ഇയാൾ വെള്ളത്തിലേക്ക് ഇറങ്ങുന്നത് കണ്ടിരുന്നു എന്ന് സമീപത്തുള്ളവർ പറഞ്ഞു. അതേസമയത്ത് തിരമാല വരികയും അയാൾ അതിൽപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു.
വെള്ളത്തിൽ വീണ നായയെ രക്ഷിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. അതിദാരുണമായ സംഭവമുണ്ടായത് സാൻ ഫ്രാൻസിസ്കോയിലാണ്. മെയ് 8 വ്യാഴാഴ്ചയാണ് സാൻ ഫ്രാൻസിസ്കോയിലെ ഓഷ്യൻ ബീച്ചിൽ വെള്ളത്തിൽ വീണ നായയെ രക്ഷിക്കാൻ ശ്രമിക്കവെ യുവാവ് മരിച്ചത്.
ഇയാൾ വെള്ളത്തിലേക്ക് ഇറങ്ങുന്നത് കണ്ടിരുന്നു എന്ന് സമീപത്തുള്ളവർ പറഞ്ഞു. അതേസമയത്ത് തിരമാല വരികയും അയാൾ അതിൽപ്പെട്ട് കുഴഞ്ഞുവീഴുകയുമായിരുന്നു. എന്തുകൊണ്ടാണ് ഇയാൾ പെട്ടെന്ന് കുഴഞ്ഞു വീണത് എന്നത് വ്യക്തമല്ല. സമീപത്തുണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഉടനെത്തന്നെ അങ്ങോട്ട് ഓടിയെത്തി അയാളെ വെള്ളത്തിൽ നിന്നും പുറത്തെടുക്കുകയും അപ്പോൾ തന്നെ എമർജൻസി സർവീസുമായി ബന്ധപ്പെടുകയും ചെയ്തിരുന്നു.
വെറും രണ്ട് മിനിറ്റിനുള്ളിൽ തന്നെ നാഷണൽ പാർക്ക് സർവീസിൽ നിന്നുള്ളവരെത്തുകയും യുവാവിന് സിപിആർ നൽകുകയും ചെയ്തിരുന്നു. നിമിഷങ്ങൾക്കുള്ളിൽ തന്നെ സാൻ ഫ്രാൻസിസ്കോ ഫയർ ഡിപ്പാർട്ട്‌മെന്റിലെയും സാൻ ഫ്രാൻസിസ്കോ ഫയർ പാരാമെഡിക്സിലെയും ഉദ്യോഗസ്ഥരും സ്ഥലത്തെത്തുകയും ഇവർക്കൊപ്പം ചേരുകയും ചെയ്തു. അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് തന്നെ തങ്ങൾക്ക് ചെയ്യാനാവുന്നതെല്ലാം അവർ ചെയ്തിരുന്നു.
എന്നാൽ, ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും യുവാവിന്റെ അവസ്ഥ ഗുരുതരമായി മാറിയിരുന്നു. പിന്നീട്, ഇയാൾ മരണപ്പെടുകയായിരുന്നു.
ഫയർ ഡിപാർട്മെന്റ് പിന്നീട് ഈ സംഭവത്തെ കുറിച്ച് എക്സിൽ എഴുതി. പരിക്കേറ്റതിനെ തുടർന്ന് യുവാവ് മരണത്തിന് കീഴടങ്ങി എന്ന വാർത്ത ദുഃഖകരമാണ്. അദ്ദേഹം രക്ഷിക്കാൻ ശ്രമിച്ച നായയ്ക്ക് വെള്ളത്തിൽ നിന്ന് തനിയെ തന്നെ പുറത്തുകടക്കാൻ കഴിഞ്ഞു, അത് സുഖമായിരിക്കുന്നു എന്നായിരുന്നു പോസ്റ്റ്. ഒപ്പം മൃഗങ്ങൾ വെള്ളത്തിൽ പോയാൽ അതിനെ സ്വയം രക്ഷിക്കാൻ ശ്രമിക്കാതെ 911 -ലേക്ക് വിളിക്കുകയാണ് ഉചിതം എന്നും അവർ പോസ്റ്റിൽ സൂചിപ്പിച്ചു.


