കുടുംബപരമായ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം ജടാ ശങ്കർ തന്റെ ഫാമിൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം അന്ത്യകർമ്മങ്ങൾ സ്വയം പൂർത്തിയാക്കി ഉത്തർപ്രദേശ് സ്വദേശി. ഉത്തർപ്രദേശിലെ ഉന്നാവോ നഗരത്തിൽ, ജടാ ശങ്കർ എന്ന വൃദ്ധൻ ആണ് അന്ത്യ കർമ്മങ്ങൾ സ്വയം പൂർത്തിയാക്കി ഏവരെയും അമ്പരപ്പിച്ചത്. കുടുംബാംഗങ്ങളുമായി ഏറെക്കാലമായി അകന്നു താമസിക്കുന്ന ഇദ്ദേഹം മരണശേഷം അവർ അന്ത്യകർമ്മങ്ങൾ നടത്തുമോ എന്ന ആശങ്കയിൽ ആണത്രേ എല്ലാ ചടങ്ങുകളും സ്വയം നടത്താൻ തീരുമാനിച്ചത്.
മരിച്ചുകഴിയുമ്പോൾ സംസ്കരിക്കുന്നതിനായി ഒരു ശവകുടീരവും ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. മരണശേഷം തൻറെ ശരീരം അവിടെ സംസ്കരിക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. ജൂൺ 15 വ്യാഴാഴ്ച അദ്ദേഹം തന്റെ മരണത്തിന്റെ 13 -ാം ദിവസം ആയി ആചരിച്ച് കർമ്മങ്ങൾ നടത്തുകയും ഗ്രാമവാസികൾക്ക് സദ്യ നൽകുകയും ചെയ്തു.
കുടുംബപരമായ ചില അഭിപ്രായവ്യത്യാസങ്ങൾ കാരണം ജടാ ശങ്കർ തന്റെ ഫാമിൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏതാനും നാളുകൾ മുമ്പുവരെ ഇടയ്ക്കിടെ അദ്ദേഹത്തെ കാണാൻ കുടുംബം വന്നിരുന്നു. കെവാനിലെ ഗ്രാമീണർ പറയുന്നതനുസരിച്ച്, രണ്ട് വർഷം മുമ്പാണ് ജടാ ശങ്കർ ശവകുടീരത്തിനായി കോൺക്രീറ്റ് പ്ലാറ്റ്ഫോം നിർമ്മിച്ചത്. തന്റെ മരണത്തെക്കുറിച്ച് മരണശേഷമുള്ള കാര്യങ്ങളെക്കുറിച്ച് ഇദ്ദേഹം ഗ്രാമവാസികളുമായി സംസാരിക്കാറുണ്ട് എന്നാണ് അവർ പറയുന്നത്. മരണശേഷം തൻറെ മൃതശരീരം താൻ നിർമ്മിച്ച ശവകുടീരത്തിൽ സംസ്കരിക്കണമെന്ന് അഭ്യർത്ഥിച്ചതായും നാട്ടുകാർ പറയുന്നു.
കഴിഞ്ഞ വർഷം സെപ്തംബർ 19 -ന് സമാനമായ മറ്റൊരു സംഭവത്തിൽ ഡൽഹിയിൽ നിന്നുള്ള 56 -കാരനായ ഒരാൾ തന്റെ അന്ത്യകർമങ്ങൾ മറ്റൊരു യുവാവിനെക്കൊണ്ട് നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജീവിച്ചിരുന്നപ്പോൾ ഒരു മകനെപ്പോലെ തന്നെ കണ്ടത് ആ യുവാവാണെന്നും അതിനാൽ തന്റെ അന്ത്യകർമ്മങ്ങൾ ആ ചെറുപ്പക്കാരൻ ചെയ്യുന്നതാണ് തനിക്ക് ഇഷ്ടം എന്നും അറിയിച്ചുകൊണ്ടായിരുന്നു ഇദ്ദേഹം കോടതിയെ സമീപിച്ചത്.
