കഴുകിയുണക്കിയെടുക്കാൻ ഒരുദിവസമെടുക്കും, 15 -കാരന്റെ ആരെയും അമ്പരപ്പിക്കുന്ന മുടി
തന്റെ പല ബന്ധുക്കളും തന്റെ മുടി കണ്ട് അമ്പരക്കാറുണ്ട് എന്ന് അവൻ പറയുന്നു. ചെറുപ്പത്തിലാണ് എങ്കിൽ ചില കൂട്ടുകാരൊക്കെ ഈ മുടിയുടെ പേരിൽ അവനെ കളിയാക്കാറും ഉണ്ടായിരുന്നു.

ഉത്തർപ്രദേശിൽ നിന്നുള്ള 15 -കാരനായ സിദക്ദീപ് സിംഗ് ചാഹൽ എന്ന ആൺകുട്ടി അടുത്തിടെ ഒരു നേട്ടം കൈവരിച്ചു. അത് എന്താണ് എന്നല്ലേ? അവന്റെ പേര് ഗിന്നസ് വേൾഡ് റെക്കോർഡിൽ എത്തി. എന്നാൽ, അത് നാം ഒട്ടും പ്രതീക്ഷിക്കാത്ത കാര്യത്തിനാണ്. ഏറ്റവും നീളം കൂടിയ മുടിയുടെ പേരിലാണ് അവൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒരിക്കലും മുറിച്ചിട്ടില്ലാത്ത അവന്റെ മുടിക്ക് നീളം എത്രയാണ് എന്ന് അറിയുമോ? 4 അടി 9.5 ഇഞ്ച്.
ആഴ്ചയിൽ രണ്ട് തവണയാണ് അവൻ തന്റെ നീളമുള്ള മുടി കഴുകുന്നത്. ഒരു മണിക്കൂർ നേരമെടുക്കും അത് കഴുകാനും ഉണക്കാനും ചീകിയെടുക്കാനും എല്ലാം കൂടി. വളരെ ശ്രദ്ധയോട് കൂടിയാണ് ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. അമ്മയുടെ സഹായമുണ്ടെങ്കിലാണ് ഒരുമണിക്കൂർ കൊണ്ട് കാര്യം കഴിയുന്നത്. ഇല്ലെങ്കിൽ ഒരു ദിവസം മൊത്തമെടുക്കും ഇത് വൃത്തിയാക്കിയെടുക്കാൻ എന്ന് സിദക്ദീപ് പറയുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് പറയുന്നത്, സാധാരണ സിഖുകാർ ചെയ്യുന്നത് പോലെ സിദക്ദീപും തന്റെ മുടി ഒരു ബൺ ഉപയോഗിച്ച് കെട്ടി അതിനെ ദസ്തർ (തലപ്പാവ്) കൊണ്ട് മൂടുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒക്കെ ആണെങ്കിലും അവന്റെ ബന്ധുക്കളിലോ സുഹൃത്തുക്കളിലോ അവന്റെയത്ര മുടിയുള്ള ആരും ഇല്ല.
തന്റെ പല ബന്ധുക്കളും തന്റെ മുടി കണ്ട് അമ്പരക്കാറുണ്ട് എന്ന് അവൻ പറയുന്നു. ചെറുപ്പത്തിലാണ് എങ്കിൽ ചില കൂട്ടുകാരൊക്കെ ഈ മുടിയുടെ പേരിൽ അവനെ കളിയാക്കാറും ഉണ്ടായിരുന്നു. എന്തൊക്കെ പറഞ്ഞാലും മുടിയുടെ പേരിൽ തന്നെ കളിയാക്കുന്നത് മാത്രം തനിക്ക് ഇഷ്ടമല്ലായിരുന്നു എന്ന് അവൻ പറയുന്നു.