നെഹ്‌റു - ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുൽ ഗാന്ധി അമ്പതിന്റെ നിറവിലേക്ക് കടക്കുകയാണ് ഇന്ന്. രാഹുൽ ഗാന്ധി എന്ന രാഷ്ട്രീയക്കാരനെ അദ്ദേഹത്തിന്റെ ഇതുവരെയുള്ള രാഷ്ട്രീയ ഇടപെടലുകളിലൂടെ നമ്മളെല്ലാവരും അറിയും. അമ്പതാം പിറന്നാളിൽ നമ്മൾ പോകുന്നത് അധികമാരും അറിയാത്ത അദ്ദേഹത്തിന്റെ ജീവിതത്തിലെ അഞ്ചു വിശേഷങ്ങളിലേക്കാണ്.

ആയോധനകലയിൽ ബ്ലാക്ക് ബെൽറ്റ് 

ഐക്കിഡോ എന്ന ജാപ്പനീസ് ആയോധനകല വർഷങ്ങളോളം അഭ്യസിച്ചിട്ടുള്ള ഒരാളാണ് രാഹുൽ ഗാന്ധി. സെൻസായ് പരിതോഷ് കർ ആണ് ഗുരു. 2009 മുതൽ മുടങ്ങാതെ ഐക്കിഡോ പരിശീലനത്തിൽ ഏർപ്പെടുന്ന രാഹുൽ ബ്ലാക്ക് ബെൽറ്റ് ഹോൾഡർ ആണെന്നാണ് അദ്ദേഹത്തിന്റെ സെൻസായ് സാക്ഷ്യപ്പെടുത്തുന്നത്. 

 

കേംബ്രിഡ്ജ് വിദ്യാഭ്യാസം 

കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്ന് ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ എം ഫിൽ ബിരുദം നേടിയിട്ടുണ്ട് രാഹുൽ ഗാന്ധി. അന്ന് അവിടത്തെ റെക്കോര്ഡുകളിൽ അദ്ദേഹത്തിന്റെ പേര് സുരക്ഷാ കാരണങ്ങളാൽ റൗൾ വിൻസി എന്നായിരുന്നു. പിന്നീട് അമേരിക്കയിലെ ഹാർവാർഡ് സർവകലാശാലയിലും പഠിക്കാൻ പോയിട്ടുണ്ട് രാഹുൽ എന്നാണ് പറയപ്പെടുന്നത്. 

ഇന്ദിരാ വധത്തിന്റെ ഓർമ്മകൾ 

ഒരു അഭിമുഖത്തിൽ തന്റെ അച്ഛമ്മയായ ഇന്ദിരാ ഗാന്ധിയുടെ വധത്തെപ്പറ്റി രാഹുൽ ഗാന്ധി ഓർത്തെടുത്ത് ഇങ്ങനെ, " എനിക്ക് രണ്ടു സ്നേഹിതരുണ്ടായിരുന്നു. അവരുടെ പേര് ബിയാന്ത് സിംഗ്  എന്നും സത്വന്ത് സിംഗ് എന്നുമായിരുന്നു. അവരാണ് എന്നെ ബാഡ്മിന്റൺ കളിയ്ക്കാൻ പഠിപ്പിച്ചത്. എന്റെ 'കളി'ക്കൂട്ടുകാർ തന്നെയാണ് എന്റെ അച്ഛമ്മയെ വധിച്ചത്." 

 

 

രാഷ്ട്രീയത്തിന് മുമ്പ് കൺസൾട്ടിങ് 

കേംബ്രിഡ്ജിലെ വിദ്യാഭ്യാസത്തിനു ശേഷം ലണ്ടനിലെ മോണിറ്റർ ഗ്രൂപ്പ് എന്ന മാനേജ്‌മെന്റ് കൺസൾട്ടിങ് സ്ഥാപനത്തിൽ ചേർന്ന് പ്രവർത്തിച്ചിരുന്നു രാഹുൽ ഗാന്ധി. ഇന്ത്യയിൽ തിരിച്ചു വന്ന ശേഷം ബാക്കോപ്സ് സർവീസസ് എന്ന സ്വന്തം സ്ഥാപനവും കുറച്ചുകാലം അദ്ദേഹം നടത്തുകയുണ്ടായി. അതിനു ശേഷമാണ് 2004 -ൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശമുണ്ടാകുന്നതും തുടർച്ചയായ നാല് തവണ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപെടുന്നതും. 

'ചൗക്കിദാർ ചോർ ഹേ' എന്ന പ്രചാരണത്തിന് പിന്നിലെ മസ്തിഷ്‌കം 

2019 -ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് രാജ്യവ്യാപകമായി ഉപയോഗിച്ച 'ചൗക്കിദാർ ചോർ ഹേ' എന്ന നരേന്ദ്ര മോദിക്കെതിരായ പ്രചാരണവാക്യത്തിന്റെ പിന്നിൽ പ്രവർത്തിച്ച ധിഷണ രാഹുൽ ഗാന്ധിയുടേതായിരുന്നു. താൻ രാജ്യത്തിന്റെ സംരക്ഷകനാണ് എന്ന അർത്ഥത്തിൽ 'കാവൽക്കാരൻ' എന്നർത്ഥം വരുന്ന 'ചൗക്കിദാർ' എന്ന പദം നരേന്ദ്ര മോദി സ്വയം വിശേഷിപ്പിക്കാൻ ഉപയോഗിച്ചതിന്റെ പിന്നാലെയാണ്, രാഹുൽ ഗാന്ധി 'കാക്കാൻ ഏൽപ്പിച്ച ആൾ തന്നെ മുതൽ കക്കുന്നു' എന്ന ധ്വനിയോടെ 'ചൗക്കിദാർ ചോർ ഹേ' എന്നൊരു മറു ക്യാമ്പയിൻ തുടങ്ങുന്നത്.

 

 

റഫാൽ ഇടപാടിലെ അഴിമതി ചൂണ്ടിക്കാണിച്ചായിരുന്നു പ്രസ്തുത പ്രയോഗം. ഈ പ്രയോഗം പിന്നീട് കോൺഗ്രസിന്റെ രാജ്യവ്യാപകമായ പ്രചാരണങ്ങളുടെ മുഖ്യ മുദ്രാവാക്യം ആയെങ്കിലും, അതിന് നരേന്ദ്ര മോദിയെ രണ്ടാമത് അധികാരത്തിലേറുന്നതിൽ നിന്ന് തടയാനായില്ല. രാഹുൽ ഗാന്ധിയുടെ ആക്ഷേപത്തെ നരേന്ദ്ര മോദി 'മേം ഭി ചൗക്കിദാർ' എന്ന പ്രചാരണം കൊണ്ട് പ്രതിരോധിക്കുകയായിരുന്നു. ബിജെപി പ്രവർത്തകർ ഒന്നടങ്കം മോദിയെ അനുകരിച്ച് അന്ന് തങ്ങളുടെ ട്വിറ്റർ പ്രൊഫൈലുകളിൽ പേരിനു മുമ്പ് ചൗക്കിദാർ എന്ന് ചേർക്കുകയും ഉണ്ടായി അന്ന്.