെന്നേറ്റിരുന്നുവെങ്കിലും പെണ്‍കുട്ടികള്‍ അവിടെയും എത്തിയില്ല. ഏപ്രില്‍ മൂന്നിന് അധികൃതര്‍ കാട്ടിലും മറ്റും തെരച്ചിലുകളും നടത്തി. ഏപ്രില്‍ ആറിന് ഫ്രോണിന്‍റെയും ക്രെമേഴ്‍സിന്‍റെയും മാതാപിതാക്കള്‍ പൊലീസ്, ഡോഗ് യൂണിറ്റ്, ഡിറ്റക്ടീവ്സ് എന്നിവര്‍ക്കൊപ്പം നെതര്‍ലന്‍ഡില്‍ നിന്നും എത്തിച്ചേരുകയും 10 ദിവസം തുടര്‍ച്ചയായി തെരച്ചില്‍ നടത്തുകയും ചെയ്‍‍തു. കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി വലിയ പണവും അന്ന് മാതാപിതാക്കള്‍ വാഗ്ദ്ധാനം ചെയ്‍തിരുന്നു. 

Kris Kremers and Lisanne Froon missing and death

 

ബാക്ക്പാക്ക് കണ്ടെത്തുന്നു

ഇരുവരെയും കാണാതായി പത്ത് ആഴ്‍ചകള്‍ക്ക് ശേഷം പ്രദേശത്തുള്ള ഒരു സ്ത്രീ ഫ്രോണിന്‍റെ നീലനിറമുള്ള ബാക്ക്പാക്ക് കണ്ടെത്തി. തന്‍റെ വീടിനടുത്തുള്ള ഒരു വയലില്‍ നിന്നുമാണ് ബാഗ് കണ്ടെത്തിയതെന്നും തലേദിവസം വരെ അത് അവിടെയുണ്ടായിരുന്നില്ലായെന്നും സ്ത്രീ പറഞ്ഞു. രണ്ട് സണ്‍ഗ്ലാസുകള്‍, പണം, ഫ്രോണിന്‍റെ പാസ്പോര്‍ട്ട്, വാട്ടര്‍ബോട്ടില്‍, ഫ്രോണിന്‍റെ ക്യാമറ, രണ്ട് ബ്രാ, ഇരുവരുടെയും ഫോണുകള്‍ എന്നിവയാണ് ബാഗിലുണ്ടായിരുന്നത്. എല്ലാം ശരിയായി പാക്ക് ചെയ്‍ത വിധത്തില്‍ കേടുപാടുകളോ നനവോ ഒന്നുമില്ലാതെയാണ് കണ്ടെത്തിയത്. ഇരുവരുടെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും ഹൈക്കിംഗ് തുടങ്ങി കുറച്ച് മണിക്കൂറുകള്‍ക്ക് മാത്രം ശേഷം ആരോ എമര്‍ജന്‍സി നമ്പറായ 112 (ഇന്‍റര്‍നാഷണല്‍ എമര്‍ജന്‍സി നമ്പര്‍), 911 (പനാമയിലെ എമര്‍ജന്‍സി നമ്പര്‍) എന്നിവയിലേക്ക് ഡയല്‍ ചെയ്‍തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. 

ആദ്യത്തെ ഫോണ്‍കോള്‍ അവരുടെ ഹൈക്കിംഗ് തുടങ്ങി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് നടന്നിരിക്കുന്നത്. ഒരെണ്ണം ക്രെമേഴ്‍സിന്‍റെ ഐഫോണില്‍ നിന്നും ഒരു കോള്‍ ഫ്രോണിന്‍റെ സാംസങ് ഗാലക്സിയില്‍ നിന്നുമാണ് പോയിരിക്കുന്നത്. ആദ്യത്തെ കോള്‍ 16:39 -നും രണ്ടാമത്തെ കോള്‍ 16:51 -നും ആയിരുന്നു. എന്നാല്‍, സാങ്കേതികമായ  ചില പ്രശ്‍നങ്ങള്‍ കാരണം കോള്‍ നീണ്ടുനില്‍ക്കുകയോ ആരെങ്കിലും എന്തെങ്കിലും വെളിപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ഒറ്റ കോള്‍ മാത്രമാണ് അതില്‍ ഏതാനും സെക്കന്‍ഡ് നീണ്ടുനിന്നത്. അത് ഏപ്രില്‍ മൂന്നിനായിരുന്നു, അതായത് പെണ്‍കുട്ടികള്‍ ഹൈക്കിംഗ് തുടങ്ങി മൂന്നാം ദിവസം. ഏപ്രില്‍ അഞ്ചിനുശേഷം ഫ്രോണിന്‍റെ ഫോണിലെ ബാറ്ററി ചാര്‍ജ്ജ് തീരുകയും അഞ്ച് മണിയോടെ അത് ഓഫാവുകയും ചെയ്‍തു. പിന്നീടത് ഉപയോഗിച്ചിട്ടില്ല. എന്നാല്‍, ക്രെമേഴ്‍സിന്‍റെ ഫോണ്‍ ഉപയോഗിച്ച് കോളുകളൊന്നും ചെയ്‍തിട്ടില്ല. എന്നാല്‍, ഏപ്രില്‍ ആറിന് പലതവണ തെറ്റായ പിന്‍കോഡ് ഉപയോഗിച്ച് അതുപയോഗിക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. യഥാര്‍ത്ഥ കോഡ് പിന്നീടൊരിക്കലും കിട്ടുകയുമുണ്ടായില്ല. ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത് ഏപ്രില്‍ ഏഴിനും പത്തിനുമിടയില്‍ ഐഫോണുപയോഗിച്ച് 77 തവണ എമര്‍ജന്‍സി നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്നാണ്. ഏപ്രില്‍ 11 -ന് 10:51 -ന് ഫോണ്‍ ഓണ്‍ ചെയ്യുകയും 11:56 -ന് ഓഫ് ചെയ്യുകയും ചെയ്‍തിരുന്നു. പിന്നീട് അത് ഓണ്‍ ചെയ്യുകയുണ്ടായില്ല. 

ഏപ്രില്‍ ഒന്നിന് ഫ്രോണിന്‍റെ ക്യാമറയില്‍ ചില ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. 911 -ലേക്ക് വിളിക്കുന്നതിന് കുറച്ച് മണിക്കൂറുകള്‍ക്ക് മുമ്പ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ അസാധാരണമായി ഒന്നുമുണ്ടായിരുന്നില്ല. ഇരുവരും ആ സ്ഥലങ്ങളില്‍ ചുറ്റിനടക്കുന്നത് മാത്രമായിരുന്നു അത് വ്യക്തമാക്കിയത്. ഏപ്രില്‍ എട്ടിന് ഒരു മണിക്കും നാല് മണിക്കുമിടയില്‍ 90 ചിത്രങ്ങളാണ് പകര്‍ത്തപ്പെട്ടിട്ടുള്ളത്. അത് കാടിനകത്തുനിന്നുള്ളതും ഏറെക്കുറെ ഇരുട്ടുമായിരുന്നു കാണിച്ചിരുന്നത്. പുഴയ്ക്കോ മലയിടുക്കിനോ അരികിലെവിടെയോ ആയിരുന്നു ഇരുവരുമെന്നാണ് ഏറെക്കുറെ അതില്‍നിന്നും മനസിലായത്. ഒരു പാറയുടെ മുകളിൽ ഒരു കല്ലില്‍ പ്ലാസ്റ്റിക് ബാഗുകളും കാൻഡി റാപ്പറുകളും കാണാമായിരുന്നു. മറ്റൊന്ന് ടോയ്‌ലറ്റ് പേപ്പറും മറ്റൊരു പാറയിൽ കണ്ണാടിയും പോലെയെന്തോ വസ്‍തുവും കാണാമായിരുന്നു. മറ്റൊന്നില്‍ ക്രെമേഴ്‌സിന്റെ തലയുടെ പിൻഭാഗവും കാണിക്കുന്നുണ്ടായിരുന്നു. മുറിഞ്ഞ നിലയിലായിരുന്നുവെന്നും പറയുന്നു.

ഏതായാലും ബാക്ക്പാക്ക് കണ്ടെത്തിയതോടെ മറ്റ് ചില പ്രദേശങ്ങളിലേക്ക് കൂടി തെരച്ചില്‍ വ്യാപിപ്പിച്ചു. തെരച്ചിലില്‍ ഫ്രോണിന്‍റെ ബാക്ക്പാക്ക് കണ്ടെത്തിയതില്‍ നിന്നും കുറച്ചകലെയായി ക്രെമേഴ്സിന്‍റെ ജീന്‍സ് ഷോര്‍ട്ട് കണ്ടെത്തി. ഒരു കല്ലിനുമുകളില്‍ വൃത്തിയായി മടക്കിവെച്ച നിലയിലായിരുന്നു അത്. (പിന്നീട് ഒരു ദൃസാക്ഷി നേരത്തെ പുഴയില്‍ ആ ജീന്‍സ് കണ്ടിരുന്നുവെന്നും എന്നാല്‍ വൃത്തിയായി മടക്കിയ രീതിയിലായിരുന്നില്ല എന്നും പറയുകയുണ്ടായി.) രണ്ട് മാസങ്ങള്‍ക്കുശേഷം ബാക്ക്പാക്ക് കണ്ടെത്തിയതിന്‍റെ അടുത്തുനിന്നായി ഒരു പെല്‍വിസ്, കാലോടുകൂടിയ ഒരു ബൂട്ട് എന്നിവയും കണ്ടെത്തി. ഒരേ നദീതീരത്ത് വ്യാപകമായി ചിതറിക്കിടക്കുന്ന 33 അസ്ഥികളെങ്കിലും തുടര്‍ന്ന് കണ്ടെത്തി. ഡി‌എൻ‌എ പരിശോധനയിൽ അവ ഫ്രോൺ, ക്രെമെഴ്‍സ് എന്നിവരുടെയാണെന്ന് സ്ഥിരീകരിച്ചു. ഫ്രോണിന്‍റെ അസ്ഥികളിൽ ഇപ്പോഴും ചില ചർമ്മങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ക്രെമേഴ്‌സിന്റെ അസ്ഥികളില്‍ അതും ഇല്ലായിരുന്നു. 

ഏതായാലും ഇരുവരും സ്വാഭാവികമായും വഴി തെറ്റിയോ മറ്റോ അപകടത്തില്‍ പെട്ടതാണോ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നൊന്നും ഇതുവരെയും തെളിയിക്കപ്പെട്ടിട്ടില്ല. പല നിഗമനങ്ങളും പലരും അനുമാനിക്കുകയുണ്ടായി. ഇരുവരെയും ആരെങ്കിലും കൊലപ്പെടുത്തിയതാകാം എന്നതായിരുന്നു ഒരു നിഗമനം. എന്നാല്‍, ക്രെമേഴ്‍സ് വീണ് പരിക്കേറ്റിരിക്കാം അങ്ങനെ രാത്രിയായിട്ടും തിരികെ വരാനാവാത്തതിനാല്‍ ഇരുവരും വഴി തെറ്റിയിരിക്കാം. ക്യാമറയുടെ ഫ്ലാഷ് ഉപയോഗിച്ചായിരിക്കാം വെളിച്ചം കണ്ടെത്തിയതെന്നും അതാവാം ആ ചിത്രങ്ങളെന്നും ചിലരെല്ലാം പറയുന്നു. ഒടുവില്‍ ക്രെമേഴ്‍സ് അപകടത്തില്‍ മരിക്കുകയും കാട്ടില്‍ തനിച്ച് അതിജീവിക്കാനാവാതെ ഫ്രോണും മരിക്കുകയും ചെയ്‍തിരിക്കാമെന്നും ചിലര്‍ പറയുന്നു. കാണാതായ മറ്റ് ശരീരഭാഗങ്ങളെ കുറിച്ചും സംശയങ്ങളപ്പോഴും ബാക്കിയാവുകയാണ്. മാത്രവുമല്ല, ആരായിരുന്നു ആ പെണ്‍കുട്ടികള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ച ഡച്ച് യുവാക്കള്‍? 

Follow Us:
Download App:
  • android
  • ios