മരിച്ചുപോയ മുത്തശ്ശിയോടുള്ള ആദരസൂചകമായി ചൈനീസ് യുവാവ് വീഡിയോ ഗെയിം നിർമ്മിച്ചു. 'ഗ്രാന്‍റ്മ' എന്ന പേരിലുള്ള ഈ ഗെയിം മുത്തശ്ശിയുടെ ദൈനംദിന ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.

ചൈനീസ് യുവാവായ ഷൗ യിച്ചെൻ തന്‍റെ മരിച്ച് പോയ മുത്തശ്ശിയോടുള്ള ആദരസൂചകമായി നിർമ്മിച്ച വീഡിയോ ഗെയിം വലിയ ശ്രദ്ധ നേടുന്നു. മുത്തശ്ശിയുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് 'ഗ്രാന്‍റ്മ' എന്ന പേരിൽ ഒരു ലളിതമായ പിക്സൽ വീഡിയോ ഗെയിമാണ് ഷൗ യിച്ചെൻ ഉണ്ടാക്കിയിരിക്കുന്നത്. തൻറെ മുത്തശ്ശിയോടുള്ള സ്നേഹവാത്സല്യങ്ങളാണ് ഇത്തരമൊരു ഗെയിം ഉണ്ടാക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ഷൗ പറയുന്നു.

ഗ്രാന്‍റ്മ ഗെയിം

അഞ്ച് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ഈ ഗെയിം, ഭക്ഷണം പാചകം ചെയ്യുക, കുളിക്കാൻ സഹായിക്കുക, വീണതിന് ശേഷം വീൽചെയറിൽ ഇരുത്തി പുറത്തേക്ക് കൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങൾ ചെയ്യാൻ കളിക്കാരെ ക്ഷണിക്കുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിരിക്കുന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. മുത്തശ്ശിയുടെ വേർപാടിനെ പ്രതീകാത്മകമായി കാണിച്ച് കൊണ്ടാണ് ഗെയിം അവസാനിക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഗെയിമിലെ ടാസ്കുകൾ പൂർത്തിയാക്കാൻ കളിക്കാർ 'അതെ' അല്ലെങ്കിൽ 'ഇല്ല' എന്നീ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കണം. ഗെയിമിന്‍റെ അവസാനം, മുത്തശ്ശി കളിക്കാരനോട് നന്ദി പറഞ്ഞതിന് ശേഷം, മരണത്തെ സൂചിപ്പിച്ച് കൊണ്ട് ഒരു വലിയ പക്ഷി വന്ന് മുത്തശ്ശിയെ കൂട്ടിക്കൊണ്ട് പോകുന്നതോടെ ഗെയിം അവസാനിക്കുന്നു.

നൊസ്റ്റാൾജിക് 'ഗെയിം ബോയ്' ഗ്രാഫിക്സിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഷൗ ഈ ഗെയിം ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം മരിച്ച തന്‍റെ മുത്തശ്ശിയെ ശുശ്രൂഷിക്കാൻ ചെലവഴിച്ച സമയം ഓർമ്മിക്കാൻ വേണ്ടിയാണ് അദ്ദേഹം ഈ ഗെയിം രൂപകൽപ്പന ചെയ്തത്. ഗെയിമിന്‍റെ ആദ്യ ചിത്രങ്ങൾ ഓൺലൈനിൽ പങ്കുവെച്ചപ്പോൾ, നിരവധി ആളുകളാണ് വൈകാരികമായി ഇതിനോട് പ്രതികരിച്ചത്. വീഡിയോ ഗെയിമുകൾക്ക് കഥ പറയാനും ഓർമ്മകൾ നിലനിർത്താനുമുള്ള ശക്തമായ ഉപാധിയാകാൻ കഴിയുമെന്ന് തന്‍റെ സൃഷ്ടിയിലൂടെ തെളിയിക്കാനാണ് ഷൗ ആഗ്രഹിക്കുന്നത്.

മുത്തശ്ശിയും ഷൗവും

സെൻട്രൽ ചൈനയിലെ ഹുബെയ് പ്രവിശ്യയിലെ വുഹാൻ സ്വദേശിയാണ് ഷൗ. മൂന്ന് വയസ്സ് വരെ അദ്ദേഹത്തെ വളർത്തിയത് മുത്തശ്ശനും മുത്തശ്ശിയുമാണ്. തന്‍റെ മുത്തശ്ശി 'ശക്തയും എപ്പോഴും പുഞ്ചിരിക്കുന്നയാളുമായിരുന്നു എന്ന് ഷൗ ഓർമ്മിച്ചു. കഴിഞ്ഞ വർഷം മാർച്ചിൽ വീണതിനെ തുടര്‍ന്ന് മുത്തശ്ശി കിടപ്പിലായതോടെ ഷൗ ആണ് അവരെ ശുശ്രൂഷിച്ചത്. ആഴ്ചകൾക്ക് ശേഷം ഓക്ടോബറിൽ അവർ മരിച്ചു. കഴിഞ്ഞ ജൂലൈയോടെ ഷൗ തന്‍റെ മുത്തശ്ശി ഗെയിം ഡിസൈൻ ചെയ്യാൻ തുടങ്ങി. ഫെബ്രുവരിയിൽ അദ്ദേഹം ഇത് പൂർത്തിയാക്കി. ഒരു കുടുംബാംഗത്തിന്‍റെ മരണം വളരെ വ്യക്തിപരമായ കാര്യമാണെന്ന് വിശ്വസിച്ചതിനാലാണ് ആദ്യം തന്‍റെ ഗെയിം ഓൺലൈനിൽ പ്രസിദ്ധീകരിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.