13 വയസ് വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് നേരെയാണ് ശിക്ഷയുണ്ടാവുക. അലബാമ, കാലിഫോർണിയ, ഫ്ലോറിഡ, ടെക്സാസ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബാലപീഡകർക്ക് മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണത്തിനാണ് അനുമതിയുള്ളത്.
ലൂസിയാന: ബാലപീഡകർക്ക് ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കാനുള്ള നീക്കവുമായി ഈ അമേരിക്കൻ സംസ്ഥാനം. അമേരിക്കയിലെ ലൂസിയാനയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരെ ലൈംഗിക കുറ്റകൃത്യം ചെയ്യുന്നവരെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കാൻ ഉത്തരവ് നൽകാൻ കോടതിക്ക് അനുവാദം നൽകുന്നതാണ് പുതിയ തീരുമാനം. ബില്ലിന് ഗവർണറുടെ അനുമതി ലഭിച്ചാൽ നിയമമാകും. 13 വയസ് വരെയുള്ള കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് നേരെയാണ് ശിക്ഷയുണ്ടാവുക. അലബാമ, കാലിഫോർണിയ, ഫ്ലോറിഡ, ടെക്സാസ് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബാലപീഡകർക്ക് മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണത്തിനാണ് അനുമതിയുള്ളത്.
കുറ്റകൃത്യത്തിന് ശിക്ഷ ലഭിച്ച് ജയിലിൽ സമയം ചെലവിട്ട് തിരികെ വരുന്നത് പോലെ നിസാരമല്ല ഈ നിയമം കൊണ്ടുള്ള പ്രഭാവമെന്നാണ് സെനറ്ററായ വലരി ഹോഡ്ജസ് നിരീക്ഷിക്കുന്നത്. ഡെമോക്രാറ്റ് വിഭാഗത്തിലുള്ള സെനറ്റർമാരുടെ വലിയ പിന്തുണയാണ് ബില്ലിന് ലഭിച്ചിട്ടുള്ളത്. അതേസമയം എതിർ ചേരിയിലുള്ള ഗവർണർ ബില്ലിന് അംഗീകാരം നൽകുമോയെന്നത് കാത്തിരുന്ന് അറിയാമെന്നാണ് സെനറ്റർമാർ പ്രതികരിക്കുന്നത്. നിലവിൽ 2224 പേരാണ് കുട്ടികൾക്കെതിരായ ലൈംഗിക പീഡന കുറ്റങ്ങളുടെ പേരിൽ ലൂസിയാനയിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നത്. ശിക്ഷയോടൊപ്പം തന്നെ ശസ്ത്രക്രിയയിലൂടെ വന്ധ്യംകരിക്കുന്നതിന് അനുമതി നൽകുന്നതാണ് ബില്ല്.
നിയമം പ്രാവർത്തികമായാൽ അത് നിലവിൽ ജയിലിലുള്ളവരെ ബാധിക്കില്ലെന്നത് ബില്ലിനെതിരായ വിമർശനങ്ങളിലൊന്നാണ്. വന്ധ്യംകരിക്കുന്നത് പുരുഷന്മാരുമായി ബന്ധപ്പെട്ടതായതിനാൽ വനിതാ കുറ്റവാളികളെ എന്തു ചെയ്യണമെന്നതിലും കൃത്യമായ സൂചന നിയമത്തിൽ ഇല്ല. നിലവിൽ മരുന്ന് ഉപയോഗിച്ചുള്ള വന്ധ്യംകരണത്തിനുള്ള നിയമം 2008 മുതൽ പ്രാബല്യത്തിൽ ഉള്ള ലൂസിയാനയിൽ ഇത് പ്രയോഗിച്ചത് വെറും രണ്ട് പേർക്ക് മാത്രമാണെന്നും ബില്ലിനെ വിമർശിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
