താൻ ഡെഡ്‍ലൈനുകൾ മീറ്റ് ചെയ്യാൻ രാവും പകലും ജോലി ചെയ്തു. ഒന്നര വർഷക്കാലം അസുഖമുള്ള സമയത്തും ജോലി ചെയ്തു. എന്നിട്ടും, ഔപചാരികമായ ഒരു അംഗീകാരമോ വിടവാങ്ങലോ തന്നില്ല എന്നാണ് അവൾ പറയുന്നത്.

ജോലി സ്ഥലത്ത് അം​ഗീകരിക്കപ്പെടുക എന്നത് കോർപറേറ്റുകളിൽ നടക്കാത്ത കാര്യമാണ് പലപ്പോഴും. സ്വന്തം ജോലി ചെയ്യുക, അതിനുള്ള ശമ്പളം വാങ്ങുക എന്നതിനും അപ്പുറത്തേക്ക് കൂടുതൽ നേരം ആത്മാർത്ഥതയോടെ ജോലി ചെയ്ത ശേഷം ഒരു അം​ഗീകാരമോ നല്ല വാക്കോ ഇല്ലാതെ കമ്പനി വിട്ടിറങ്ങുക എന്നത് വേദനാജനകമാണ്. അതിനാലാണ് ജോലിസ്ഥലത്തെ വെറും ജോലിസ്ഥലമായി മാത്രം കാണുക എന്ന് പലരും പറയുന്നത്. അവിടെ ഒരാൾ പോയാൽ അതുപോലെ മറ്റൊരാൾ വരുമെന്നേയുള്ളൂ എന്ന അനുഭവവും പലരും പറയാറുണ്ട്. അങ്ങനെ ഒരു അനുഭവം ഷെയർ ചെയ്യുകയാണ് സ്മൃതി ബാട്ടിഷ് എന്ന യുവതി. ലിങ്ക്ഡ്ഇന്നിൽ ഷെയർ ചെയ്ത പോസ്റ്റിലാണ് അവൾ ഇക്കാര്യം വ്യക്തമാക്കുന്നത്.

ഒരു വർഷത്തിലേറെയായി സ്ഥാപനത്തിൽ അഡ്വാൻസ്ഡ് അഷ്വറൻസ് അസോസിയേറ്റായി ജോലി ചെയ്യുകയായിരുന്നു യുവതി. തന്റെ ലിങ്ക്ഡ്ഇൻ പോസ്റ്റിൽ, കമ്പനിയിലെ തന്റെ അവസാന ദിവസത്തെ കുറിച്ചാണ് അവൾ ഓർക്കുന്നത്. 'ഏറ്റവും ദുഃഖകരമായ ദിവസങ്ങളിൽ ഒന്ന്' എന്നാണ് ആ കമ്പനിയിലെ അവസാനദിനത്തെ അവൾ വിളിക്കുന്നത്. അത് താൻ ഈ സ്ഥാപനം വിടുന്നതുകൊണ്ടല്ല. മറിച്ച് താൻ നടത്തിയ ശ്രമങ്ങൾക്ക് അവിടെ വേണ്ടത്ര അം​ഗീകാരം ലഭിക്കാത്തതുകൊണ്ടാണ് എന്നാണ് സ്മൃതിയുടെ പോസ്റ്റിൽ പറയുന്നത്.

താൻ ഡെഡ്‍ലൈനുകൾ മീറ്റ് ചെയ്യാൻ രാവും പകലും ജോലി ചെയ്തു. ഒന്നര വർഷക്കാലം അസുഖമുള്ള സമയത്തും ജോലി ചെയ്തു. എന്നിട്ടും, ഔപചാരികമായ ഒരു അംഗീകാരമോ വിടവാങ്ങലോ തന്നില്ല എന്നാണ് അവൾ പറയുന്നത്. വലിയ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിങ്ങളെ മാറ്റി മറ്റൊരാളെ എടുക്കുക എന്നത് എത്ര എളുപ്പമാണ് എന്ന് തനിക്ക് മനസിലായി എന്നും അവൾ പറയുന്നു.

ആ ദിവസമാണ് താൻ എടുത്തത് ശരിയായ തീരുമാനമാണ് എന്ന് തനിക്ക് മനസിലായത്. ജോലിസ്ഥലത്തെ തങ്ങളുടെ ശ്രമങ്ങൾ അവഗണിക്കപ്പെട്ടുവെന്ന് തോന്നുന്ന എല്ലാവരോടും തനിക്ക് പറയാനുള്ളത്, അവ ചിലപ്പോഴൊക്കെ ശ്രദ്ധിക്കപ്പെടാതെ പോയേക്കാം, എങ്കിലും അവ പ്രധാനമാണെന്ന് തിരിച്ചറിയുക എന്നു പറഞ്ഞുകൊണ്ടാണ് സ്മൃതി തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്. കോർപറേറ്റ് സ്ഥാപനങ്ങളിൽ ഇങ്ങനെയൊക്കെ തന്നെയാണ് എന്നാണ് ഭൂരിഭാ​ഗത്തിന്റേയും അഭിപ്രായം.