ഇയാൾ ഉടനെ തന്നെ വീട്ടിലെത്തി, പാമ്പിനെ പിടിച്ച് ഒരു സഞ്ചിയിലിട്ടു. അതുമായി നേരെ ആശുപത്രിയിലെത്തി. ഡോക്ടർമാരും ജീവനക്കാരും ആകെ ഞെട്ടിത്തരിച്ചു പോയി.
പാമ്പുകളുമായി ബന്ധപ്പെട്ട അനേകം വാർത്തകൾ ഓരോ ദിവസവും നാം കേൾക്കാറുണ്ട്. അതുപോലെ ഒരു വാർത്തയാണ് ഇതും. പാമ്പ് ആരെയെങ്കിലും കടിച്ചാൽ കടിയേറ്റയാളെയും കൊണ്ട് നാം ആശുപത്രിയിൽ പോകാറുണ്ട്. അത് സാധാരണമാണ്. എന്നാൽ, കടിച്ച പാമ്പിനെയും കൊണ്ട് ആശുപത്രിയിൽ പോകുന്നത് അപൂർവ സംഭവമാണ്.
അതുപോലെ ഒരാൾ തന്റെ ഭാര്യയെ കടിച്ച പാമ്പുമായി ആശുപത്രിയിൽ എത്തി. സംഭവം ആശുപത്രിയിലെ ജീവനക്കാരെയും അവിടെ ഉണ്ടായിരുന്നവരെയും എല്ലാം ഞെട്ടിച്ചു. എന്നാൽ, അങ്ങനെ പാമ്പുമായി ആശുപത്രിയിൽ ചെന്നതിന്റെ കാരണമാണ് പലരേയും കൂടുതൽ ഞെട്ടിച്ചത്.
പെരുമ്പാമ്പാണ് കുസുമ എന്ന സ്ത്രീയെ കടിച്ചത്. ഉടനെ തന്നെ അവരെ ആശുപത്രിയിലും എത്തിച്ചു. എന്നാൽ, പിന്നാലെ വീട്ടിലെത്തിയ ഇവരുടെ ഭർത്താവ് നരേന്ദ്ര പാമ്പുമായി ആശുപത്രിയിൽ എത്തുകയായിരുന്നു. ഉന്നാവോ ജില്ലയിലെ സഫിപൂർ കോട്വാലി പ്രദേശത്തെ ഉമർ അത്വാ ഗ്രാമത്തിലാണ് സംഭവം നടന്നത്. റിപ്പോർട്ടുകൾ പ്രകാരം കുസുമ വീട് വൃത്തിയാക്കുകയായിരുന്നു. അപ്പോൾ ഒരു പാമ്പ് ഇവരെ കടിക്കുന്നത്. ഉടനെ തന്നെ സ്ത്രീ അലറി വിളിക്കുകയും ബോധം കെട്ട് വീഴുകയും ചെയ്തു.
അവരെ ഉടനെ തന്നെ ജില്ലാ ആശുപത്രിയിലെ അടിയന്തിര വിഭാഗത്തിൽ ഹാജരാക്കി. പിന്നാലെ നരേന്ദ്രയെയും വിവരം അറിയിച്ചു. ഇയാൾ ഉടനെ തന്നെ വീട്ടിലെത്തി, പാമ്പിനെ പിടിച്ച് ഒരു സഞ്ചിയിലിട്ടു. അതുമായി നേരെ ആശുപത്രിയിലെത്തി. ഡോക്ടർമാരും ജീവനക്കാരും ആകെ ഞെട്ടിത്തരിച്ചു പോയി. എന്തിനാണ് പാമ്പിനെയും കൊണ്ട് വന്നത് എന്ന ചോദ്യത്തിന് നരേന്ദ്ര കൊടുത്ത മറുപടിയാണ് അതിലും ആളുകളെ ഞെട്ടിച്ചത്. ഏത് പാമ്പാണ് കടിച്ചത് എന്ന് ആശുപത്രിയിൽ ഉള്ളവർക്ക് എളുപ്പം മനസിലാകുന്നതിന് വേണ്ടിയാണത്രെ ഇയാൾ ഭാര്യയെ കടിച്ച പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതാകുമ്പോൾ കൃത്യമായ ചികിത്സ കിട്ടുമെന്ന് തോന്നി എന്നും ഇയാൾ പറഞ്ഞു.
ഇത് ആദ്യമായല്ല ഇവിടെ കടിച്ച പാമ്പിനെയും കൊണ്ട് ഒരാൾ ആശുപത്രിയിൽ എത്തുന്നത്. അഫ്സൽ നഗറിൽ ഇതുപോലെ നേരത്തെ ഒരാൾ ഭാര്യയെ കടിച്ച പാമ്പുമായി ആശുപത്രിയിൽ എത്തിയിരുന്നു.
