യെസ് മാഡം സിഇഒ ആദിത്യ ആര്യ, ഭാര്യ ഗരിമ ശർമയെ വിമാനത്താവളത്തിൽ വെച്ച് 90 സെക്കൻഡ് മാത്രം കണ്ടുമുട്ടിയ അനുഭവം പങ്കുവെച്ചു. ഒരുമിച്ച് ഒരു സംരംഭം വളർത്തുമ്പോൾ ദാമ്പത്യ ജീവിതത്തിലുണ്ടാകുന്ന ഇത്തരം ത്യാഗങ്ങളെയും വെല്ലുവിളികളെയും കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി. ഈ ജീവിതശൈലിയാണ് തങ്ങളുടെ പ്രണയമെന്ന് ദമ്പതികൾ പറയുന്നു.
യൗവനത്തിലേക്ക് കടക്കുന്നൊരാൾ വിവാഹം കഴിക്കാൻ തീരുമാനിക്കുന്നത്, സ്വസ്ഥമായൊരു കുടുംബ ജീവിതം കൂടി മുന്നിൽ കണ്ട് കൊണ്ടാകും. എന്നാൽ, വർത്തമാനകാലത്ത് പങ്കാളിയുമൊത്ത് അത്തരമൊരു സ്വസ്ഥ ജീവിതം സാധ്യമാണോ? അല്ലെന്ന് തുറന്ന് പറയുകയാണ് 'യെസ് മാഡ'ത്തിന്‍റെ സിഇഒയായ ആദിത്യ ആര്യ. തന്‍റെ ജീവിത പങ്കാളിയെ വിമാനത്താവളത്തിൽ വച്ച് വെറും 90 സെക്കന്‍റ് മാത്രം കാണാൻ സമയം കിട്ടിയ അനുഭവം ആദിത്യ ആദ്യ സമൂഹ മാധ്യമത്തിൽ കുറിച്ചപ്പോൾ അത് വൈറലായി.
കുടുംബ ജീവിതം
വീട്ടിലെത്തി സൗന്ദര്യ - വെൽനെസ് സേവനങ്ങൾ നൽകുന്ന യെസ് മാഡത്തിന്‍റെ സഹസ്ഥാപകനും സിഇഒയുമായ ആദിത്യ ആര്യയാണ് തിരക്കേറിയ സംരംഭക ജീവിതവും ദാമ്പത്യവും തമ്മിലുള്ള സന്തുലിതാവസ്ഥയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ചത്. തന്‍റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ച ചിത്രത്തിൽ വിമാനത്താവളത്തിൽ ഭാര്യ ഗരിമ ശർമയെ കണ്ടുമുട്ടുന്ന നിമിഷം ചിത്രീകരിച്ചു. ഒരാൾ യാത്ര കഴിഞ്ഞ് മടങ്ങിയെത്തുമ്പോൾ മറ്റേയാൾ മറ്റൊരു യാത്രയ്ക്കായി പുറപ്പെടുന്ന സാഹചര്യത്തിലായിരുന്നു ഈ കൂടിക്കാഴ്ച.
'ആ 90 സെക്കന്‍റ് ഞങ്ങൾ കൈ കോർത്ത് നിന്നു'
ഒരേ ഗേറ്റിലൂടെ ഒരാൾ ഇറങ്ങുകയും അതേ ഗേറ്റിലൂടെ മറ്റേയാൾ കയറുകയും ചെയ്തത് കൊണ്ട് മാത്രം കാണാൻ പറ്റിയ ആ 90 സെക്കന്‍റ്. ആ ഏറ്റവും ചെറിയ സമയത്ത് പരസ്പരം കൈകൾ കോർത്ത് ആ നിമിഷം വിലപ്പെട്ടതാക്കാൻ തങ്ങൾ ശ്രമിച്ചെന്ന് അദ്ദേഹം എഴുതി. “മിക്ക ദമ്പതികളും ഡേറ്റിന് പോകുമ്പോൾ ഞങ്ങൾ ചെയ്യുന്നത് ലേയോവറുകളാണ്. ഇങ്ങനെയൊരു വിവാഹജീവിതം ആരും മുൻകൂട്ടി ആസൂത്രണം ചെയ്യില്ല. ഒരുമിച്ച് ഒരു സ്വപ്നം പടുത്തുയർത്തുമ്പോൾ ജീവിതം സ്വാഭാവികമായി ഇത്തരമൊരു രൂപം സ്വീകരിക്കുകയാണ്,” ചിത്രം പങ്കുവച്ച് കൊണ്ട് അദ്ദേഹം എഴുതി. ഒൻപത് വർഷത്തെ ദാമ്പത്യജീവിതത്തിൽ പരിമിതമായ സമയത്തെ പരമാവധി പ്രയോജനപ്പെടുത്താൻ സ്റ്റാർട്ടപ്പ് യാത്ര തന്നെ പഠിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതാണ് ഞങ്ങളുടെ പ്രണയം
ആദിത്യയുടെ കുറിപ്പിന് ഭാര്യയും യെസ് മാഡത്തിന്‍റെ ഡയറക്ടറുമായ ഗരിമ ശർമയും മറുപടി കുറിച്ചു. മറ്റുള്ളവർക്ക് വിചിത്രമായി തോന്നുന്ന ഈ ജീവിതശൈലിയാണ് തങ്ങൾക്ക് പ്രണയമെന്നാരുന്നു ഗരിമ എഴുതിയത്. ഒരുമിച്ച് ഒരു സംരംഭം വളർത്തുക, തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സമൂഹത്തിന് ഉപകാരപ്പെടുന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുക എന്നിവയാണ് ഈ ത്യാഗങ്ങളുടെ പിന്നിലെ പ്രചോദനമെന്നും അവർ വ്യക്തമാക്കി. “മറ്റുള്ളവർ വിമാനത്താവളത്തിൽ പരസ്പരം കടന്നുപോകുന്ന രണ്ടുപേരെയാണ് കണ്ടത്. എന്നാൽ, ഞങ്ങൾ കണ്ടത് ഒരേ സ്വപ്നത്തിലേക്ക് ഒരുമിച്ച് നടന്നുപോകുന്ന രണ്ടുപേരാണ്.” എന്ന് ഗരിമ കൂട്ടിച്ചേർത്തു. ചിത്രവും കുറിപ്പും സോഷ്യൽ മീഡിയയിൽ വ്യാപകമായി ശ്രദ്ധ നേടുകയും സംരംഭക ജീവിതവും കുടുംബജീവിതവും തമ്മിലുള്ള വെല്ലുവിളികളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെക്കുകയും ചെയ്തു.


