മുൻ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ലീ പെങ്ങ് അന്തരിച്ചു. 1989 -ൽ ചൈനയുടെ തെരുവുകളിൽ ആയിരക്കണക്കിന് യുവാക്കളുടെ രക്തം ചിന്തിയ ടിയാനൻ മെൻ സ്‌ക്വയർ കൂട്ടക്കൊലയ്ക്ക് മുന്നോടിയായി രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് അന്ന് പാർട്ടിയുടെ സർവ്വാധികാരിയായിരുന്ന ലീ പെങ്ങായിരുന്നു.  രഹസ്യമായി സൂക്ഷിച്ചിരുന്ന ഒരു രോഗത്തിന്റെ വിഷമതകൾ അനുഭവിച്ചുകൊണ്ട്  ഏറെക്കാലമായി കഴിയുകയായിരുന്ന ലീ പെങ്ങ്, തന്റെ തൊണ്ണൂറാം വയസ്സിലാണ് മരണത്തിന് കീഴടങ്ങിയത്. ചൈനീസ് ഗവണ്മെന്റിന്റെ ഔദ്യോഗിക മാധ്യമ വിഭാഗമാണ് അദ്ദേഹത്തിന്റെ മരണാനന്തരം ഈ വിവരം ഒടുവിൽ ഔപചാരികമായി പുറംലോകത്തെ അറിയിച്ചത്. 

എൺപതുകളിലും തൊണ്ണൂറുകളിലും ചൈനീസ് ഗവണ്മെന്റിന്റെ പല സുപ്രധാന പദവികളും അലങ്കരിച്ചിരുന്നു, മുതിർന്ന കമ്യൂണിസ്റ്റ് നേതാവായ ലീ പെങ്ങ്. പക്ഷേ, "ബുച്ചർ ഓഫ് ബെയ്‍ജിങ്ങ്"  അഥവാ "ബെയ്‍ജിങ്ങിലെ കശാപ്പുകാരൻ" എന്ന പേരിൽ കുപ്രസിദ്ധനാകാനായിരുന്നു അദ്ദേഹത്തിന്റെ ജീവിത നിയോഗം. അതിനു കാരണമായതോ, 1989-ൽ 'രാജ്യത്ത് ജനാധിപത്യം വേണം' എന്നാവശ്യപ്പെട്ടുകൊണ്ട് സമരത്തിനിറങ്ങിയ, ചൈനയിലെ വിദ്യാർത്ഥികൾ അടങ്ങിയ പൗരാവലിക്കു നേരെ, ലീ പെങ്ങിന്റെ കൽപ്പന പ്രകാരം ചൈനീസ് പട്ടാളം അഴിച്ചുവിട്ട സായുധാക്രമണവും, അതേത്തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ജീവൻ നഷ്ടപ്പെട്ട വെടിവെപ്പും. 

എന്നും ലീ പെങ്ങ് ആ സൈനിക നടപടിയെ രാജ്യത്തെ ക്രമസമാധാന നില പാലിക്കാൻ തനിക്ക് കൈക്കൊള്ളേണ്ടി വന്ന 'യുക്തമായ' ഒരു നടപടി എന്നാണു വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം മരിച്ചപ്പോൾ പുറത്തിറക്കിയ സിൻഹുവ ന്യൂസ് ഏജൻസിയുടെ ഔദ്യോഗിക അനുശോചനക്കുറിപ്പിൽ "രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരകലാപം അടിച്ചമർത്താൻ ഉചിതമായ നടപടികൾ സ്വീകരിച്ച് വിമതരുടെ ആക്രമണങ്ങളെ അടിച്ചമർത്തിയ ധീരൻ..." എന്നാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചതും. ആയിരങ്ങളെ കൊന്നൊടുക്കിയ ഈ അക്രമത്തെപ്പറ്റി മിണ്ടുന്നതിനു പോലും ചൈനയിൽ ഇന്നും വിലക്കുണ്ട്. എന്തിനധികം പറയുന്നു, ചൈനയിൽ 'ടിയാനൻമെൻ സ്‌ക്വയർ' എന്ന വാക്ക് ഗൂഗിൾ ചെയ്യാൻ പോലും സാധിക്കില്ല. ബ്ലോക്ക് ചെയ്തിരിക്കുകയാണ് ആ പദം പോലും. ദൗർഭാഗ്യകരമായ ആ സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നതുപോയിട്ട്, അന്ന് മരണപ്പെട്ടവരുടെ കൃത്യമായ സംഖ്യപോലും ഇന്നും ഗവണ്മെന്റ് വെളിപ്പെടുത്തിയിട്ടില്ലെന്ന് അന്ന് മക്കൾ നഷ്ടപ്പെട്ടവരുടെ സംഘടനയായ, 'ടിയാനൻമെൻ മദേഴ്‌സ്' പറയുന്നു. 

അന്നത്തെ പ്രതിഷേധങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന, എന്നാൽ എന്തോ ഭാഗ്യം കൊണ്ട് മരിക്കാതെ രക്ഷപ്പെട്ട വിദ്യാര്‍ത്ഥി നേതാവാണ് വുയെർ കൈക്സി. ഒരു വിദേശരാജ്യത്ത് അഭയം തേടി ഇന്നും ഒളിച്ചു കഴിയുന്ന അദ്ദേഹം, 'ഒടുവിൽ തങ്ങളുടെ സഖാക്കളുടെ കൊലയാളിയെത്തേടി മരണം വന്നു എന്നറിഞ്ഞതിൽ സന്തോഷം തോന്നുന്നുണ്ട്' എന്ന് പ്രതികരിച്ചു. അന്ന് ചൈനയുടെ തെരുവുകളിൽ മരിച്ചുവീണവരുടെ ബന്ധുക്കൾക്ക് ഇന്നും നീതികിട്ടിയിട്ടില്ലെന്നും അദ്ദേഹം ബിബിസിയോട് പറഞ്ഞു. "ജൂലൈ 4 കൂട്ടക്കൊലയിലെ കശാപ്പുകാരനാണയാൾ. അങ്ങനെ മാത്രമേ ആ ദുഷ്ടനെ ലോകചരിത്രം രേഖപ്പെടുത്താവൂ... എന്നെങ്കിലുമൊരിക്കൽ ചൈനയിലെ ചരിത്ര പുസ്തകങ്ങളും, സ്‌കൂളുകളിലെ പാഠപുസ്തകങ്ങളും അതുതന്നെ അച്ചടിച്ച് കുട്ടികളെ പഠിപ്പിക്കുന്ന ഒരു സുദിനമാണ് എന്റെ സ്വപ്‌നം..." അദ്ദേഹം പറഞ്ഞു.'' 

1989 -ൽ ടിയാനൻ മെൻ സ്‌ക്വയറിൽ നടന്നതെന്തായിരുന്നു..? 

നാട്ടിൽ നടമാടിക്കൊണ്ടിരുന്ന ജനാധിപത്യ ധ്വംസനങ്ങളോടും അഴിമതിയോടുമുള്ള പ്രതിഷേധ സൂചകമായി ചൈനയിലെ വിദ്യാർത്ഥി സംഘടനകൾ ബെയ്ജിങ്ങിലെ ടിയാനൻമെൻ സ്‌ക്വയർ എന്ന സ്ഥലത്ത് സംഘടിപ്പിച്ച പ്രകടനം സർക്കാർ തങ്ങളോടുള്ള വെല്ലുവിളിയായി ഏറ്റെടുത്തു. കൊടും തണുപ്പിനെ അവഗണിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ തടിച്ചുകൂടിയ ടിയാനൻമെൻ സ്‌ക്വയറിലെ ആ രാത്രിയിലേക്ക് ടാങ്കുകളും യന്ത്രത്തോക്കുകളും ഒക്കെയായി മാർച്ചുചെയ്ത ചൈനീസ് പട്ടാളം മെഗാഫോണുകളിലൂടെ അവരോട് ആ നിമിഷം അവിടെ നിന്നും പിരിഞ്ഞുപോവാൻ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. "ജനാധിപത്യം, അല്ലെങ്കിൽ മരണം..." എന്ന് പ്ലക്കാർഡെഴുതി കയ്യിൽ പിടിച്ചുകൊണ്ട്  വീടുകളിൽ നിന്നും ഇറങ്ങി വന്ന ആ കുട്ടികൾ പട്ടാളത്തിന്റെ ഭീഷണി വകവെക്കാതെ അവിടെത്തന്നെ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

'പോവുന്നെങ്കിൽ എന്റെ നെഞ്ചത്തൂടെ...' - പട്ടാള ടാങ്കിനെ ഭയക്കാത്ത ആ മനുഷ്യന്‍ ആരായിരുന്നു?

അതിനിടെ പട്ടാളക്കാരും വിദ്യാർത്ഥികളും തമ്മിൽ ചില്ലറ സംഘർഷങ്ങളൊക്കെ ഉണ്ടായി. പിന്നെ അവിടെ നടന്നത് പട്ടാളക്കാരുടെ അഴിഞ്ഞാട്ടമായിരുന്നു. നിരായുധരും ഏറെക്കുറെ ശാന്തരുമായിരുന്ന ആ വിദ്യാർത്ഥികൾക്കെതിരെ അവർ നിർദ്ദയം നിറയൊഴിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം മരിച്ചത് 300 വിദ്യാർഥികൾ മാത്രമായിരുന്നു എങ്കിൽ, "ടിയാനൻമെൻ അമ്മമാർ" പോലുള്ള സംഘടനകളുടെ കണക്കു പ്രകാരം അന്നവിടെ പൊലിഞ്ഞത് 8000 -നും 10,000 -നും ഇടയ്ക്ക് നിഷ്കളങ്കരായ വിദ്യാർത്ഥികളുടെ പ്രാണനാണ്. 

ജൂൺ നാലിന് പുലർച്ചെ നാലുമണിയോടെ തുടങ്ങിയ സായുധ പട്ടാള അതിക്രമത്തിൽ, ടിയാനൻ മെൻ സ്വയറിൽ തടിച്ചുകൂടിയ നിരായുധരായ വിദ്യാർത്ഥികളെ പട്ടാളം ആദ്യം ലാത്തിച്ചാർജ് ചെയ്തു. എന്നിട്ടും പോകാഞ്ഞവരുടെ പള്ളയ്ക്ക് ബയണറ്റിനു കുത്തി. ശേഷിച്ചവർക്ക് നേരെ നിഷ്കരുണം വെടിയുതിർത്തു.  

പട്ടാള ടാങ്കുകളിൽ നിന്നും ഒരേ സന്ദേശം തന്നെ നിരന്തരം വന്നുകൊണ്ടിരുന്നു, "നിങ്ങൾ ഇനിയും ടിയാനൻമെൻ സ്‌ക്വയറിൽ തുടർന്നാൽ നിങ്ങളുടെ സുരക്ഷ ഞങ്ങൾക്ക് ഉറപ്പു തരാനാവില്ല. ഇവിടെ തുടർന്നാൽ പിന്നെ നടക്കുന്നതിന്റെ ഉത്തരവാദിത്തം നിങ്ങൾക്കു മാത്രമായിരിക്കും. അതുകൊണ്ട് എത്രയും പെട്ടെന്ന് ചത്വരം വിട്ടുപോവണം.. ഇത് അവസാനത്തെ അറിയിപ്പാണ്..." കൊലവിളികൾ കേട്ടിട്ടും ആരും എങ്ങും പോയില്ല. തീ തുപ്പുന്ന തോക്കുകളുമായി ആയിരക്കണക്കിന് ഭടന്മാർ മാർച്ചു ചെയ്യുന്നത് കണ്ടിട്ടും, മരണം ഏത് നിമിഷവും തങ്ങളെ തേടിവരാം എന്ന് തിരിച്ചറിഞ്ഞിട്ടും അവർ അവിടെ നിന്നും ഒരിഞ്ച്  അനങ്ങിയില്ല. ചില വിദ്യാർത്ഥികൾ ഹൗസ്‌ സർജന്മാരായിരുന്നു, പ്രതിഷേധിക്കാൻ കൂടിയവരിൽ പലരും ബെയ്ജിങ്ങിലെ ആശുപത്രികളിലെ ഡോക്ടർമാരും. അവർ വെടിയേറ്റു മരണത്തോട് മല്ലടിച്ചവർക്ക് വേണ്ട പ്രഥമ ശുശ്രൂഷ നൽകി. പരിക്കുകൾ ഗുരുതരമായിരുന്നു. പലരും മരണത്തിനു കീഴടങ്ങി.

 

പലരും അടുത്ത പുലരി കണ്ടില്ല..!  ഒരു ചൈനീസ് വ്യാളിയെപ്പോലെ തീതുപ്പിക്കൊണ്ട് അവർക്കുനേരെ കടന്നുവന്ന പീപ്പിൾസ് ലിബറേഷൻ ആർമി ഭടന്മാർക്കു മുന്നിൽ അവരുടെ നിരായുധ പ്രതിഷേധം വിലപ്പോയില്ല. പട്ടാളത്തിന് സമാധാനത്തിന്റെ ഭാഷ വശമില്ലായിരുന്നു. തങ്ങളുടെ നിർദേശങ്ങൾ അക്ഷരം പ്രതി പാലിച്ച് അവിടെ നിന്നും എഴുന്നേറ്റുമാറാതിരുന്ന എല്ലാവരെയും അവർ അവിടെ വെടിവെച്ചുവീഴ്ത്തി. ശവങ്ങൾ നീക്കി, ടിയാനൻമെൻ സ്‌ക്വയർ വൃത്തിയാക്കി. ചോരപ്പാടുകൾ ആ ചത്വരത്തിൽ നിന്നും തുടച്ചുനീക്കി.  

ലീ പെങ്ങിന്റെ റോൾ 

വിദ്യാർത്ഥികൾക്ക് നേരെ നടന്ന ഈ സൈനിക നടപടി പ്രഖ്യാപിച്ചത് ഡെങ്ങ് സിയാവോ പെങ്ങ് ആയിരുന്നു എങ്കിലും, അത് ലീ പെങ്ങിന്റെ കുരുട്ടുബുദ്ധിയിൽ ഉദിച്ച പ്ലാനായിരുന്നു. 1989 മെയ് 20 -ന്, ദേശീയ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ട് ചൈനയിലെ കലാപകലുഷിതമായ പല പ്രദേശങ്ങളിലും പട്ടാളനിയമം പ്രഖ്യാപിച്ചുകൊണ്ട്, തന്റെ പങ്ക് ലീ പെങ്ങ് ഊട്ടിയുറപ്പിച്ചു. തന്റെ നടപടി സമരോത്സുകരായ ചൈനീസ് വിദ്യാർഥിസംഘടനകളെ സമ്മർദ്ദത്തിലാക്കുമെന്നും അവർ സമരമുഖത്തുനിന്നും സ്വയമേവ പിന്മാറിക്കൊള്ളും എന്നും ലീ പെങ്ങ് കരുതി. ഡെങ്ങ് സിയാവോ പെങ്ങും ലീ പെങ്ങും ചേർന്ന് രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ച് രണ്ടാഴ്ചയ്ക്കകമാണ് ടിയാനൻ മെൻ ചത്വരത്തിൽ പട്ടാളത്തിന്റെ നരനായാട്ട് നടക്കുന്നത്.

 
'ഡെങ്ങ് സിയാവോപിങ്ങ് , ജിയാങ്ങ് സെമിൻ, ലീ പെങ്ങ് എന്നിവർ' 

കൂട്ടക്കൊല നടന്ന ശേഷം ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ആകെ പ്രതിരോധത്തിലാവുകയുണ്ടായി. സംഗതി കൈവിട്ടുപോയി എന്നറിഞ്ഞ ശേഷം സംഭവങ്ങളുടെയെല്ലാം ഉത്തരവാദിത്തം ഡെങ്ങ് സിയാവോ പെങ്ങിന്റെ തലയിൽ വെച്ചുകെട്ടുകയാണ് ലീ പെങ്ങ് ചെയ്തത്. 2010 -ൽ പ്രസിദ്ധപ്പെടുത്തിയ ലീ പെങ്ങിന്റെ ഡയറിക്കുറിപ്പുകളിൽ അദ്ദേഹം കൂട്ടക്കൊലകളിലെ തന്റെ പങ്കിനെ ലഘൂകരിക്കാൻ ശ്രമിക്കുന്നതായി കാണാം. താൻ ഡെങ്ങിന്റെ ഉത്തരവുകൾ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നാണ് അദ്ദേഹം ഡയറിയിൽ കുറിച്ചിരിക്കുന്നത്. എന്നാൽ, അതിനു വിരുദ്ധമായി 'ടിയാനൻമെൻ രേഖകൾ' എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് പാർട്ടി റെക്കോർഡുകൾ പ്രകാരം വിദ്യാർത്ഥികളെ ആക്രമിക്കാനുള്ള പ്ലാൻ നിർദ്ദേശിച്ചത് ലീ പെങ്ങ് തന്നെയായിരുന്നു. 

കൂട്ടക്കൊലക്ക് വർഷങ്ങൾ കഴിഞ്ഞും അദ്ദേഹത്തിന്റെ വിദേശ സന്ദർശനങ്ങളിൽ നിരവധിപേർ പ്രതിഷേധങ്ങളുമായി എത്തിച്ചേരാറുണ്ടായിരുന്നു. 1996 -ൽ പാരീസ് സന്ദർശിക്കാനായി ലീ പെങ്ങ് ചെന്നപ്പോൾ അവിടെ എതിർപ്പുമായി എത്തിയത് ആയിരക്കണക്കിന് പേരാണ്. സമകാലീന ചൈനയിലെ പാഠപുസ്തകങ്ങളിലും മറ്റു ചരിത്ര രേഖകളിലും ലീ പെങ്ങ് അറിയപ്പെടുന്നത് 'ആധുനിക ചൈനയുടെ ശില്പി' എന്ന പേരിലാണ്. ചൈനയെ പുരോഗതിയുടെ പാതയിലൂടെ കൈപിടിച്ച് നടത്തിയ ഒരു ക്രാന്തദർശിയായി അദ്ദേഹത്തെ വരച്ചുകാട്ടാനുള്ള എല്ലാ പ്രയത്നങ്ങളും പാർട്ടിയുടെ പക്ഷത്തുനിന്നും ഉണ്ടായിട്ടുണ്ട്. എന്നിട്ടും, ലോകത്തിനു മുന്നിൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ ബെയ്‍ജിങ്ങിലെ ആ പഴയ കശാപ്പുകാരന്റേത് തന്നെയാണ്. മക്കൾ നഷ്ടപ്പെട്ട ടിയാനൻ മെൻ സ്‌ക്വയറിലെ ഒരായിരം അമ്മമാരുടെ നിലവിളികൾ അസ്തമിക്കാത്തിടത്തോളം അത് അങ്ങനെതന്നെ തുടരും..!