Asianet News MalayalamAsianet News Malayalam

യൂറോപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവുകൃഷി, സെക്യൂരിറ്റി ക്യാമറകളടക്കം സന്നാഹം, ഞെട്ടി പൊലീസ്

ഈ പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന ഫാം 12 ഹെക്ടർ വിസ്തൃതിയിൽ, 24 മണിക്കൂറും സ്ഥിരമായ നിരീക്ഷണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്ത്, രണ്ട് വെയർഹൗസുകളുണ്ട്. 

largest plantation of marijuana  seized in spain
Author
Spain, First Published Oct 20, 2021, 9:48 AM IST

യൂറോപ്പിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കഞ്ചാവ്(Marijuana) കൃഷി കണ്ടുകെട്ടി പൊലീസ്(police). റിപ്പോർട്ടുകൾ പ്രകാരം, സ്പെയിനിലെ ടോലെഡോയിലെ ഹ്യൂർട്ട ഡി വാൽഡെകാറബാനോസിലാണ്(Huerta de Valdecarábanos, Toledo, Spain) ഈ വലിയ കഞ്ചാവ് തോട്ടം കണ്ടെത്തിയത്. 120,000 ചതുരശ്ര മീറ്റർ വരെ വ്യാപിച്ചു കിടക്കുകയാണ് ഇത്. വ്യാവസായിക ഉപയോഗത്തിനായി ചണവിത്ത് വളർത്താൻ ഉപയോഗിച്ചിരുന്ന സ്ഥലത്താണ് കഞ്ചാവ് വളര്‍ത്തിയിരിക്കുന്നത്. 

എന്നിരുന്നാലും, സിവിൽ ഗാർഡിലെ അധികാരികൾ അന്വേഷിച്ചപ്പോൾ, അവിടെ കഞ്ചാവ് വളർത്തുന്നുണ്ടെന്ന് കണ്ടെത്തി. ആര്‍ക്കും സംശയം തോന്നാത്ത വിധം നിയമപരമായ കൃഷി എന്ന തരത്തിലാണ് ഇത് വളര്‍ത്തിയിരിക്കുന്നത്. 135,000 കഞ്ചാവ് ചെടികൾ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു, യൂറോപ്പിലെ ഒരു പൊലീസ് ഓപ്പറേഷനിൽ നടത്തിയ ഏറ്റവും വലിയ പിടിച്ചെടുക്കലാണിത്. മൂന്ന് പേരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. 

30 ടൺ ഉണങ്ങിയ കഞ്ചാവും 3,720 കിലോഗ്രാം മൊട്ടുകളും വിതരണത്തിനായി തയ്യാറാക്കിയിരുന്നത് സമീപത്തെ വെയർഹൗസുകളിൽ കണ്ടെത്തി. ഒരു സിവിൽ ഗാർഡ് പറഞ്ഞു: "ഈ പ്ലാന്റേഷൻ സ്ഥിതിചെയ്യുന്ന ഫാം 12 ഹെക്ടർ വിസ്തൃതിയിൽ, 24 മണിക്കൂറും സ്ഥിരമായ നിരീക്ഷണത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. സമീപത്ത്, രണ്ട് വെയർഹൗസുകളുണ്ട്. അതിനകത്തും വിള വര്‍ധിപ്പിക്കാനായി വളര്‍ത്താനുള്ള സൗകര്യമുണ്ട്. കഞ്ചാവ് ഉണക്കിയെടുക്കുന്നതിന് സെക്യൂരിറ്റി ക്യാമറകളോട് കൂടിയ ഒരു സുരക്ഷിത പ്രദേശവും ഉണ്ടായിരുന്നു."

കർഷകത്തൊഴിലാളികൾ കൂടുതലും വിദേശികളാണെന്നും അനൗദ്യോഗികമായാണ് ജോലി ചെയ്യുന്നതെന്നും വക്താവ് വെളിപ്പെടുത്തി. ജീവനക്കാരെ വളരെ കുറച്ച് സൗകര്യത്തിലാണ് പാർപ്പിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഏതായാലും സകലസൗകര്യങ്ങളോടും പ്രവർത്തിക്കുന്ന കഞ്ചാവ് തോട്ടം കുറച്ചൊന്നുമല്ല പൊലീസിനെയും ജനങ്ങളെയും അമ്പരപ്പിച്ചത്. 

Follow Us:
Download App:
  • android
  • ios