അസീം തന്റെ ഫോണുമായി സിംഹത്തിന്റെ അരികിലേക്ക് ചെല്ലുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സിംഹം അവനെ അക്രമിച്ചു.

സിംഹത്തോടൊപ്പം ടിക് ടോക് വീഡിയോ ചിത്രീകരിക്കെ സിംഹത്തിന്റെ ആക്രമണത്തിൽ യുവാവിന് ​ഗുരുതരമായ പരിക്ക്. സംഭവം നടന്നത് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബ്രീഡിം​ഗ് ഫാമിലാണ്. ചൊവ്വാഴ്ച അധികൃതർ തന്നെയാണ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ യുവാവിന് ​ഗുരുതരമായി പരിക്കേറ്റതായിട്ടുള്ള വിവരം പുറത്തറിയിച്ചത്. 

പിടിഐ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ലാഹോറിലെ സബ്സാസറിലെ ബ്രീഡിംഗ് ഫാമിൽ വച്ചാണ് ഈ സംഭവമുണ്ടായത്. ഫാം ഉടമയുടെ അനുമതിയില്ലാതെയാണ് മുഹമ്മദ് അസീം എന്ന 20 വയസ്സുള്ള യുവാവ് സിംഹത്തെ പാർപ്പിച്ചിരിക്കുന്ന കൂട്ടിലേക്ക് പ്രവേശിച്ചത് എന്നും റിപ്പോർട്ടുകൾ പറയുന്നു. ടിക്ടോക്കിൽ ഷെയർ ചെയ്യുന്നതിന് വേണ്ടി ഒരു വീഡിയോ ചിത്രീകരിക്കാനായിട്ടാണ് യുവാവ് സിംഹത്തിന്റെ കൂട്ടിലേക്ക് കയറിയത്. എന്നാൽ, പിന്നീടുണ്ടായത് ചില ദാരുണ സംഭവങ്ങളാണ്. 

അസീം തന്റെ ഫോണുമായി സിംഹത്തിന്റെ അരികിലേക്ക് ചെല്ലുകയായിരുന്നു. എന്നാൽ അപ്പോഴേക്കും സിംഹം അവനെ അക്രമിച്ചു. ഇതിൽ അവന്റെ തലയ്ക്കും മുഖത്തിനും കൈകൾക്കും ​ഗുരുതരമായ പരിക്കേറ്റു എന്നാണ് പൊലീസ് വക്താവ് പറയുന്നത്. അസീമിന്റെ ഉറക്കെയുള്ള കരച്ചിൽ കേട്ട് ഫാമുടമ അസീമിന്റെ സഹായത്തിനായി ഓടി എത്തിയിരുന്നു. എന്നാൽ, അപ്പോഴേക്കും അവന് ​ഗുരുതരമായ പരിക്കേറ്റിരുന്നു.

സിംഹത്തിൽ നിന്നും യുവാവിനെ രക്ഷിച്ച ഫാമുടമ ഉടനെത്തന്നെ അവനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. അവന്റെ നില ​ഗുരുതരമാണ് എന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. 

മാത്രമല്ല, ഈ സംഭവം അധികൃതരുടെ ശ്രദ്ധയും പിടിച്ചുപറ്റി. പഞ്ചാബ് ​ഗവൺമെന്റും സംഭവത്തിൽ അന്വേഷണത്തിനുത്തരവ് നൽകിയിട്ടുണ്ട്. സീനിയർ മിനിസ്റ്റർ മറിയും ഔറം​ഗസേബ് ഫാം ഉടമയുടെ ബ്രീഡിം​ഗ് ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ ഉത്തരവ് നൽകിയിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു.

നാണക്കേടുണ്ടാക്കുന്ന ദൃശ്യം; മാപ്പുപോലും പറഞ്ഞില്ല ക്രൂരന്മാര്‍, യുവാവിനെ പൊതിരെതല്ലി, ഒടുവില്‍ സത്യം തെളിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം