Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണിലെ വിരസതയകറ്റാൻ മതിൽ പണിതു, ഒടുവിൽ പുലിവാലായി, നാട്ടുകാരിളകി

എന്നാൽ മതിലിന്റെ മറുവശം, അതായത് അയൽക്കാർ കാണുന്ന വശം, അത്ര ആകർഷണീയമല്ല. മതിലിന് പുറത്ത് നിറയെ ആണികളും, വയറുകളും ഒക്കെയായി കാഴ്ചയ്ക്ക് ഒട്ടും സുഖകരമല്ല മതിൽ. 

man builds giant wall but neighbors stands against him
Author
Sydney NSW, First Published Nov 17, 2021, 11:54 AM IST

ലോക്ക്ഡൗൺ സമയത്ത് വീട്ടിൽ ഇരുന്ന് മുഷിഞ്ഞപ്പോൾ ഒരു ഒസ്‌ട്രേലിയക്കാരൻ സമയം കളയാൻ കണ്ടെത്തി വഴി ഒടുക്കം അയാൾക്ക് തന്നെ പാരയായി തീർന്നു. സിഡ്നിയിൽ താമസിക്കുന്ന അലിയാണ് ലോക്ക് ഡൗൺ സമയത്ത് വെറുതെ ഒരു രസത്തിന് തന്റെ മനോഹരമായ പൂന്തോട്ടത്തിന് ചുറ്റും ഒരു മതിൽ പണിയാൻ തീരുമാനിച്ചത്. എന്നാൽ പണിത് തീർന്നപ്പോൾ അതൊരു വൻമതിലായി മാറി. അതോടെ അയൽക്കാർ ഉടക്കുമായി രംഗത്തെത്തി. പൂന്തോട്ടത്തിന് ചുറ്റും 18 അടിയുള്ള കൂറ്റൻ മതിൽ നിർമ്മിച്ച അയാൾ ഇപ്പോൾ അയൽവാസികളുമായി തർക്കത്തിലാണ്.  

കഷ്ടപ്പെട്ട് പണിതത് ഇപ്പോൾ പൊളിച്ച് മാറ്റണമെന്നാണ് അയൽക്കാരുടെ ആവശ്യം. ഇല്ലെങ്കിൽ നിയമനടപടി നേരിടേണ്ടി വരുമെന്ന് അവർ ഭീഷണി മുഴക്കി. ഒരു ശരാശരി പൂന്തോട്ട വേലിയുടെ മൂന്നിരട്ടി വലിപ്പമുള്ളതാണ് ചെസ്റ്ററിലെ ഈ വൻമതിൽ. കൊവിഡ് സമയത്ത് അലിയ്ക്ക് തോന്നിയ ഒരു നേരമ്പോക്കാണ് അയൽക്കാർക്ക് ഇപ്പോൾ വലിയ തലവേദനയായി മാറിയിരിക്കുന്നത്.  

എന്നാൽ വെറും വിരസത കൊണ്ട് മാത്രമല്ല, സ്വകാര്യത ആഗ്രഹിച്ചിട്ടുകൂടിയാണ് മതിൽ പണിതതെന്നാണ് അലിയുടെ വാദം. അദ്ദേഹം ആഗ്രഹിച്ച സ്വകാര്യത അത് ഉറപ്പുനൽകുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ അയൽക്കാർക്ക് പക്ഷേ അത് അത്ര നല്ലൊരു ആശയമായി തോന്നുന്നില്ല. അതിനൊരു കാരണവുമുണ്ട്. സ്റ്റീൽ ഫ്രെയിമുകളും തടിയും കൊണ്ട് പാർക്വെട്രി ഡിസൈനിലാണ് മതിൽ നിർമ്മിച്ചിരിക്കുന്നത്. രാത്രിയിൽ പ്രകാശിക്കുന്ന അലങ്കാര പാനലുകളും അതിലുണ്ട്. അതൊരു ആർട്ട് മ്യൂസിയം പോലുണ്ട് എന്ന് അലി അഭിമാനത്തോടെ പറയുകയും ചെയ്യുന്നു.  

എന്നാൽ മതിലിന്റെ മറുവശം, അതായത് അയൽക്കാർ കാണുന്ന വശം, അത്ര ആകർഷണീയമല്ല. മതിലിന് പുറത്ത് നിറയെ ആണികളും, വയറുകളും ഒക്കെയായി കാഴ്ചയ്ക്ക് ഒട്ടും സുഖകരമല്ല മതിൽ. കൂടാതെ, മതിലിന്റെ ഉയരവും അവരുടെ കാഴ്ചയെ മറക്കുന്നുവെന്ന് സമീപവാസികൾ പരാതിപ്പെടുകയും ചെയ്യുന്നു. ഇതോടെ കാര്യങ്ങൾ സങ്കീർണമായി. രണ്ടാഴ്ചയ്ക്കകം മതിൽ പൊളിച്ച് മാറ്റാൻ ആവശ്യപ്പെട്ട് അലിക്ക് കംബർലാൻഡ് കൗൺസിൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.
 

Follow Us:
Download App:
  • android
  • ios