ഉറക്ക മരുന്നുകളും രാസവസ്തുക്കളും കലര്‍ത്തിയാണ് ഇവിടെ വ്യാജമദ്യം നിര്‍മിക്കുന്നതെന്നായിരുന്നു വിവരം ലഭിച്ചത്. തുടര്‍ന്നാണ് പൊലീസ് സംഘം അവിടെ എത്തിയത്.
ഗ്രാമത്തിലെ വിജനമായ സ്ഥലം കേന്ദ്രീകരിച്ച് വന്‍ വാറ്റുസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് അവിടെ എത്തിയത്. ആയുധങ്ങളുമായി അവിടെ എത്തിയ അവര്‍ കണ്ടത്, വന്‍തോതില്‍ വാറ്റ് നടക്കുന്നതാണ്. ഉറക്ക ഗുളികകളുടെയും രാസവസ്തുക്കളുടെയും വലിയ ശേഖരവും അവര്‍ അവിടെ കണ്ടെത്തി. വ്യാജമദ്യ മാഫിയയിലെ വളരെ കുറച്ചുപേര്‍ മാത്രമേ ആ സമയത്ത് അവിടെ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍, പൊലീസ് സംഘത്തിന് അവരെ ഓടിച്ചുവിട്ട് ലിറ്റര്‍ കണക്കിന് വ്യാജമദ്യം പിടിച്ചെടുക്കാന്‍ കഴിഞ്ഞു.
എന്നാല്‍, അതു താല്‍ക്കാലികമായിരുന്നു. പിന്തിരിഞ്ഞുപോയ വാറ്റു സംഘം കൂടുതല്‍ ആളുകളുമായി തിരിച്ചെത്തി. അവര്‍ പൊലീസിനെ വളഞ്ഞു. ചുറ്റും കൂടി നിന്ന് പൊലീസിനു നേരെ കല്ലെറിഞ്ഞു. ചിതറിയോടിയ പൊലീസുകാരെ പിന്തുടര്‍ന്ന് അവര്‍ ആ്രകമിക്കുകയും ചെയ്തു. തീര്‍ന്നില്ല, പിടിച്ചെടുത്ത വ്യാജമദ്യം പൊലീസിന്റെ കൈയില്‍നിന്നും അവര്‍ തിരിച്ചെടുക്കുകയും വിജയം ആഘോഷിക്കുകയും ചെയ്തു.
എന്നാല്‍, അതും താല്‍ക്കാലികമായിരുന്നു. പിന്തിരിഞ്ഞുപോയ പൊലീസ് സംഘം കൂടുതല്‍ പൊലീസുകാരും ആയുധങ്ങളുമായി അതേ സ്ഥലത്ത് മടങ്ങിയെത്തി. ഇത് പ്രതീക്ഷിക്കാതിരുന്ന വാറ്റുകാരുടെ സംഘം ചിതറിയോടുകയും പൊലീസ് 350 ലിറ്റര്‍ വ്യാജമദ്യം പിടിച്ചെടുത്ത് മടങ്ങുകയും ചെയ്തു.
ബിഹാറിലെ ബെഗുസരായി ജില്ലയിലാണ് വാറ്റുകാരും പൊലീസുമായി ഏറ്റുമുട്ടല്‍ നടന്നതെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുഫസ്സില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പെട്ട വിജനമായ ഗ്രാമപ്രദേശത്ത് വ്യാജവാറ്റ് നടക്കുന്നതായി വിവരം കിട്ടിയതിനെ തുടര്‍ന്നാണ് പൊലീസ് സംഘം അവിടെ എത്തിയത്. ഉറക്ക മരുന്നുകളും രാസവസ്തുക്കളും കലര്‍ത്തിയാണ് ഇവിടെ വ്യാജമദ്യം നിര്‍മിക്കുന്നതെന്നായിരുന്നു വിവരം ലഭിച്ചത്. തുടര്‍ന്നാണ് പൊലീസ് സംഘം അവിടെ എത്തിയത്. തുടര്‍ന്നാണ് മാഫിയ പൊലീസിനെ ആക്രമിച്ച് പിടിച്ചെടുത്ത വ്യാജമദ്യം തിരിച്ചുപിടിച്ചത്.
വ്യാജമദ്യ സംഘത്തിന്റെ ആക്രമണ സാധ്യത മുന്‍കൂട്ടിക്കണ്ട് വലിയ സംഘം പൊലീസുമായി ചെന്നാണ് രണ്ടാമത് ഈ വ്യാജമദ്യം പിടിച്ചെടുത്തതെന്ന് എസ് എച്ച് ഒ കുശ്ബു കുമാരി മാധ്യമങ്ങളോട് പറഞ്ഞു. വാറ്റു സംഘത്തിലെ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.
