താൻ ആദ്യമായിട്ടാണ് ഒരു ടോയ് കാർ ഓടിക്കുന്നത്, ഹാൻഡ് സി​ഗ്നലുകൾ ഒക്കെയും ഉപയോ​ഗിച്ചിരുന്നു, നിയമം ലംഘിക്കുകയാണ് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും യുവാവ് പറയുന്നു.

തിരക്കേറിയ റോഡിലൂടെ കുട്ടികളുടെ ബാർബി ജീപ്പ് ഓടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാനഡയിലാണ് വിചിത്രമായ സംഭവം നടന്നത്. രാവിലെ നല്ല തിരക്കുള്ള സമയത്താണ് യുവാവ് കുട്ടികളോടിക്കുന്ന പിങ്ക് നിറത്തിലുള്ള ബാർബി ജീപ്പുമായി റോഡിലിറങ്ങിയത്. പ്രിൻസ് ജോർജ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് തന്നെയാണ് സംഭവം ഫേസ്ബുക്കിൽ ഷെയർ‌ ചെയ്തിരിക്കുന്നത്. പോസ്റ്റ് അനുസരിച്ച്, വെള്ളിയാഴ്ചയാണ് സാധാരണയായി കുട്ടികൾ ഉപയോ​ഗിക്കാറുള്ള ടോയ് കാറിൽ യുവാവ് റോഡിലേക്കിറങ്ങിയത്. ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് പൊലീസ് ഇയാളെ തടഞ്ഞത്.

കാസ്പർ ലിങ്കൺ എന്ന യുവാവാണ് ടോയ് കാർ ഓടിച്ചിരുന്നത്. അടുത്ത കടയിലേക്ക് സർപ്ലീ വാങ്ങാൻ പോകാനിറങ്ങിയതായിരുന്നു ലിങ്കൺ. എന്നാൽ, നടക്കാൻ മടി തോന്നിയതിനെ തുടർന്ന് റൂംമേറ്റിന്റെ കുട്ടിയോട് അവന്റെ ടോയ് കാർ കടം വാങ്ങിയതാണ് എന്നാണ് ലിങ്കൺ പിന്നീട് സിബിസി വാർത്താ ഏജൻസിയോട് പറഞ്ഞത്. താൻ ആദ്യമായിട്ടാണ് ഒരു ടോയ് കാർ ഓടിക്കുന്നത്, ഹാൻഡ് സി​ഗ്നലുകൾ ഒക്കെയും ഉപയോ​ഗിച്ചിരുന്നു, നിയമം ലംഘിക്കുകയാണ് എന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും യുവാവ് പറയുന്നു.

അതേസമയം, പൊലീസിന്റെ പോസ്റ്റിൽ പറയുന്നത്, യുവാവ് മദ്യപിച്ചിരുന്നു എന്നാണ്. വാഹനത്തിന്റെ വിശദാംശങ്ങളും പോസ്റ്റിൽ നൽകിയിട്ടുണ്ട്. ടയറിന്റെ വലിപ്പത്തിൽ കാര്യമില്ല, മോട്ടോർ വാഹനമാണെങ്കിൽ നിയമം പാലിച്ചേ മതിയാകൂ എന്നും പോസ്റ്റിൽ പറയുന്നു. യുവാവിന് നിലവിൽ വാഹനം ഓടിക്കാനുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്. ടോയ് കാറാണെങ്കിലും ചാര്‍ജ്ജ് സാധാരണമായിരിക്കും എന്നും പൊലീസ് പറയുന്നു.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകൾ നൽകിയത്, ചിലർ ചോദിച്ചിരിക്കുന്നത്, തങ്ങളുടെ ചെറിയ കുട്ടികൾ ഇനി ഇത്തരം വാഹനങ്ങൾ ഓടിക്കുമ്പോൾ ലൈസൻസ് എടുക്കണോ എന്ന രസകരമായ ചോദ്യമാണ്.