ഫുൾട്ടൺ കൗണ്ടി ജയിലിലെ ഈ മോശമായ അവസ്ഥയാണ് തോംസണിന്റെ മരണത്തിന് കാരണമായത് എന്ന് യുവാവിന്റെ വക്കീലായ മൈക്കൽ ഡി ഹാർപ്പറും പറഞ്ഞു.
അറ്റ്ലാന്റയിലെ ജയിലിൽ 35 -കാരനെ മൂട്ട ജീവനോടെ തിന്നുവെന്ന പരാതിയുമായി യുവാവിന്റെ കുടുംബം. പിന്നാലെ യുവാവിന്റെ മരണത്തിൽ കൃത്യമായ അന്വേഷണം വേണമെന്നും ഈ ജയിൽ ഇവിടെ നിന്നും മാറ്റിസ്ഥാപിക്കണം എന്നും യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മോഷണക്കുറ്റത്തിന് ജയിലടച്ച 35 -കാരനായ ലാഷോർ തോംസണെന്ന യുവാവാണ് ജയിലിൽ മരിച്ചത്. 2022 ജൂൺ 12 -നായിരുന്നു തോംസണെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഇയാളെ ഫുൾട്ടൺ കൗണ്ടി ജയിലിലേക്ക് മാറ്റി. എന്നാൽ, പൊലീസ് പറയുന്നത് ഇയാളുടെ മാനസികനില തകരാറിലായിരുന്നു എന്നും അതിനാൽ ഇയാളെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു എന്നുമാണ്.
പിന്നാലെ, സപ്തംബർ 13 -ന് ഇയാളെ തടവുമുറിക്കുള്ളിൽ അനക്കമില്ലാത്ത രീതിയിൽ കണ്ടെത്തി. ശേഷം സിപിആർ നൽകി. എങ്കിലും പിന്നീട് തോംസൺ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, തോംസണിന്റെ കുടുംബവും വക്കീലും ഗുരുതരമായ ആരോപണങ്ങളാണ് ഇപ്പോൾ ജയിലിന് നേരെ ഉന്നയിക്കുന്നത്. തോംസണിന്റെ മരണത്തിന് കാരണമായിത്തീർന്നത് വൃത്തിഹീനമായ ജയിലാണ് എന്നാണ് വീട്ടുകാരുടെയും വക്കീലിന്റെയും ആരോപണം. ജയിൽമുറിയിൽ നിറയെ പ്രാണികളും മൂട്ടകളും ആയിരുന്നു. അവ ജീവനോടെ തിന്നതാണ് തോംസണിനെ എന്നാണ് വീട്ടുകാർ പറയുന്നത്. ഒപ്പം അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ ഒരാൾ തോംസൺ മാനസികരോഗിയാണ് എന്നതിനാൽ സിപിആർ നൽകാൻ തയ്യാറായിരുന്നില്ല എന്നും ആരോപണമുണ്ട്.
ഫുൾട്ടൺ കൗണ്ടി ജയിലിലെ ഈ മോശമായ അവസ്ഥയാണ് തോംസണിന്റെ മരണത്തിന് കാരണമായത് എന്ന് യുവാവിന്റെ വക്കീലായ മൈക്കൽ ഡി ഹാർപ്പറും പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത് തോംസണിന് വല്ലാതെ മൂട്ടകടി ഏൽക്കേണ്ടി വന്നിട്ടുണ്ട് എന്ന് തന്നെയാണ്. അതേസമയം ജയിലിന്റെ മോശം അവസ്ഥ കാണിക്കുന്ന ചിത്രങ്ങളും തോംസണിന്റെ ചിത്രങ്ങളും നേരത്തെ പുറത്ത് വന്നിരുന്നു. മരിച്ചയാളുടെ ശരീരം മൂട്ടകൾ പൊതിഞ്ഞിരുന്നു എന്നും മെഡിക്കൽ എക്സാമിനറുടെ റിപ്പോർട്ട് പറയുന്നുണ്ട്. അതേസമയം മർദ്ദനമേറ്റതിന്റെ ലക്ഷണമില്ല എന്നും റിപ്പോർട്ട് വ്യക്തമാക്കി.
