Asianet News MalayalamAsianet News Malayalam

യാത്രക്കാര്‍ സീറ്റിനടിയില്‍ ഒളിച്ചു; യാത്രാ വിമാനത്തിനു നേരെ കനത്ത വെടിവെപ്പ്!

. വെടിവെപ്പിനെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി വെച്ചു. വിമാനത്താവളം ഒരു ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു.

Mafia attack Mexican passenger plane over arrest of dons son
Author
First Published Jan 7, 2023, 3:08 PM IST

മയക്കുമരുന്ന് മാഫിയാ തലവന്റെ മകനെ കയറ്റിയ മെക്‌സിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിനു നേരെ വമ്പന്‍ വെടിവെപ്പ്. മെക്‌സിക്കോയിലെ കുലിയാക്കന്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിനുള്ളിലുള്ളവര്‍ വെടിവെപ്പില്‍ പരിഭ്രാന്തരായി. എന്നാല്‍ ആര്‍ക്കും പരിക്കില്ല. വെടിവെപ്പിനെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തി വെച്ചു. വിമാനത്താവളം ഒരു ദിവസത്തേക്ക് അടച്ചുപൂട്ടുകയും ചെയ്തു. 

മെക്‌സിക്കോയിലെ കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയാ തലവന്‍ ജോക്വിന്‍ എല്‍ ചാപ്പോ ഗുസ്മാന്റെ മകന്‍ ഒവിഡിയോ ഗുസ്മാനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. ഇയാളെ സിനാലോവയില്‍നിന്ന് മെക്‌സിക്കോ സിറ്റിയിലേക്ക് കൊണ്ടുപോവാനാണ് മെക്‌സിക്കന്‍ എയര്‍ലൈനിന്റെ വിമാനത്തില്‍ കയറ്റിയത്. ഈ വിമാനത്തിനു നേരെയാണ് വിമാനത്താവളത്തില്‍ വെച്ച് മയക്കുമരുന്ന് മാഫിയ ആ്രകമണം നടത്തിയത്. 

 

 

പറക്കാന്‍ തയ്യാറായി നിന്നിരുന്ന വിമാനത്തിന് നേരെയാണ് വെടിവെപ്പ് ഉണ്ടായത്. എന്നാല്‍ വിമാനത്തിനുള്ളില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്ന് എയര്‍ലൈന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വെടിവെപ്പ് ഉണ്ടായ സമയത്തെ വിമാനത്തിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. യാത്രക്കാര്‍ എല്ലാവരും ഭയന്ന് നിലത്ത് സീറ്റുകള്‍ക്ക് അടിയില്‍ ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ . കുഞ്ഞുങ്ങള്‍ കരയുന്നതിന്റെയും ശബ്ദം കേള്‍ക്കാം. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളം അടച്ചിടുകയും എയ്റോമെക്സിക്കോ വിമാനം റദ്ദാക്കുകയും ചെയ്തു. 

എല്‍ ചാപ്പോ ഉള്‍പ്പെട്ട ഗ്രൂപ്പായ സിനലോവ കാര്‍ട്ടലിന്റെ അംഗങ്ങളാണ് വിമാനത്തിനു നേരെ വെടിയുതിര്‍ത്തത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2016 -ല്‍ എല്‍ ചാപ്പോ അറസ്റ്റില്‍ ആയപ്പോഴും വടക്കന്‍ സംസ്ഥാനമായ സിനലോവയില്‍ മാഫിയ സംഘങ്ങള്‍ അക്രമം അഴിച്ചുവിട്ടിരുന്നു. ഇയാള്‍ ഇപ്പോഴും ജയിലിലാണ്. എല്‍ ചാപ്പോയുടെ അറസ്റ്റിന് പിന്നാലെ 2019 -ലും ഒവിഡിയോയെ പിടികൂടിയിരുന്നെങ്കിലും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടതോടെ കൂടുതല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാമെന്ന പ്രതീക്ഷയില്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ ഉത്തരവനുസരിച്ച് ഇയാളെ വിട്ട് അയക്കുകയായിരുന്നു.

എന്നാല്‍ 2023 ജനുവരി അഞ്ചിന് പോലീസ്  ഒവിഡിയോയെ വീണ്ടും പിടികൂടിയായിരുന്നു. ഇതോടെ നഗരത്തിലെങ്ങും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തെ തുടര്‍ന്ന് പോലീസ് ഇവിടങ്ങളിലെ താമസക്കാര്‍ക്ക് വീടുകളില്‍ നിന്നും പുറത്തിറങ്ങരുത് എന്ന കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലെങ്ങും വ്യാപകമായ രീതിയില്‍ അക്രമങ്ങള്‍ നടക്കുകയാണ്.

വിമാനത്താവളത്തിന് സമീപം ട്രക്കുകള്‍ക്ക് തീയിടുന്നതിന്റെയും രൂക്ഷമായ വെടിവയ്പ്പിന്റെയും വീഡിയോകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.

പുലര്‍ച്ചെ മുതല്‍ സൈനിക ഓപ്പറേഷന്‍ ആരംഭിച്ചതായി വ്യാഴാഴ്ച രാവിലെ  പ്രസിഡന്റ് ഒബ്രഡോര്‍ പറഞ്ഞു. സ്‌കൂളുകള്‍ അടച്ചുപൂട്ടാന്‍ സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി ഉത്തരവിടുകയും കുലിയാക്കാനിലെ എല്ലാ ഭരണപരമായ പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios