ശിവം ബെന്തോയേയും കൊണ്ട് കിലോമീറ്ററുകൾ അപ്പുറത്തുള്ള വെറ്ററിനറി ക്ലിനിക്കിലേക്ക് പാഞ്ഞു. 'അയ്യോ, ഇവനെ രക്ഷിക്കൂ, ഇവനാണ് എന്റെ ജീവൻ രക്ഷിച്ചത്' എന്ന് കരഞ്ഞുകൊണ്ട് ഡോക്ടറോട് യാചിച്ചു.
നായകളാണ് മനുഷ്യരുടെ ഏറ്റവും വിശ്വസ്തരായ കൂട്ടാളികളെന്ന് പറയാറുണ്ട്. കാലങ്ങളായി അവ മനുഷ്യർക്കൊപ്പമുള്ള തങ്ങളുടെ സഹവാസം തുടങ്ങിയിട്ട്. ഇത്രയേറെ നന്ദിയുള്ള മറ്റൊരു ജീവിയുണ്ടോ എന്ന് ചോദിച്ചാൽ സംശയമാവും. അത് തെളിയിക്കുന്ന ഒരു സംഭവമാണ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മധ്യപ്രദേശിൽ നടന്നത്. തന്റെ ഉടമയെ കടുവയിൽ നിന്നും രക്ഷിക്കുന്നതിനിടയിൽ ഒരു നായയ്ക്ക് തന്റെ ജീവൻ തന്നെ നഷ്ടപ്പെട്ടു.
ഫെബ്രുവരി 26 -ന് രാവിലെ, ബാന്ധവ്ഗഢ് കടുവാ സങ്കേതത്തിനടുത്തുള്ള ഭർഹൂത് ഗ്രാമത്തിലാണ് സംഭവം നടന്നത്. കർഷകനായ ശിവം ബർഗയ്യയുടെ ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽ പെട്ട ബെന്തോയ്ക്കാണ് ജീവൻ നഷ്ടമായത്.
രാവിലെ ശിവം ആ നടുക്കുന്ന കാഴ്ച കണ്ടു. ഒരു കടുവ കാട്ടിൽ നിന്നും ഇറങ്ങി തന്റെ നേർക്ക് നടന്നു വരുന്നു. 'കടുവ എന്റെ നേർക്ക് തന്നെയാണ് നടന്നു വരുന്നത് എന്ന് എനിക്ക് മനസിലായി. ഞാനാകെ ഭയന്നു, എന്ത് ചെയ്യണമെന്ന് മനസിലായില്ല. എന്നാൽ ബെന്തോയ്ക്ക് ആ ഭയമില്ലായിരുന്നു. അത് കടുവയ്ക്ക് നേരെ കുരച്ചുചാടി' എന്നാണ് ശിവം പറയുന്നത്.
നായയുടെ അപ്രതീക്ഷിതമായ കുര കേട്ട് കടുവ ഒരു നിമിഷം പരിഭ്രമിച്ചു. എന്നാൽ, ഉടനെ തന്നെ അത് നായയ്ക്ക് നേരെ കുതിക്കുകയായിരുന്നു. അത് നായയെ അക്രമിച്ചു. നായ പിന്മാറാൻ ഒരുക്കമല്ലായിരുന്നു. അത് കടുവയോട് കുറേനേരം ധീരതയോടെ ഏറ്റുമുട്ടി. ആ സമയത്ത് ഭയം കൊണ്ട് മരവിച്ച് നിൽക്കുകയായിരുന്നു ശിവം. തന്റെ പ്രിയപ്പെട്ട നായ തന്നേക്കാൾ പത്തിരട്ടി കരുത്തുള്ള കടുവയോട് ഏറ്റുമുട്ടുന്നത് എന്ത് ചെയ്യണമെന്നറിയാതെ അയാൾ നോക്കിനിന്നു.
ഒടുവിൽ, നായയുടെ കഴുത്തിൽ കടിച്ച് കടുവ അതിനെ കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിച്ചു. എന്നാൽ, അപ്പോഴും ബെന്തോ പോരാടി. ഒടുവിൽ അവനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മടങ്ങി.
ശിവം ബെന്തോയേയും കൊണ്ട് കിലോമീറ്ററുകൾ അപ്പുറത്തുള്ള വെറ്ററിനറി ക്ലിനിക്കിലേക്ക് പാഞ്ഞു. 'അയ്യോ, ഇവനെ രക്ഷിക്കൂ, ഇവനാണ് എന്റെ ജീവൻ രക്ഷിച്ചത്' എന്ന് കരഞ്ഞുകൊണ്ട് ഡോക്ടറോട് യാചിച്ചു. എന്നാൽ, കടുവയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു ബെന്തോയ്ക്ക്. എല്ലാ ശ്രമങ്ങളും പ്രാർത്ഥനകളും വിഫലമാക്കിക്കൊണ്ട് ഒടുവിൽ ബെന്തോ പോയി.
'അവനാണ് എന്റെ ജീവൻ രക്ഷിച്ചത്. ഈ ജന്മം മുഴുവനും ഞാൻ അവനോട് കടപ്പെട്ടിരിക്കുന്നു' എന്നാണ് ശിവം പറയുന്നത്. ശിവം മാത്രമല്ല, ആ ഗ്രാമം മുഴുവനും ഏറെ വേദനയോടെയാണ് ബെന്തോ എന്ന ഹീറോയെ ഓർമ്മിക്കുന്നത്.
(ചിത്രം പ്രതീകാത്മകം)
