രാവിലെ എഴുന്നേല്‍ക്കും. പിന്നീട് ബ്രേക്ക് ഫാസ്റ്റ് തയ്യാറാക്കും. ക്ലോക്കിന്‍റെ വേഗത്തിനനുസരിച്ചാണ് പിന്നെയുള്ള സഞ്ചാരം. ലഞ്ചുണ്ടാക്കുന്നു. അത് ലഞ്ച് ബോക്സുകളിലാക്കുന്നു. കുട്ടികളെ സ്കൂളിലയക്കുന്നു. വീട്ടില്‍ എല്ലാവരുടേയും ഭക്ഷണകാര്യങ്ങളും മറ്റുമെല്ലാം സിമ്പിളായി നടക്കുന്നില്ലേ എന്ന് അന്വേഷിക്കുന്നു. സാധാരണ ഇതൊക്കെ ആരാണ് ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അമ്മ എന്ന് മറുപടി പറയാനാണ് സാധ്യത കൂടുതല്‍. എന്നാല്‍, ഇവിടെ ഈ മുംബൈ സ്വദേശിയാണ് ഇതെല്ലാം ചെയ്യുന്നത്. സ്ത്രീകള്‍ വീട്ടിലെ ജോലി നോക്കുകയും പുരുഷന്മാര്‍ പണിക്ക് പോയി വീടിന്‍റെ നാഥനായി തുടരുകയും ചെയ്യട്ടേ എന്ന സമൂഹത്തിന്‍റെ നിയമത്തെ അനുസരിക്കാതെ ജീവിക്കുന്ന ചില പുരുഷന്മാരില്‍ ഒരാളാണ് ലാഹര്‍ ജോഷി. 

പുരുഷാധിപത്യം കൃത്യമായും നിലനില്‍ക്കുന്ന നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയൊരു ഭര്‍ത്താവും അച്ഛനും ആവുക എന്നത് ഒട്ടും എളുപ്പമല്ല. ''എന്‍റെ തീരുമാനത്തെ കുറിച്ച് ആദ്യമായി ഞാന്‍ പറഞ്ഞപ്പോള്‍ അത് തമാശയാണെന്ന് കരുതി ചിരിക്കുകയാണ് എല്ലാവരും ചെയ്തത്. ഞാന്‍ വീട്ടിലെ കാര്യങ്ങളും കുഞ്ഞുങ്ങളേയും നോക്കിക്കോളാം എന്ന് ഞാന്‍ ആവര്‍ത്തിച്ചു പറഞ്ഞു. പലര്‍ക്കും അത് ചിന്തിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. സമൂഹം ഈ കാര്യത്തെ എങ്ങനെയാണ് കാണുന്നത് എന്നതിന് നേര്‍ക്ക് പിടിച്ച കണ്ണാടിയായിരുന്നു എന്‍റെ ചോദ്യത്തിന് നേരെയുള്ള സമൂഹത്തിന്‍റെ പ്രതികരണം'' എന്ന് ലാഹര്‍ പറയുന്നു. 

2015 -ലാണ് ലാഹറിന്‍റെ ഭാര്യ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അന്നാണ് ലാഹര്‍ ജോലി രാജിവെക്കാന്‍ തീരുമാനിക്കുന്നതും. ഇന്ന് ഇന്ത്യയിലെ  വീട്ടില്‍ തന്നെയിരുന്ന് വീട്ടുകാര്യങ്ങള്‍ നോക്കുന്ന അച്ഛന്മാരില്‍ ഒരാളാണ് ലാഹര്‍. വീട്ടിലെ ജോലികള്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പറ്റുക എന്ന് തെളിയിച്ച ചിലരില്‍ ഒരാള്‍. പുരുഷന് രണ്ട് മക്കളേയും നോക്കി വീട്ടിലിരിക്കാന്‍ പറ്റുമോ? ഭാര്യ ജോലി ചെയ്ത് കൊണ്ടുവരുന്നതില്‍ നിന്നും പൈസക്ക് കൈ നീട്ടാന്‍ കഴിയുമോ നിങ്ങള്‍ക്ക്? തുടങ്ങി ഒരുപാട് ചോദ്യങ്ങള്‍ ലോഹറിനും അഭിമുഖീകരിക്കേണ്ടി വന്നു. പക്ഷെ, അപ്പോഴും തീരുമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. 

2013 -ലാണ് PinkElephant Disruptions LLP എന്ന സംരംഭം ലാഹറും ഭാര്യയും ആരംഭിക്കുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ ഭാര്യ ഗര്‍ഭിണിയായി. ഗര്‍ഭാവസ്ഥയും പ്രസവത്തെ തുടര്‍ന്നുള്ള ആയാസങ്ങളുമെല്ലാം പിന്നാലെ വന്നു. ആ സമയത്താണ് താന്‍ കൂടി ലീവ് എടുക്കുന്നത് നന്നായിരിക്കും എന്ന് ലാഹറിന് തോന്നുന്നത്. ഗര്‍ഭിണിയായി എട്ട് മാസം വരെ ഭാര്യ ജോലി ചെയ്തിരുന്നു. പ്രസവത്തിന് ശേഷം കുട്ടികളെ നോക്കുന്നത് ലാഹര്‍ എറ്റെടുത്തു. എല്ലാ ജോലിയേയും പോലെ തന്നെയാണ് വീട്ടുകാര്യങ്ങള്‍ നോക്കുന്നതും. അതില്‍ ആണ്‍-പെണ്‍ വ്യത്യാസം നോക്കേണ്ടതില്ലെന്നാണ് ലാഹറിന്‍റെ അഭിപ്രായം. രണ്ട് മക്കളും കുറച്ച് വളര്‍ന്നു കഴിഞ്ഞാല്‍ താനും ജോലിയിലേക്ക് തിരികെ പോകുമെന്നും ഭാര്യയും താനും ഒരുപോലെ വീട്ടുകാര്യങ്ങള്‍ നോക്കുമെന്നും കൂടി ലാഹര്‍ പറയുന്നു. 

ഭാര്യയായാലും ഭര്‍ത്താവായാലും വീട്ടിനകത്തെ കാര്യങ്ങളും പുറത്തെ കാര്യങ്ങളും നോക്കാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ലാഹര്‍ പറയുന്നു. ഒരുപാട് പേരൊന്നും ഈ ആശയം ഉള്‍ക്കൊള്ളുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുന്നില്ല. 2019 -ല്‍ Ipsos MORI നടത്തിയ പഠനം പറയുന്നത് 39 ശതമാനം ഇന്ത്യക്കാരും കരുതുന്നത് വീട്ടിലിരിക്കുന്ന പുരുഷന്മാര്‍ അത്ര 'പുരുഷന്മാര്‍' അല്ല എന്ന് വിശ്വസിക്കുന്നവരാണെന്നാണ്. അതായത്, പുരുഷനെന്നാല്‍ സ്ത്രീകളേക്കാള്‍ വളരെ ഉയരത്തില്‍ നില്‍ക്കുന്ന ആരോ ആണെന്നും വീടിനകം നോക്കുന്ന പുരുഷന്മാര്‍ അങ്ങനെയല്ലെന്നും കരുതുന്ന സമൂഹം തന്നെയാണ് നമ്മുടേത് എന്ന്. 27 ഇടങ്ങളില്‍ നടന്ന പഠനത്തില്‍ സൗത്ത് കൊറിയയാണ് ഇങ്ങനെ കരുതുന്നതില്‍ ഒന്നാമത്. രണ്ടാമത് ഇന്ത്യയും.