അധികൃതർ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും മോബ്‍ലിയുടെ ജീവനറ്റ ശരീരം ജീർണ്ണിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു.

ടെക്സസിൽ റെസ്റ്റോറന്റിൽ ബോധം കെട്ടുവീണ യുവാവിനെ അടുത്തുള്ള കെട്ടിടത്തിന്റെ പാർക്കിം​ഗ് ഏരിയയിൽ ഉപേക്ഷിച്ച് ജീവനക്കാർ. പിറ്റേന്ന് രാവിലെ കണ്ടത് 34 -കാരനായ യുവാവിന്റെ ജീവനറ്റ ശരീരം. തെരുവിൽ കഴിയുന്ന ആളാണെന്ന് കരുതിയാണത്രെ യുവാവിനെ റെസ്റ്റോറന്റ് ജീവനക്കാർ സഹായിക്കാതെ ഉപേക്ഷിച്ചത്. ഹൂസ്റ്റണിലാണ് അതിദാരുണമായ സംഭവം നടന്നത്. ജെസ്സി മോബ്‍ലി ജൂനിയർ എന്ന യുവാവ് ഓഗസ്റ്റ് 7 -നാണ് ഈ റെസ്റ്റോറന്റിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ യുവാവ് പെട്ടെന്ന് തന്റെ മേശയിലേക്ക് ബോധംകെട്ടു വീഴുകയായിരുന്നു. എന്നാൽ, എമർജൻസി സർവീസിൽ വിളിക്കുന്നതിനുപകരം, റെസ്റ്റോറന്റ് ജീവനക്കാർ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സാധനങ്ങളും ഒരു ഹെയർ ആൻഡ് ബ്യൂട്ടി കോളേജിന് സമീപത്ത് ഉപേക്ഷിക്കുകയായിരുന്നു.

ഹൂസ്റ്റൺ പൊലീസ് പറയുന്നത്, യുവാവ് തെരുവിൽ കഴിയുന്ന ഒരാളാണെന്നും വീടില്ലാത്ത ദരിദ്രനാണ് എന്നും കരുതി എമർജൻസി സർവീസായ 911 -ൽ വിളിക്കുന്നതിന് പകരം അദ്ദേഹത്തെ ഉപേക്ഷിക്കുകയാണ് റെസ്റ്റോറന്റ് ജീവനക്കാർ ചെയ്തത് എന്നാണ്. പിറ്റേന്ന് രാവിലെ കോളേജിലെത്തിയ ഒരു വിദ്യാർത്ഥിയാണ് ജെസ്സി മോബ്‍ലിയുടെ ജീവനില്ലാത്ത ശരീരം കണ്ടത്.

അധികൃതർ സംഭവസ്ഥലത്തേക്ക് എത്തുമ്പോഴേക്കും മോബ്‍ലിയുടെ ജീവനറ്റ ശരീരം ജീർണ്ണിക്കാൻ തുടങ്ങുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നുവെന്ന് കുടുംബം പറഞ്ഞു. 'ഞങ്ങൾ അവനെ കാണുമ്പോൾ ഭയങ്കരമായ അവസ്ഥയായിരുന്നു. അവന്റെ ശരീരം പർപ്പിൾ നിറമായി മാറിത്തുടങ്ങിയിരുന്നു. ജീർണ്ണിച്ചു തുടങ്ങുന്നതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു' എന്നാണ് മോബ്‍ലിയുടെ രണ്ടാനമ്മ റെനി മോബ്‍ലി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത്.

യുവാവിന്റെ മരണകാരണം വ്യക്തമല്ല. സ്വാഭാവികമരണമാണെങ്കിൽ അന്വേഷണം അവസാനിപ്പിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം, റെസ്റ്റോറന്റ് ജീവനക്കാരെ മോബ്‍ലിയുടെ കുടുംബം രൂക്ഷമായി വിമർശിച്ചു. അതിൽ ഒരാൾക്കെങ്കിലും 911 -ൽ വിളിക്കാമായിരുന്നു. ഒരുപക്ഷേ മകൻ ജീവനോടെ രക്ഷപ്പെട്ടേനെ. ആളുകളെ മുൻവിധിയോടെ കാണുന്നതിന് പകരം മനുഷ്യത്വത്തോടെ കാണാമായിരുന്നു എന്നാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ 13 വർഷത്തിനിടയിൽ മൂന്ന് മക്കളെ നഷ്ടപ്പെട്ടവരാണ് മോബ്‍ലിയുടെ കുടുംബം.