അയാളുടെ തൊഴിലുടമ ഇൻഷുറൻസ് പരിധിയിൽ അത് കൊണ്ടുവരാൻ വിസമ്മതിക്കുകയും രണ്ട് കീഴ്ക്കോടതികളും അത് ജോലിക്കായുള്ള യാത്രക്കിടെ സംഭവിച്ചതല്ല എന്ന് പറയുകയും ചെയ്‍തു. 

വീട്ടിൽ നിന്ന് ജോലി ചെയ്യുന്നത് (Working from home) 'ന്യൂ നോർമൽ'(new normal) ആയിരിക്കുകയാണ്. അതിനാൽ സ്വാഭാവികമായും, നിയമങ്ങളും മാറിയേക്കാം. തന്റെ കിടപ്പുമുറിയിൽ നിന്ന് കമ്പ്യൂട്ടറിരിക്കുന്ന മുറിയിലേക്ക് നടക്കുമ്പോൾ കാൽ വഴുതി വീണിരിക്കുകയാണ് ഒരാൾ. ഇപ്പോൾ കോടതി അത് 'ജോലിസ്ഥലത്തെ അപകടമായി കണക്കാക്കി ഇൻഷുറൻസ് തുക നൽകണം' എന്ന് പറഞ്ഞിരിക്കുകയാണ്. 

വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഈ ജർമ്മൻകാരൻ തന്റെ കിടപ്പുമുറിയിൽ നിന്നും ജോലി ചെയ്യാനായി കമ്പ്യൂട്ടർ വച്ചിരിക്കുന്ന മുറിയിലേക്ക് നടക്കവെ ഗോവണിപ്പടിയിൽ നിന്ന് വീണ് നട്ടെല്ല് ഒടിയുകയായിരുന്നു. എന്നാൽ, അയാളുടെ തൊഴിലുടമ ഇൻഷുറൻസ് പരിധിയിൽ അത് കൊണ്ടുവരാൻ വിസമ്മതിക്കുകയും രണ്ട് കീഴ്ക്കോടതികളും അത് ജോലിക്കായുള്ള യാത്രക്കിടെ സംഭവിച്ചതല്ല എന്ന് പറയുകയും ചെയ്‍തു. 

എന്നിരുന്നാലും, സാമൂഹിക സുരക്ഷാ പ്രശ്‌നങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന കാസലിലെ ഉയർന്ന ഫെഡറൽ സാമൂഹിക കോടതി പറഞ്ഞത്, കിടക്കയിൽ നിന്ന് ഹോം ഓഫീസിലേക്കുള്ള ആ ദിവസത്തിലെ ആദ്യ യാത്ര ഇൻഷുറൻസ് പരിധിക്കകത്ത് വരുന്നതാണ് എന്നായിരുന്നു. ഓഫീസിലേക്കുള്ള ആദ്യത്തെ യാത്രയ്ക്ക് മാത്രമാണ് ഇൻഷുറൻസിന് അർഹത എന്നും പ്രഭാതഭക്ഷണം കഴിച്ചിട്ട് വരുന്നത് അതിൽ വരില്ല എന്നും കമ്പനി വാദിച്ചു. എന്നാൽ, രാവിലെ ഹോം ഓഫീസിലേക്കുള്ള വഴിയിൽ വീണാണ് പരാതിക്കാരന് അപകടമുണ്ടായത് എന്ന് കോടതി വിധിച്ചു. 

പകർച്ചവ്യാധി കാരണം ഇയാൾ വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നോ അതോ മുമ്പ് തന്നെ അങ്ങനെ ചെയ്തിരുന്നോ എന്ന് വ്യക്തമല്ല. എന്നാൽ, നിരന്തരം വീട്ടിലിരുന്ന് ജോലി ചെയ്യേണ്ടി വരുമ്പോൾ അത് ജോലിസ്ഥലമായി കണക്കാക്കാം എന്നും ഈ കേസിൽ അത് ജോലി സ്ഥലത്തെ അപകടമായി കണക്കാക്കാം എന്നും കോടതി ചൂണ്ടിക്കാട്ടി.