Asianet News MalayalamAsianet News Malayalam

ഭാര്യയുടെ ചെരിപ്പിൽ തട്ടി വീണു, യുവാവ് ഭാര്യക്കെതിരെ കേസ് കൊടുത്തു

ഇതിനെല്ലാം ശേഷം 2019 ഒക്ടോബറിൽ, അയാൾ തന്റെ അഭിഭാഷകന്റെ സഹായത്തോടെ ജൂഡിക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു. വീട്ടിൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിന് അവളെ കുറ്റപ്പെടുത്തുകയും ചെയ്തു. 

man filed case against wife after tripping over her shoes
Author
Ohio, First Published Oct 9, 2021, 12:58 PM IST

പലപ്പോഴും വീടുകളിൽ ആളുകൾ അവരുടെ ചെരിപ്പുകൾ അലക്ഷ്യമായി വലിച്ചെറിയുന്നത് ഒരു സ്ഥിരം കാഴ്ചയാണ്. വീട്ടിലെ മറ്റുള്ളവർ അത് തട്ടി വീഴുന്നതും അസാധാരണമല്ല. എന്നാൽ, അങ്ങനെ തട്ടി വീണതിന്റെ പേരിൽ കുടുംബാംഗങ്ങൾ കേസ് കൊടുക്കുന്നത് ഒരു പക്ഷേ കേട്ടുകേൾവിപോലുമില്ലാത്ത കാര്യമാണ്. പക്ഷേ, ഭാര്യ(wife)യുടെ ചെരുപ്പിൽ തട്ടി വീണ് പരുക്കേറ്റ ഒരു യുവാവ് ദേഷ്യം സഹിക്കാൻ കഴിയാതെ ഭാര്യക്കെതിരെ കേസ് ഫയൽ ചെയ്തു. എന്നാൽ, ആ കേസ് നിലനിൽക്കില്ലെന്ന് ഒടുവിൽ കോടതി വിധിച്ചു.

അമേരിക്കയിലെ ഒഹിയോ(Ohio)യിൽ താമസിക്കുന്ന ജോൺ വാൾവർത്താണ്(John Walworth) അലക്ഷ്യമായി വലിച്ചെറിഞ്ഞ ഭാര്യയുടെ ഷൂസിൽ തട്ടി പടിയിൽ നിന്ന് താഴേയ്ക്ക് വീണത്. ആ വീഴ്ചയിൽ അദ്ദേഹത്തിന് ഒന്നിലധികം ഒടിവുകൾ സംഭവിച്ചു. 2018 ഫെബ്രുവരിയിലായിരുന്നു സംഭവം. അന്ന് അവരുടെ വിവാഹം കഴിഞ്ഞിട്ടില്ലായിരുന്നു. ക്ലീവ്‌ലാൻഡിന്റെ വെസ്റ്റ് പാർക്ക് പരിസരത്തായിരുന്നു പ്രതിശ്രുതവധുവായിരുന്ന ജൂഡി ഖൗരിയുടെ വീട്. ഒരു ദിവസം അവർ ഇരുവരും വണ്ടിയിൽ അവളുടെ വീട്ടിലേയ്ക്ക് തിരിച്ചു. വീട്ടിലെത്തിയ ശേഷം വാൾവർത്ത് കാറിലുണ്ടായിരുന്ന വിനീഗർ കുപ്പികൾ നിറച്ച ഒരു പെട്ടി എടുത്ത് പിൻവാതിലിലൂടെ നടന്ന് ബേസ്മെൻറ്റിലേയ്ക്ക് ഇറങ്ങുകയായിരുന്നു.

വഴിയിൽ ജൂഡി ഉപേക്ഷിച്ച ഒരു ജോടി ഷൂസിൽ തട്ടി അദ്ദേഹത്തിന്റെ കാല് വഴുതി. ബാലൻസ് നഷ്ടപ്പെട്ട അദ്ദേഹം കോണിപ്പടിയിൽ നിന്ന് ഉരുണ്ട് താഴെ വീണു. തുടർന്ന് നിരവധി എല്ലുകൾ ഒടിഞ്ഞു. ഒടുവിൽ ചികിത്സക്കായി 60 ലക്ഷത്തോളം രൂപ മുടക്കേണ്ടി വന്നു. ജോലിക്ക് പോകാൻ കഴിയാത്തതിനാൽ 14 ലക്ഷം രൂപയുടെ നഷ്ടവും അദ്ദേഹം നേരിട്ടു. പൂർണമായി സുഖം പ്രാപിക്കാൻ ജോണിന് മാസങ്ങൾ വേണ്ടിവന്നു. കോടതി രേഖകൾ അനുസരിച്ച്, അദ്ദേഹത്തിന് മൂന്ന് ശസ്ത്രക്രിയകൾ നടത്തേണ്ടിവന്നു. അപകടത്തിന് ശേഷം മാസങ്ങളോളം ഫിസിക്കൽ തെറാപ്പിക്ക് വിധേയനായി.    

ഇതിനെല്ലാം ശേഷം 2019 ഒക്ടോബറിൽ, അയാൾ തന്റെ അഭിഭാഷകന്റെ സഹായത്തോടെ ജൂഡിക്കെതിരെ ഒരു കേസ് ഫയൽ ചെയ്തു. വീട്ടിൽ അപകടകരമായ സാഹചര്യങ്ങൾ സൃഷ്ടിച്ചതിന് അവളെ കുറ്റപ്പെടുത്തുകയും ചെയ്തു. അതേസമയം താൻ ഷൂസ് പതിവായി പിൻവാതിൽക്കലാണ് വയ്ക്കാറുള്ളതെന്നും, അതിനെക്കുറിച്ച് തന്റെ പ്രതിശ്രുത വരന് മുന്നറിയിപ്പ് നൽകാൻ വിട്ടുപോയെന്നും ജൂഡി പറഞ്ഞു. ശ്രദ്ധിച്ച് നടന്നാൽ വീഴില്ലായിരുന്നെന്നും ജൂഡിയുടെ അഭിഭാഷകൻ പ്രസ്താവിച്ചു. മൂന്ന് ജഡ്ജിമാരുടെ പാനൽ കേസിന്റെ നടപടികൾ പൂർത്തിയാക്കി, ജോണിന്റെ കേസ് തള്ളി. ഈ സംഭവത്തെക്കുറിച്ചുള്ള ഏറ്റവും രസകരമായ ഭാഗം ഈ കേസ് തള്ളുന്നതിന് മുമ്പ് ഈ ദമ്പതികൾ 2019 ഏപ്രിലിൽ വിവാഹിതരായി എന്നതാണ്.
 

Follow Us:
Download App:
  • android
  • ios