ജോസ് പ്രകാശ് സ്‌റ്റൈലില്‍, ബൈദബൈ, എന്റെ മുതലക്കുഞ്ഞിന് തീറ്റ കൊടുക്കാന്‍ സമയമായി എന്നു പറഞ്ഞിരിക്കുന്നതിനിടയിലാണ് അയാളെ തേടി പൊലീസ് എത്തിയത്!

ജോസ് പ്രകാശ് സ്‌റ്റൈലില്‍, ബൈദബൈ, എന്റെ മുതലക്കുഞ്ഞിന് തീറ്റ കൊടുക്കാന്‍ സമയമായി എന്നു പറഞ്ഞിരിക്കുന്നതിനിടയിലാണ് അയാളെ തേടി പൊലീസ് എത്തിയത്. മുന്‍കുറ്റവാളിയായ അയാളെ പ്രൊബേഷന്‍ വ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യാന്‍പോയതായിരുന്നു പൊലീസ്. 

കാറില്‍ സഞ്ചരിച്ചിരുന്ന ഇയാളെ വഴിയില്‍ തടഞ്ഞാണ് പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ്, ആ ജീവിയെ പൊലീസ് കണ്ടത്-ഒരു മുതലക്കുഞ്ഞ്! അതിന്റെ വായ കറുത്ത ടേപ്പ് കൊണ്ട് കെട്ടിയിരുന്നു. ചുറ്റും പ്ലാസ്റ്റിക് കുപ്പികളും ഭക്ഷണ പൊതികളും ഉണ്ടായിരുന്നു. 

തന്റെ സുഹൃത്തിന്റെ മുതലയാണ് അതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. സുഹൃത്ത് ഒരാഴ്ച മുമ്പ് ഏതോ കേസില്‍ അകത്തായി. തുടര്‍ന്നാണ് മുതലക്കുഞ്ഞിനെ താന്‍ സൂക്ഷിച്ചതെന്നും ഇയാള്‍ പറഞ്ഞു. 

തുടര്‍ന്ന്, പൊലീസ് മൃഗസംരക്ഷണ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. അവരെത്തി മുതലക്കുഞ്ഞിനെ പുനരധിവാസ കേന്ദ്രത്തിലേക്കു കൊണ്ടുപോയി. അയാളെയാവട്ടെ പൊലീസ് ജയിലിലേക്കും കൊണ്ടുപോയി. 

അമേരിക്കയിലെ കാലിഫോര്‍ണിയയിലുള്ള ആന്‍ഡേഴ്‌സനിലാണ് സംഭവം. ജീവനുള്ള മുതലക്കുഞ്ഞുമായി കാറില്‍ സഞ്ചരിച്ച ടെയ്‌ലര്‍ വാട്‌സണ്‍ എന്ന 29 -കാരനാണ് പിടിയിലായത്. കാറിന്റെ സീറ്റിനടിയിലായിരുന്നു മുതലക്കുഞ്ഞ്. 

ഒരു തട്ടിപ്പു കേസില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് പ്രെബേഷനില്‍ ഇറങ്ങിയതായിരുന്നു ടെയ്‌ലര്‍ വാട്‌സണ്‍. പ്രൊബേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വീണ്ടും അറസ്റ്റിലാവുകയായിരുന്നു. 

സംഭവത്തെക്കുറിച്ച് നോര്‍ത്ത് കാലിഫോര്‍ണിയ പൊലീസ് ഫേസ്ബുക്കില്‍ വാര്‍ത്താ കുറിപ്പിറക്കി. ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിച്ചപ്പോഴാണ് മുതലക്കുഞ്ഞിനെ കണ്ടെത്തിയതെന്ന് അതില്‍ വിശദീകരിച്ചു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ മുതലയുമായി നില്‍ക്കുന്ന ചിത്രങ്ങളും പൊലീസ് പോസ്റ്റ് ചെയ്തിട്ടുണ്ട്.