പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ തിരികെ വീട്ടിലെത്തി. എന്നാൽ, വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. അവർ അന്വേഷിച്ചപ്പോൾ, അയാൾ സംഭവം മുഴുവൻ വീട്ടുകാരോട് വിവരിച്ചു.
പാമ്പിന് പ്രതികാര ബുദ്ധിയുണ്ടെന്ന് പണ്ടുകാലങ്ങളിൽ ആളുകൾ വിശ്വസിച്ചിരുന്നു. എന്നാൽ, ഉത്തർപ്രദേശിൽ കഴിഞ്ഞ ദിവസം നടന്ന സംഭവം കേട്ടാൽ മനുഷ്യനോളം പ്രതികാര ബുദ്ധി മറ്റൊന്നിനുമില്ല എന്ന് തോന്നിപ്പോകും. ആളുകൾക്ക് പാമ്പ് കടിയേൽക്കുന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, മധബാദൽ സിംഗ് എന്ന വ്യക്തിയെ കടിച്ച പാമ്പിന്റെ കണക്ക് കൂട്ടലുകൾ അല്പം പിഴച്ച് പോയി. കാരണം പാമ്പ് കടിയേറ്റ അയാൾ എത്രയും വേഗം ആശുപത്രിയിൽ എത്താനല്ല നോക്കിയത്, മറിച്ച് കടിച്ച പാമ്പിനെ പിടിച്ച് കഷണങ്ങളായി നുറുക്കി, പൊടി പോലും ബാക്കി വയ്ക്കാതെ മൊത്തം അങ്ങ് വായിലാക്കി. കടിച്ച പാമ്പിനെ വെട്ടി നുറുക്കി തിന്ന് അയാൾ അതിനോടുള്ള പ്രതികാരം തീർക്കുകയായിരുന്നു.
ഉത്തർപ്രദേശിലെ ബന്ദ ജില്ലയിലെ കമാസിൻ ഏരിയാ പൊലീസ് സ്റ്റേഷന് സമീപമുള്ള സയോഹത് ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം നടന്നത്. 49 -കാരനായ മധബാദൽ സിംഗാണ് പാമ്പിനോട് വ്യത്യസ്തമായ രീതിയിൽ പകരം വീട്ടിയത്. ഞായറാഴ്ച വൈകുന്നേരം തന്റെ വയലിൽ നിന്ന് പണി കഴിഞ്ഞ് മടങ്ങുകയായിരുന്നു അയാൾ. അപ്പോഴാണ് വഴിയിൽ വച്ച് ഒരു വിഷപ്പാമ്പ് അയാളുടെ കൈയിൽ കടിക്കുന്നത്. എന്നാൽ അയാൾ ഒച്ചവച്ച് ആളെ കൂട്ടുകയോ, കരഞ്ഞ് ബഹളം വയ്ക്കുകയോ ഒന്നും ചെയ്തില്ല. ഹോസ്പിറ്റലിൽ പോകാൻ പോലും ശ്രമിച്ചില്ല. പകരം, ആ പാമ്പിനെ ചുറ്റിപ്പിടിച്ച് പല കഷണങ്ങളായി വെട്ടി നുറുക്കി. തുടർന്ന് ആ കഷ്ണങ്ങൾ എല്ലാം എടുത്ത് വിഴുങ്ങുകയും ചെയ്തു.
പിന്നീട് ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ തിരികെ വീട്ടിലെത്തി. എന്നാൽ, വസ്ത്രത്തിൽ രക്തക്കറ കണ്ടതിനെ തുടർന്ന് കുടുംബാംഗങ്ങൾ പരിഭ്രാന്തരായി. അവർ അന്വേഷിച്ചപ്പോൾ, അയാൾ സംഭവം മുഴുവൻ വീട്ടുകാരോട് വിവരിച്ചു. തുടർന്ന് അവർ അയാളെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ കൊണ്ടുപോയി. അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഒരു രാത്രി ആശുപത്രിയിൽ കിടന്ന അയാൾ ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.
രോഗി പൂർണ ആരോഗ്യവാനാണെന്നും, പ്രശ്‌നങ്ങളൊന്നുമില്ലെന്നും ബന്ദ ജില്ലാ ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ വിനീത് സച്ചൻ പറഞ്ഞു. ഒരു ദിവസം കൂടി ആശുപത്രിയിൽ കിടക്കേണ്ടി വരുമെന്നും, അതിന് ശേഷം ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ ഡിസ്ചാർജ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
(ചിത്രം പ്രതീകാത്മകം)
