'എന്‍റെ ശരീരം കൊണ്ട് ഞാനെന്ത് ചെയ്യണമെന്ന് നിങ്ങളെന്നോട് കല്‍പ്പിക്കേണ്ടതില്ല..' സാറ്റര്‍ഡേ നൈറ്റ് ലൈവ് എന്ന പ്രോഗ്രാമില്‍ നടിയായ ലെസ്ലി ജോണ്‍സ് പൊട്ടിത്തെറിച്ചത് ഇങ്ങനെയാണ്. അലബാമയില്‍ നടപ്പിലാക്കിയ ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെയുള്ള ലെസ്ലിയുടെ പ്രതികരണമായിരുന്നു ഇത്. 

അലബാമയില്‍ പൂര്‍ണമായും ഗര്‍ഭഛിദ്രം നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ കുറച്ച് ദിവസങള്‍ക്ക് മുമ്പാണ് ഗവര്‍ണര്‍ കേ ഇവി ഒപ്പ് വെച്ചത്. അതോടെ വലിയ തോതിലുള്ള പ്രതിഷേധമാണ് ബില്ലിനെതിരെ ഉണ്ടായത്. സകല മേഖലകളിലുമുള്ള ആളുകളും ബില്ലിനെതിരെ പ്രതിഷേധവുമായി മുന്നോട്ട് വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ #youknowme എന്ന പേരില്‍ കാമ്പയിന്‍ തന്നെ തുടങ്ങി. ഗര്‍ഭഛിദ്രം നടത്തേണ്ടി വന്ന സ്ത്രീകള്‍ അവരുടെ അനുഭവം തുറന്ന് പറഞ്ഞു. 

ഈ ശരീരം തന്‍റേതാണ്.. അതിന്‍റെ സ്വാതന്ത്ര്യം തീരുമാനിക്കുന്നതും ഞാനാണ്'

പന്ത്രണ്ടാമത്തേയും പതിനഞ്ചാമത്തേയും ഒക്കെ വയസ്സില്‍ പീഡനത്തിനിരയായി ഗര്‍ഭിണിയാകേണ്ടി വന്ന ഞങ്ങളെന്ത് ചെയ്യണമെന്ന് അലബാമയിലെ സ്ത്രീകള്‍ ഉറക്കെ ചോദിച്ചു.

ഈ പ്രതിഷേധത്തിന്‍റെ തുടര്‍ച്ച തന്നെയാണ് കഴിഞ്ഞ ദിവസം സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ലെസ്ലിയുടെ ഭാഗത്തുനിന്നും ഉണ്ടായതും. കോമഡി താരം കൂടിയായ ലെസ്ലി കോമിക്ക് ആയും ഒപ്പം തന്നെ വളരെ ഗൗരവപൂര്‍ണമായും ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ പ്രതികരിച്ചു. 

ഷോയിലേക്ക് കടന്നുവന്ന ലെസ്ലി താന്‍ മുകളില്‍ ധരിച്ചിരുന്ന വസ്ത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തി ഊരിക്കളഞ്ഞു. അതിനടിയില്‍ അവര്‍ ധരിച്ച ടീഷര്‍ട്ടില്‍ ഇങ്ങനെ എഴുതിയിരുന്നു "MINE" (എന്‍റേത്).. അതില്‍, താഴേക്ക് പോയിന്‍റ് ചെയ്യുന്നൊരു വില്ലുണ്ടായിരുന്നു. 'ഈ ശരീരം തന്‍റേതാണ്.. അതിന്‍റെ സ്വാതന്ത്ര്യം തീരുമാനിക്കുന്നതും ഞാനാണ്' എന്ന് വളരെ സിമ്പിളായ രീതിയില്‍ പ്രകടിപ്പിക്കാനാണ് ലെസ്ലി ശ്രമിച്ചത്. അത് പക്ഷെ, വളരെ ഗൗരവപൂര്‍ണമായ ഒരു തുറന്നു കാട്ടലായിരുന്നു. 'ഒരു സ്ത്രീയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഈ ശരീരത്തില്‍ എനിക്കാണ് പൂര്‍ണമായ അധികാരം, നിങ്ങളതില്‍ ഇടപെടേണ്ടതില്ല..' എന്ന വെല്ലുവിളി തന്നെയായിരുന്നു അത്.

തുടര്‍ന്ന് ലെസ്ലി ചോദിച്ചു, ''നിങ്ങള്‍ക്കൊരു കാര്യമറിയുമോ? സാധാരണ സീസണുകളിലല്ലാതെ സ്റ്റാര്‍ബക്കില്‍ ചെന്നു കഴിഞ്ഞാല്‍ അവരെന്‍റെ ക്രെഡിറ്റ് കാര്‍ഡ് സ്വീകരിക്കില്ല. കാരണം, ഞാനൊരു സ്ത്രീയാണ് എന്നതാണ്. ഞാനൊരു സ്ത്രീയായതിനാല്‍ എന്‍റെ ക്രെഡിറ്റ് കാര്‍ഡില്‍ പണം കാണില്ലെന്ന് അവര്‍ കരുതുന്നു. 

ഈ ഗര്‍ഭഛിദ്ര നിരോധന നിയമം സ്ത്രീകള്‍ക്കെതിരെയുള്ള യുദ്ധം തന്നെയാണ്

'നോക്കൂ, നിങ്ങള്‍ക്ക് സ്ത്രീകളെ നിയന്ത്രിക്കാന്‍ കഴിയില്ല. കാരണം, അവരും മനുഷ്യര്‍ തന്നെയാണ്. സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പുണ്ട്, അതിനുള്ള സ്വാതന്ത്ര്യവും. ഈ ഗര്‍ഭഛിദ്ര നിരോധന നിയമം സ്ത്രീകള്‍ക്കെതിരെയുള്ള യുദ്ധം തന്നെയാണ്..' ലെസ്ലി പ്രതികരിച്ചു. 

"Dracarys!" എന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് ലെസ്ലി തന്‍റെ സംഭാഷണം അവസാനിപ്പിച്ചത്. ഗെയിം ഓഫ് ത്രോണ്‍സില്‍ ശത്രുക്കള്‍ക്ക് നേരെ തീ തുപ്പാനുള്ള ആഹ്വാനത്തെ ഓര്‍മ്മിപ്പിക്കുന്ന ഈ ഒരു വാക്കിലൂടെ അവര്‍ ഗര്‍ഭഛിദ്ര നിരോധന നിയമത്തിനെതിരെ തന്‍റെ ശക്തമായ നിലപാട് അറിയിക്കുകയായിരുന്നു. 

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.