അതേസമയം, ബോണിയെ കാണാതായപ്പോൾ തന്നെ ഉടമയും വീട്ടുകാരും അവൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയിരുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഇട്ടു.

കാണാതായ ഒരു നായ വീട്ടിലേക്ക് തിരികെയെത്തിയത് ഒരു ഷോയിലെ വിജയി ആയി. ഡോ​ഗ് ഷോ നടക്കുന്നിടത്തേക്ക് പോയിക്കൊണ്ടിരുന്ന ഒരാൾ അവളെ കാണുകയും നേരെ മത്സരത്തിലേക്ക് അവളുമായി പോവുകയുമായിരുന്നു. അഞ്ച് വയസ്സുകാരിയായ ബോണിയെ ഞായറാഴ്ചയാണ് വെസ്റ്റ് സസെക്സിലെ ബോൾനിയിലെ വീട്ടിൽ നിന്ന് കാണാതായത്. ഇതോടെ അവളുടെ ഉടമകൾ ആകെ ആശങ്കപ്പെടുകയും ചെയ്തു. 

ജോൺ വിൽമർ എന്നൊരാൾ അന്ന് വൈകുന്നേരം തന്റെ രണ്ട് നായകളുമായി ഡോ​ഗ് ഷോയിലേക്ക് പോകുമ്പോഴാണ് വഴിയരികിൽ ബോണി നിൽക്കുന്നതായി കണ്ടത്. അവൾ കാണാൻ സുന്ദരി ആയിരുന്നു, നല്ല പെരുമാറ്റവും. അതുകൊണ്ട് അവളെ മത്സരത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്ന് വിൽമർ പറഞ്ഞു. ഏതായാലും മത്സരസ്ഥലത്തെത്താൻ തിടുക്കമുണ്ടായിരുന്നത് കൊണ്ട് ബോണിയേയും വേ​ഗം തന്നെ തന്റെ കാറിൽ കയറ്റി പോവുകയായിരുന്നു വിൽമർ. 

എന്നാൽ, വിൽമർ ഒരു കാര്യം കൂടി ചെയ്തു. അവളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതിന് തൊട്ട് മുമ്പ് അതേക്കുറിച്ച് ഫേസ്ബുക്കിൽ ഒരു പോസ്റ്റിട്ടു. എന്തായാലും മത്സരത്തിൽ അവൾ വളരെ നന്നായി തന്നെ പെർഫോം ചെയ്തു. 

അതേസമയം, ബോണിയെ കാണാതായപ്പോൾ തന്നെ ഉടമയും വീട്ടുകാരും അവൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങിയിരുന്നു. കൂടാതെ, സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റും ഇട്ടു. ബോണി സുരക്ഷിതയാണ് എന്ന് അറിഞ്ഞതിലും അവൾ മത്സരത്തിൽ പങ്കെടുത്തു എന്ന് അറി‌ഞ്ഞതിലും വളരെ അധികം സന്തോഷം തോന്നി എന്ന് അവളുടെ ഉടമ പോള ക്ലോസിയർ പറഞ്ഞു. 

തങ്ങൾ താമസിക്കുന്നത് ഒരു റോഡരികിലാണ്. മാത്രവുമല്ല ബോണി നേരത്തെ ഒരു തെരുവ് നായ ആയിരുന്നു. അതുകൊണ്ട് അവൾ തിരികെ വന്നില്ലെങ്കിലോ എന്ന ഭയവും തങ്ങൾക്കുണ്ടായിരുന്നു എന്നും പോള പറഞ്ഞു. അതുകൊണ്ട് തന്നെ വിൽമർ അവളെ തിരികെ എത്തിച്ചത് വളരെ അധികം സന്തോഷമുണ്ടാക്കി എന്നും ഉടമ പറഞ്ഞു.