ടോക്യോയിലെ ഒരു കഫേ ജപ്പാനിലെ മെയ്ഡ് കഫേ സംസ്കാരത്തെ മാറ്റിമറിക്കുന്നു. ഇവിടെ, ഉപഭോക്താക്കൾക്ക് പണമടച്ച് മെയ്ഡ് വേഷം ധരിച്ച് ജീവനക്കാരെ സേവിക്കാനുള്ള അവസരം നൽകുന്നു.  പുരുഷന്മാർക്കിടയിൽ പ്രത്യേകിച്ചും യുവാക്കൾക്കിടയില്‍ ഈ ആശയത്തിന് വലിയ പ്രചാരമാണ്.

പ്പാനിലെ മെയ്ഡ് കഫേ സംസ്കാരത്തിൽ പുതുമയേറിയ ഒരു ആശയമാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ടോക്യോയിൽ ആരംഭിച്ച 'Cafe Where You Can Become a Maid' എന്ന കഫേയിൽ, സാധാരണ മെയ്ഡ് കഫേകളിൽ നിന്ന് വ്യത്യസ്തമായി ഉപഭോക്താക്കൾക്കാണ് മെയ്ഡ് വേഷം ധരിച്ച് സ്റ്റാഫിനെ സേവിക്കാനുള്ള അവസരം നൽകുന്നത്. ഏകദേശം 4,000 യെൻ ( ഏകദേശം 2,298 ഇന്ത്യന്‍ രൂപ ) അടച്ച് 90 മിനിറ്റോളം നീളുന്ന ഈ പ്രത്യേക അനുഭവത്തിനായി നിരവധി പേർ, പ്രത്യേകിച്ച് പുരുഷന്മാർ, എത്തിച്ചേരുന്നുവെന്നാണ് റിപ്പോർട്ട്.

ഉപഭോക്താവിന് 'മെയ്ഡാ'കാം

ജപ്പാനിൽ ഏറെ ജനപ്രിയമായ മെയ്ഡ് കഫേകളിൽ സാധാരണയായി യുവതികളാണ് മെയ്ഡ് വേഷം ധരിച്ച് ഉപഭോക്താക്കളെ സേവിക്കുന്നത്. എന്നാൽ, ഈ കഫേയിൽ മാത്രം ആ രീതി തിരിച്ച് നടപ്പാക്കുന്നു. അതായത് ഇവിടെ ഉപഭോക്താവാണ് ‘മെയ്ഡ്’ ആയി മാറി കഫേയിലെ ജീവനക്കാരെ സേവിക്കുന്നത്. വ്യത്യസ്തമായ ഈ ആശയം സമൂഹ മാധ്യമങ്ങളിലൂടെയും പ്രാദേശിക മാധ്യമങ്ങളിലൂടെയും വൈറലായി മാറി. “മറ്റുള്ളവരെ സേവിക്കുന്നതിലൂടെ എളിമയും വിനോദവും ഒരുമിച്ച് അനുഭവിക്കാൻ സാധിക്കുന്നു” എന്നതാണ് ചില സന്ദർശകരുടെ അഭിപ്രായം.

പഠന വിഷയം

കഫേയുടെ ഉടമസ്ഥർ പറയുന്നത്, ഇത് 'ലിംഗഭേദങ്ങളെ മറികടന്ന്, മെയ്ഡ് വേഷത്തിന്‍റെ സാംസ്കാരിക സൗന്ദര്യം ആഘോഷിക്കാനുള്ളൊരു അനുഭവം' ആണെന്നാണ്. ഈ ആശയം ഇപ്പോൾ ജപ്പാനിലെ യുവാക്കളെയാണ് ഏറെ ആകർഷിച്ചിരിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന പരമ്പരാഗത ലിംഗധാരണകൾക്ക് വെല്ലുവിളിയായി ഈ ആശയം കാണുന്നവരുമുണ്ട്. 'പുരുഷന്മാർക്ക് മെയ്ഡ് വേഷം ധരിക്കാനും ആ ഭാവത്തിൽ സ്വയം അവതരിപ്പിക്കാനും അവസരം ലഭിക്കുന്നത്, മനോഹരമായ അനുഭവം' ആണെന്നാണ് സമൂഹ മാധ്യമങ്ങളിലെ ചില അഭിപ്രായങ്ങൾ. സംഗതി എന്താണെങ്കിലും ടോക്യോയിലെ ഈ ‘മെയ്ഡ്’കഫേ, ഇപ്പോൾ വിനോദ സഞ്ചാരികളുടെയും സാമൂഹ്യശാസ്ത്രജ്ഞരുടെയും പഠനവിഷയമായി മാറിയിരിക്കുകയാണ്.