Asianet News MalayalamAsianet News Malayalam

റോഡിൽ കറങ്ങിനടന്നാൽ ഇനി ക്വാറന്റൈൻ വാർഡുകൾ വൃത്തിയാക്കേണ്ടി വരും; ഇത് വ്യത്യസ്തമായ ഒരു പൊലീസ് ആക്ഷൻ

കോവിഡ് 19 -നോടുള്ള പോരാട്ടങ്ങൾക്ക് തുരങ്കം വെക്കുന്ന രീതിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ചുമ്മാ കറങ്ങി നടക്കുന്നവരെയും ഈ പോരാട്ടങ്ങളിൽ പങ്കാളികളാകുന്ന ക്രിയാത്മകമായ സമീപനമാണ് ഇത്.

make lock down breakers to sanitize quarantine wards, action from jhunjhunu police rajasthan
Author
Jhunjhunu, First Published Mar 29, 2020, 11:41 AM IST

ലോക്ക് ഡൗൺ എന്നത് നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു പരിപാടിയാണ്. ദിവസവും ജോലിക്കും വിനോദത്തിനും ഒക്കെയായി രാവിലെ മുതൽ നേരമിരുട്ടുവോളവും പുറത്തിറങ്ങി തേരാപ്പാരാ നടക്കുന്ന മനുഷ്യരോട് ഒരു സുപ്രഭാതത്തിൽ അദൃശ്യമായ ഒരു വൈറസിന്റെ ഭീതി ചൂണ്ടിക്കാട്ടി, ലോക്ക് ഡൗൺ എന്നൊരു പേരുമിട്ട് പുറത്തിറങ്ങരുത് എന്ന് പറഞ്ഞാൽ അതിനെ അതിലംഘിക്കാൻ ഒരു ത്വര ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. അങ്ങനെ ഇറങ്ങുന്ന, വീട്ടിൽ ഇരിക്കപ്പൊറുതിയില്ലാത്ത ചെറുപ്പക്കാരും വൃദ്ധരും ഒക്കെ, നാട്ടിൽ ലോക്ക് ഡൗൺ നടപ്പിലാക്കാൻ വേണ്ടി റോന്തുചുറ്റുന്ന പൊലീസിന്റെ മുന്നിൽ ചെന്നുപെടുന്നുമുണ്ട്. അവരെ ഇന്ത്യയുടെ പലഭാഗങ്ങളിലും പല തരത്തിലാണ് പൊലീസ് നേരിടുന്നത്. 

 

make lock down breakers to sanitize quarantine wards, action from jhunjhunu police rajasthan

 

ഉത്തരേന്ത്യയിൽ പൊലീസ് ജനങ്ങളെ ഓടിച്ചിട്ട് തല്ലുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നുമൊക്കെ ഉത്തർപ്രദേശിലേക്ക് തോൾബാഗുമെന്തി വരുന്നവരെ പൊലീസ് തവളച്ചാട്ടം ചാടിക്കുന്ന വീഡിയോയും പുറത്തുവന്നുകഴിഞ്ഞു .ഒരു വീഡിയോയിൽ കാണുന്നത് സൈക്കിളിൽ വന്ന രണ്ടു ചെറുപ്പക്കാരെ പട്ടാള യൂണിഫോമിൽ നിൽക്കുന്ന ഒരാൾ സൈക്കിൾ തലയ്ക്കു മീതെ ഉയർത്തിപ്പിടിച്ച് തവളച്ചാട്ടം ചാടിക്കുന്നതാണ്. കേരളത്തിൽ ഇജ്ജാതി 'പാടത്തു ജോലി, വരമ്പത്തു കൂലി' മോഡൽ ശിക്ഷാ വിധി നടപ്പിലാക്കിയത് കണ്ണൂർ എസ്പി യതീഷ് ചന്ദ്രയാണ്. അദ്ദേഹം തെരുവിൽ നിന്ന് വലഞ്ഞു പിടിച്ച് ഏത്തമിടീച്ചവരിൽ യുവാക്കളും വൃദ്ധന്മാരും ഒക്കെ പെടും. അതേപ്പറ്റി വ്യാപകമായ പരാതികൾ ഉയർന്നതും, അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടതും ഒക്കെ നമ്മളും കണ്ടതാണ് .

എന്നാൽ, ഇതേ ലൈനിൽ രാജസ്ഥാനിലെ ജുൻജുനു ജില്ലയിൽ നിന്ന് അല്പം വ്യത്യസ്തമായ ഒരു 'ശിക്ഷാവിധി'യെപ്പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. നവൽഗാഡ് എസ്ഡിഎം ആയ മുരളീലാൽ ശർമയാണ് വ്യത്യസ്തമായ ഈ ശിക്ഷാവിധിയുമായി രംഗത്തെത്തിയിട്ടുളളത്. തെരുവുകളിൽ ലോക്ക് ഡൗൺ ലംഘിച്ച് നടക്കുന്നവരെ ദേഹോപദ്രവം ഏൽപ്പിക്കാതെ അറസ്റ്റ് ചെയ്തു കൊണ്ടുവരാനാണ് അദ്ദേഹത്തിന്റെ ഓർഡർ. ഇങ്ങനെ കൊണ്ടുവരുന്നവർക്ക് അദ്ദേഹം കല്പിച്ചിട്ടുള്ള ശിക്ഷ, പ്രദേശത്തെ ക്വാറന്റൈൻ വാർഡുകളുടെ ശുചീകരണപ്രവർത്തനങ്ങളിൽ ഏർപ്പെടുക, അണുവിമുക്തമാക്കുക തുടങ്ങിയ പണികളാണ്. കോവിഡ് 19 -നോടുള്ള പോരാട്ടങ്ങൾക്ക് തുരങ്കം വെക്കുന്ന രീതിയിൽ ലോക്ക് ഡൗൺ ലംഘിച്ച് പുറത്തിറങ്ങി ചുമ്മാ കറങ്ങി നടക്കുന്നവരെ പിടികൂടി, അവരെയും ഈ പോരാട്ടങ്ങളിൽ പങ്കാളികളാകുന്ന ക്രിയാത്മകമായ സമീപനമാണ് താൻ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്വാറന്റൈനിൽ ഉള്ള രോഗികളെ പരിചരിക്കാൻ വേണ്ട പരിശീലനവും അവർക്ക് നൽകും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.  

 

make lock down breakers to sanitize quarantine wards, action from jhunjhunu police rajasthan

 

എന്നുമാത്രമല്ല, ഇങ്ങനെ ചുമ്മാ പുറത്തിറങ്ങി കറങ്ങി നടക്കുന്നവരുടെ ചിത്രം മൊബൈൽ ക്യാമെറയിൽ പകർത്തി ജില്ലാ ഭരണാധികാരികളുടെ വാട്ട്സാപ്പിൽ അയച്ചു നൽകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയും ലാത്തിച്ചാർജ്ജ് ചെയ്യരുത്, അറസ്റ്റും ചെയ്യരുത് എന്നാണ് മജിസ്‌ട്രേറ്റിന്റെ കർശന നിർദേശം. പകരം കൊവിഡ് സംശയിച്ച് മാറ്റിപ്പാർപ്പിച്ചിരിക്കുന്നവരെ പരിചരിക്കുന്ന യജ്ഞത്തിൽ ജില്ലാ ഭരണകൂടത്തെ സഹായിക്കാൻ അവരെ പ്രേരിപ്പിക്കും. 

ഇതേപ്പറ്റി താൻ സാമൂഹ്യമാധ്യമങ്ങളിലും പ്രചാരണം നടത്തിയിട്ടുണ്ടെന്ന് മജിസ്‌ട്രേറ്റ് പറഞ്ഞു. ഇത് ഒരു തമാശയായി കാണരുത് എന്നും, വരും ദിനങ്ങളിൽ കൊറോണാവൈറസിനെതിരായ പോരാട്ടത്തിൽ വലിയതോതിൽ സന്നദ്ധപ്രവർത്തകരുടെ സേവനം വേണ്ടി വരും എന്നും, അനാവശ്യമായി റോഡിൽ കറങ്ങി നടക്കുന്നവരെ അസുഖം പരത്തുന്നതിൽ നിന്ന് തടയുക എന്നതും, അവരെക്കൊണ്ട് സമൂഹത്തിനുപകരം ഉണ്ടാവുക എന്നതും ഒരേസമയം സാധിക്കുകയാണ് താൻ ഉദ്ദേശിക്കുന്നത് എന്നും എസ്ഡിഎം മുരളീലാൽ ശർമ്മ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios