'തന്റെ സ്റ്റൈപ്പെൻഡ് എത്രയാണ് എന്നും ജോലി ചെയ്യുന്ന സമയം എങ്ങനെ ആയിരിക്കും' എന്നുമാണ് യുവാവ് ചോദിച്ചത്. എന്നാൽ, അത് മറുപുറത്തുള്ളയാൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല.

പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളെ ഇന്റേൺഷിപ്പിന്റെ പേരിലുംമറ്റും വിവിധ കമ്പനികൾ അധികമായി ജോലി ചെയ്യിപ്പിക്കുന്ന സാഹചര്യമുണ്ടാവാറുണ്ട്. ചിലരാവട്ടെ സ്റ്റൈപ്പെൻഡോ ഒന്നും തന്നെ ഇവർക്ക് നൽകാതെയും ഇവരെ ജോലി ചെയ്യിപ്പിക്കാറുണ്ട്. ജോലിയിലേക്ക് കയറുക, എക്സ്പീരിയൻസുണ്ടാക്കുക, ഇന്റേൺഷിപ്പ് പൂർത്തിയാക്കുക തുടങ്ങിയവയൊക്കെ ആവശ്യമാണ് എന്നതുകൊണ്ട് തന്നെ പലരും ഇത്തരം സാഹചര്യങ്ങളിൽ ഒന്നും മിണ്ടാതിരിക്കാറാണ് പതിവ്.

എന്നാൽ ഒരു യുവാവ് പങ്കുവച്ച പോസ്റ്റ് ഇപ്പോൾ ഇതിനെ കുറിച്ച് ഒരു ചർച്ച തന്നെ ഉയരാൻ കാരണമായി തീർന്നിരിക്കയാണ്. റെഡ്ഡിറ്റിലാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. അതിൽ ഒരു സ്ക്രീൻഷോട്ടും ഷെയർ ചെയ്തിരിക്കുന്നത് കാണാം. അതിൽ കാണുന്നത് യുവാവ് തനിക്ക് ആർട്ടിക്കിൾഷിപ്പിനുള്ള അവസരം ഉണ്ടോ എന്ന് ചോദിക്കുന്നതാണ്. ഉണ്ട് എന്നും ഓഫീസിലേക്ക് വരൂ, സിവി അയക്കൂ എന്നുമാണ് മറുപടിയിൽ പറയുന്നത്. എന്നാൽ, പിന്നീട് യുവാവ് അടുത്ത ചോദ്യം ചോദിച്ചു. അതാണ് എംപ്ലോയറിന് ഇഷ്ടപ്പെടാതെ വന്നത്.

'തന്റെ സ്റ്റൈപ്പെൻഡ് എത്രയാണ് എന്നും ജോലി ചെയ്യുന്ന സമയം എങ്ങനെ ആയിരിക്കും' എന്നുമാണ് യുവാവ് ചോദിച്ചത്. എന്നാൽ, അത് മറുപുറത്തുള്ളയാൾക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല. 'നിങ്ങൾ വരേണ്ടതില്ല, ഇത്രയും ഓവർ സ്മാർട്ട് ആവേണ്ട കാര്യമില്ല' എന്നായിരുന്നു മറുപടി. ഇതിന്റെ സ്ക്രീൻഷോട്ടാണ് യുവാവ് പങ്കുവച്ചിരിക്കുന്നത്.

താൻ ഇത് ചോദിച്ചത്, തനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ‌ സാധിക്കുന്ന സമയം അല്ലെങ്കിൽ വെറുതെ പോയി അവരുടെയും തന്റെയും സമയം കളയേണ്ടതില്ലല്ലോ എന്ന് കരുതിയാണ് എന്നാണ് യുവാവ് പറയുന്നത്. എന്നാൽ, ഇതായിരുന്നു പ്രതികരണം എന്നും ഇത്തരം സ്ഥാപനങ്ങളെ ശ്രദ്ധിക്കണം എന്നുമാണ് യുവാവ് പറയുന്നത്. നിരവധിപ്പേരാണ് യുവാവിന്റെ പോസ്റ്റിന് കമന്റുകൾ നൽകിയിരിക്കുന്നത്.

ചിലരെല്ലാം യുവാവിനെ അനുകൂലിച്ചു. തികച്ചും ചൂഷണം നിലനിൽക്കുന്നതാണ് ഇത്തരം സ്ഥാപനങ്ങൾ എന്നായിരുന്നു അവരുടെ അഭിപ്രായം. എന്നാൽ, മറ്റ് ചിലർ പറഞ്ഞത് സ്റ്റൈപ്പെൻഡിന്റെ കാര്യമൊക്കെ നേരിട്ട് കണ്ട ശേഷം തീരുമാനിക്കേണ്ടത് ആയിരുന്നു എന്നാണ്.