നൂറുകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയത്. ഹൃദയത്തെ തൊട്ടു എന്ന് ചിലർ കുറിച്ചപ്പോൾ നന്മയുള്ള ലോകം നമുക്ക് ചുറ്റും ഉണ്ട് എന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്.
ചില നേരങ്ങളിൽ ചില മനുഷ്യർ നമ്മെ അമ്പരപ്പിക്കാറില്ലേ. ചെറിയ പ്രവർത്തികളിൽ കൂടിയാണെങ്കിലും ഇവർ നൽകുന്ന മാതൃകയ്ക്ക് വാക്കുകൾക്ക് അതീതമായ ഭംഗിയുണ്ട്. അത്തരത്തിൽ മനോഹരമായ ഒരു കാഴ്ച കഴിഞ്ഞ ദിവസം ട്വിറ്ററിൽ പോസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. @HumanBeingBros എന്ന ട്വിറ്റർ അക്കൗണ്ടിലാണ് സെക്കന്റുകൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സഹിക്കാനാകാത്ത ചൂടിൽ ദാഹിച്ച് ക്ഷീണിതനായ ഒരു അണ്ണാൻ കുഞ്ഞിന് ഒരു മനുഷ്യൻ തന്റെ കുപ്പിയിലെ കുടിവെള്ളത്തിൽ നിന്ന് ഒരു വിഹിതം നൽകുന്നതിന്റെ വീഡിയോയാണിത്.
ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു കോൺക്രീറ്റ് റോഡിലൂടെ ക്ഷീണിതനായി വരുന്ന ഒരു അണ്ണാൻ കുഞ്ഞിന് വെള്ളം കൊടുക്കാൻ ഒരു മനുഷ്യൻ ശ്രമിക്കുന്നിടത്താണ് ഈ വീഡിയോ ആരംഭിക്കുന്നത്. കുപ്പിയിൽ നിന്ന് തുള്ളി തുള്ളിയായി അദ്ദേഹം വെള്ളം അണ്ണാൻ കുഞ്ഞിന്റെ വായിലേക്ക് ഒഴിച്ചു കൊടുക്കുന്നു. അണ്ണാൻ അത് അൽപ്പം പോലും കളയാതെ ശ്രദ്ധാപൂർവം കുടിയ്ക്കുന്നു. ഒടുവിൽ ദാഹം ഒന്ന് ശമിച്ചപ്പോഴാകണം അത് സ്നേഹത്തോടെ ആ മനുഷ്യന്റെ കയ്യിലേക്ക് ചാടി കയറുന്നു. അദ്ദേഹം അതിനെ സ്നഹത്തോടെ കയ്യിലെടുത്ത് തലോടുകയും അതിനോട് സംസാരിക്കുകയും ചെയ്തുകൊണ്ട് വീണ്ടും വെള്ളം നൽകുന്നതാണ് വീഡിയോ.
നൂറുകണക്കിന് ആളുകൾ കണ്ട് കഴിഞ്ഞ ഈ വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്റുകളുമായി എത്തിയത്. ഹൃദയത്തെ തൊട്ടു എന്ന് ചിലർ കുറിച്ചപ്പോൾ നന്മയുള്ള ലോകം നമുക്ക് ചുറ്റും ഉണ്ട് എന്നായിരുന്നു മറ്റ് ചിലർ കുറിച്ചത്. ഏതായാലും സോഷ്യൽ മീഡിയയിൽ ഹീറോ ആയി മാറി കഴിഞ്ഞു അണ്ണാന് വെള്ളം കൊടുക്കാൻ മനസ്സ് കാണിച്ച അപരിചിതനായ ഈ മനുഷ്യൻ.
