നടുവ് വേദന കാരണം അവധി ചോദിച്ച് മാനേജർക്ക് സന്ദേശമയച്ച് മിനിറ്റുകൾക്കകം 40-കാരനായ ശങ്കർ എന്ന ജീവനക്കാരൻ ഹൃദഘാതം മൂലം മരിച്ചു. ജീവിതത്തിൻറെ അനിശ്ചിതത്വം ഓർമ്മിപ്പിക്കുന്ന ഈ ദാരുണ സംഭവം, മാനേജർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് പുറംലോകമറിഞ്ഞത്.

2025 സെപ്റ്റംബർ 13-ന് രാവിലെ, ഒരു സാധാരണ പ്രവൃത്തി ദിവസം സാക്ഷിയായത് ദാരുണമായ ചില സംഭവ വികാസങ്ങൾക്കായിരുന്നു. സിക്ക് ലീവിന് അപേക്ഷിച്ച ജീവനക്കാരൻ ഏതാനും മിനിറ്റുകൾക്കുള്ളിൽ മരണപ്പെട്ടതാണ് ആ ഞെട്ടിപ്പിക്കുന്ന സംഭവം. 40-കാരനായ ശങ്കർ എന്ന ജീവനക്കാരനാണ് താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ മാനേജറോട് ശാരീരികമായ ചില അസ്വസ്ഥതകൾ തോന്നുന്നതിനാൽ തനിക്ക് അവധി വേണമെന്ന് പറഞ്ഞത്. ആ അവധി ചോദിക്കുമ്പോൾ ശങ്കർ അറിഞ്ഞിരുന്നില്ല തൻറെ ജീവിതത്തിൽ ഇനി അവസാനിക്കുന്നത് ഏതാനും നിമിഷങ്ങൾ കൂടി മാത്രമാണ്. ജീവിതത്തിൻറെ അനിശ്ചിതത്വം ഓർമിപ്പിക്കുന്ന ഈ സംഭവം ഏറെ ഞെട്ടലോടെ അല്ലാതെ കേൾക്കാൻ കഴിയില്ല.

ലീവ് ആവശ്യപ്പെട്ട് സന്ദേശം

സെപ്റ്റംബർ 13-ന് രാവിലെ 8:37-ന്, തനിക്ക് കടുത്ത നടുവേദനയുണ്ടെന്നും അതിനാൽ അവധിയെടുക്കാൻ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച് കൊണ്ട് ശങ്കർ തന്‍റെ മാനേജരായ കെ.വി. അയ്യർക്ക് ഒരു സന്ദേശമയച്ചു. അയ്യർ വിശ്രമിക്കാനും വേഗം സുഖം പ്രാപിക്കാനും അദ്ദേഹത്തെ ഉപദേശിച്ചു. ഈ ഹ്രസ്വമായ സംഭാഷണം അവരുടെ അവസാനത്തേതായിരിക്കുമെന്ന് അവരിരുവരും അറിഞ്ഞില്ല. പത്ത് മിനിറ്റിന് ശേഷം, 8:47-ന് ശങ്കർ കുഴഞ്ഞുവീഴുകയും ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. ഏകദേശം 11 മണിയോടെയാണ് അയ്യർ ഈ വാർത്തയറിയുന്നത്, അത് അദ്ദേഹത്തെ ഞെട്ടിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്തു. “അവൻറെ മെസ്സേജ് കണ്ടപ്പോൾ ഞാൻ അവനോട് ശ്രദ്ധിക്കാൻ പറഞ്ഞു. മണിക്കൂറുകൾക്ക് ശേഷം അവൻ യാത്രയായെന്ന് ഞാൻ അറിഞ്ഞു,” അയ്യർ എക്‌സിൽ ഒരു വൈകാരികമായ പോസ്റ്റിൽ കുറിച്ചു.

Scroll to load tweet…

ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കുക

കഴിഞ്ഞ ആറ് വർഷമായി അയ്യരുടെ കീഴിൽ ജോലി ചെയ്തിരുന്ന ശങ്കർ ആരോഗ്യപരമായ കാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന ഒരാളായിരുന്നു. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്തിരുന്നില്ല, പ്രത്യേകിച്ച് ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നതായി സഹപ്രവർത്തകരും ഓർക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ മരണം വിശ്വസിക്കാൻ സഹപ്രവർത്തകർക്കും ബന്ധുക്കൾക്കോ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തന്‍റെ പോസ്റ്റിൽ അയ്യർ എല്ലാവരും ആരോഗ്യത്തിനും ബന്ധങ്ങൾക്കും പ്രാധാന്യം നൽകാനും, വിലപ്പെട്ട നിമിഷങ്ങളെ നിസ്സാരമായി കാണാതിരിക്കാനും ആവശ്യപ്പെട്ടു. ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ അതിവേഗം പ്രചരിച്ചു, നിരവധി ആളുകൾ ദുഃഖം രേഖപ്പെടുത്തുകയും പെട്ടെന്നുണ്ടായ ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള സ്വന്തം അനുഭവങ്ങൾ പങ്കുവെക്കുകയും ചെയ്തു.