Asianet News MalayalamAsianet News Malayalam

സ്ഥലംമാറ്റം, വധഭീഷണി, പോസ്റ്റുചോർച്ച, ചർച്ചയായി ഐഎഎസ് ഉദ്യോ​ഗസ്ഥൻ

എന്നാൽ ഇതിനിടയിൽ ഉദ്യോഗസ്ഥന് ഒരു അജ്ഞാത ഫോൺ സന്ദേശം വരുകയും അതിൽ ആറുമാസത്തേക്ക് അവധിക്ക് പോകാനും, മാധ്യമങ്ങളോട് സംസാരിക്കുന്നത് നിർത്താനും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ജംഗിദി പറയുന്നു. 

Lokesh Kumar Jangid death threat and other problems
Author
Madhya Pradesh, First Published Jun 21, 2021, 2:09 PM IST

സർക്കാരിനെതിരെ തിരിയുന്നവരെ സ്ഥലംമാറ്റുന്നത് സിനിമയിൽ മറ്റും നമ്മൾ കാണാറുണ്ട്. എന്നാൽ, മധ്യപ്രദേശിൽ നിന്നുള്ള ഒരു ഐ‌എ‌എസ് ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം, അത് വെറുമൊരു സിനിമാക്കഥയല്ല. പകരം സ്വന്തം ജീവിതമാണ്. 54 മാസത്തിനിടെ ഒൻപത് തവണയാണ് ലോകേഷ് കുമാർ ജംഗിദിനെ സ്ഥലംമാറ്റിയത്. ഇടക്കിടെയുള്ള ഈ സ്ഥലമാറ്റങ്ങൾ കാരണം മധ്യപ്രദേശിലെ 'ഖേംക' എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഇത് കൂടാതെ വധഭീഷണികൾ വേറെയുമുണ്ടെന്ന് ദ വീക്ക് അടക്കമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ, ഇപ്പോൾ അദ്ദേഹം ഒരു പുതിയ വിവാദത്തിൽപ്പെട്ടിരിക്കയാണ്. കുറച്ചു കാലം മുമ്പാണ് അഡീഷണൽ കളക്ടർ തസ്തികയിൽ നിന്ന് ബർവാനി ജില്ലയിലെ സംസ്ഥാന വിദ്യാഭ്യാസ കേന്ദ്രത്തിലേക്ക് അദ്ദേഹം മാറ്റപ്പെട്ടത്. ഇക്കാര്യത്തെ സംബന്ധിപ്പിച്ച് മധ്യപ്രദേശ് ഐ‌എ‌എസ് അസോസിയേഷന്റെ ഗ്രൂപ്പിൽ അദ്ദേഹം എഴുതിയത് ചോരുകയും മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. ചോർന്ന പോസ്റ്റുകളിൽ, അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നതിനാണ് തന്നെ ആവർത്തിച്ച് സ്ഥലംമാറ്റുന്നതെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. അതിൽ ബർവാനി കളക്ടർ ശിവരാജ് സിംഗ് വർമ്മക്കെതിരെ അഴിമതി ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. ഇത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ചു. കൊവിഡ് -19 ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിലെ അഴിമതിയെ കുറിച്ച് സംസാരിച്ചതിനാണ് ബർവാനിയിൽ നിന്ന് അദ്ദേഹത്തെ സ്ഥലംമാറ്റിയത് എന്നൊരു അഭ്യൂഹമുണ്ട്.    

ഇതിനെത്തുടർന്ന് ഐ‌എ‌എസ് അസോസിയേഷന്റെ ഗ്രൂപ്പിലെ പോസ്റ്റ് പിൻവലിക്കാൻ ജംഗിദിന്മേൽ വളരെയധികം സമ്മർദ്ദമുണ്ടായിരുന്നു. എന്നാൽ, അദ്ദേഹം അതിന് കൂട്ടാക്കിയില്ല. പോസ്റ്റ് നീക്കംചെയ്യാൻ വിസമ്മതിച്ചപ്പോൾ അദ്ദേഹത്തെ ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കി. ഇതിനുശേഷം ജംഗിദി മാധ്യമങ്ങൾക്ക് മുന്നിൽ തന്റെ നിലപാട് വ്യക്തമാക്കി. ഒരു സ്വകാര്യ ഗ്രൂപ്പിലെ ചാറ്റ് ചില സഹഐ‌എ‌എസ് ഉദ്യോഗസ്ഥർ‌ ചോർത്തിയത് നിർഭാഗ്യകരമാണെന്ന് പറഞ്ഞു. അപ്പോഴും അദ്ദേഹം ബാർവാനി കളക്ടർക്കെതിരെ ചുമത്തിയ അഴിമതി ആരോപണങ്ങളിൽ ഉറച്ച് നിന്നു. ലോകേഷിന്റെ നിലപാടിൽ സംസ്ഥാന സർക്കാർ അതൃപ്തി പ്രകടിപ്പിക്കുകയും അദ്ദേഹത്തിന് ഏഴ് ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് അയക്കുകയും ചെയ്‌തു. സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെ എല്ലാവരും അവരുടെ പരിധികൾ അറിഞ്ഞിരിക്കണമെന്നും എന്തെങ്കിലും അഭിപ്രായമിടുമ്പോൾ സമയവും സ്ഥലവും നോക്കണമെന്നും സർക്കാർ വക്താവും മന്ത്രിയുമായ നരോട്ടം മിശ്ര പറഞ്ഞു.  

എന്നാൽ ഇതിനിടയിൽ ഉദ്യോഗസ്ഥന് ഒരു അജ്ഞാത ഫോൺ സന്ദേശം വരുകയും അതിൽ ആറുമാസത്തേക്ക് അവധിക്ക് പോകാനും, മാധ്യമങ്ങളോട് സംസാരിക്കുന്നത് നിർത്താനും ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ജംഗിദി പറയുന്നു. തുടർന്ന് അദ്ദേഹം വ്യാഴാഴ്ച രാത്രി എം‌പി ഡയറക്ടർ ജനറലിന് പരാതി നൽകി. ഭീഷണി കണക്കിലെടുത്ത് ഒരു നാല് ഗാർഡും രണ്ട് സായുധ കമാൻഡോകളും എപ്പോഴും തനിക്ക് സംരക്ഷണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പരാതിയിൽ ഭോപ്പാൽ പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.  

എന്നാൽ, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ വഴിയാണ് വിളിച്ചിരിക്കുന്നതെന്നും, ഫോൺ വിളിച്ചതിന് ശേഷം പിന്നീട് ഇത് അൺ‌ഇൻസ്റ്റാൾ ചെയ്യുകയായിരുന്നു എന്നും ഭോപ്പാൽ പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) ഇർഷാദ് വാലി പറഞ്ഞു. അതിന്റെ സ്ക്രീൻഷോട്ടോ മറ്റ് റെക്കോർഡിംഗുകളോ ഒന്നും ലഭ്യമല്ലെന്നും, തെളിവുകൾ ഒന്നും ഇല്ലാത്തതിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.  വിവരങ്ങൾ വേണമെന്ന് ആവശ്യപ്പെട്ട് ആപ്ലിക്കേഷൻ സേവന ദാതാവിന്റെ സെൻട്രൽ സെർവറിലേയ്ക്ക് പൊലീസ് ഒരു ഇമെയിൽ അയച്ചിട്ടുണ്ടെന്നും സാധ്യമായ തെളിവുകൾ കണ്ടെത്തുന്നതിന് ഉദ്യോഗസ്ഥന്റെ ഫോൺ ഹാൻഡ്‌സെറ്റിന്റെ ഫോറൻസിക് പരിശോധന നടത്തുമെന്നും വാലി കൂട്ടിച്ചേർത്തു.  

ജംഗിദിനൊപ്പം പ്രവർത്തിച്ച മിക്ക ഉദ്യോഗസ്ഥരും അദ്ദേഹം സംസ്ഥാനത്തെ സത്യസന്ധനായ ഐ‌എ‌എസ് ഉദ്യോഗസ്ഥരിൽ ഒരാളാണെന്ന് സമ്മതിക്കുന്നു. വധഭീഷണിയുടെ അടിസ്ഥാനത്തിൽ പരാതി നൽകിയ ശേഷം കോൺഗ്രസും നിരവധി സാമൂഹിക പ്രവർത്തകരും ജംഗിദിന് സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജംഗിദ് ഇപ്പോൾ സ്വന്തം നാടായ മഹാരാഷ്ട്രയിൽ ഡെപ്യൂട്ടേഷനായി അപേക്ഷിച്ചിരിക്കയാണ്. 

Follow Us:
Download App:
  • android
  • ios