'പറക്കുക എന്നത് വെറുമൊരു സ്വപ്നമായി മാത്രം കാണാനാവുന്ന ഒരു കുടുംബത്തിൽ നിന്നാണ് നിങ്ങൾ വരുന്നത്. എന്നാൽ, ഇന്ന് നിങ്ങളുടെ മാതാപിതാക്കൾ ആകാശത്ത് നിന്നും ന്യൂയോർക്ക് കാണുന്നു' എന്നാണ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്.

അച്ഛനേയും അമ്മയേയും നന്നായി നോക്കുക, അവർക്ക് വീടെടുത്തു കൊടുക്കുക, കാർ വാങ്ങി നൽകുക, അവരുമായി ഒരുപാട് യാത്രകൾ പോവുക ഇവയൊക്കെ മിക്കവാറും മക്കളുടെ സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങൾക്ക് വേണ്ടി ഒരുപാട് പ്രവർത്തിക്കുകയും അത് നടത്തിയെടുക്കുകയും ചെയ്യുന്ന മക്കളുണ്ട്. അതിലൊരാളാണ് ഉത്തർപ്രദേശിലെ മഥുര സ്വദേശിയായ അമിത് കശ്യപ്. ടെക്കിയായ കശ്യപ് ഈ പറയുന്ന കാര്യങ്ങളെല്ലാം തന്റെ മാതാപിതാക്കൾക്ക് വേണ്ടി ചെയ്തു.

ടെക്സാസിൽ അച്ഛനും അമ്മയ്ക്കും വേണ്ടി വീടും ബിഎംഡബ്ല്യു കാർ വാങ്ങിയതിന്റേയും അവരെ യാത്രകൾ കൊണ്ടുപോയതിന്റെയും ഒക്കെ വിശേഷങ്ങൾ കശ്യപ് തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. വൺ വേൾഡ് ട്രേഡ് സെന്ററിന്റെ 104 -ാം നിലയിൽ നിന്ന് ന്യൂയോർക്ക് നഗരം കണ്ട് ആസ്വദിക്കുന്ന തന്റെ മാതാപിതാക്കളുടെ വീഡിയോ കശ്യപ് തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. വീഡിയോയിൽ, അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജീത് സിംഗ് കശ്യപും കാന്തി ദേവിയും പുഞ്ചിരിയോടെ ആ കാഴ്ചകൾ ആസ്വദിക്കുന്നത് കാണാം.

'പറക്കുക എന്നത് വെറുമൊരു സ്വപ്നമായി മാത്രം കാണാനാവുന്ന ഒരു കുടുംബത്തിൽ നിന്നാണ് നിങ്ങൾ വരുന്നത്. എന്നാൽ, ഇന്ന് നിങ്ങളുടെ മാതാപിതാക്കൾ ആകാശത്ത് നിന്നും ന്യൂയോർക്ക് കാണുന്നു' എന്നാണ് വീഡിയോയിൽ കുറിച്ചിരിക്കുന്നത്. വീഡിയോയിൽ യുവാവിന്റെ മാതാപിതാക്കളുടെ കണ്ണിൽ ആശ്ചര്യവും അമ്പരപ്പും അവിശ്വസനീയതയും ഒക്കെ കാണാം.

View post on Instagram

യുഎസ്സിൽ താൻ അച്ഛനും അമ്മയ്ക്കും വേണ്ടി ഒരു വീട് വാങ്ങിയെന്നും അച്ഛനേയും അമ്മയേയും കൊണ്ട് യാത്ര ചെയ്യാൻ ഇന്ന് തനിക്ക് ബിഎംഡബ്ല്യുവുണ്ട് എന്നും യുവാവ് പറയുന്നു. അച്ഛനുമമ്മയും യുവാവിന് വേണ്ടി അത്രയേറെ ത്യാ​ഗങ്ങൾ സഹിച്ചവരാണ്. യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോ അനേകങ്ങളാണ് കണ്ടിരിക്കുന്നത്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകി. നിങ്ങൾ ജീവിതത്തിൽ വിജയിച്ചിരിക്കുന്നു, ഇതിനേക്കാൾ വലുതായി ഇനി എന്താണ് വേണ്ടത് എന്നാണ് മിക്കവരും കമന്റ് നൽകിയിരിക്കുന്നത്.