ഓഫീസിലെ ആരും തന്നോട് മിണ്ടുന്നില്ല. ആരും ഒന്നിനും തന്നെ പങ്കെടുപ്പിക്കുന്നില്ല. എല്ലാവരും അവ​ഗണിക്കുകയാണ്. താൻ ഇത് മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് യുവാവ് ചോദിക്കുന്നത്.

ജോലി സംബന്ധമായ ഏറ്റവുമധികം പോസ്റ്റുകൾ കണ്ടുവരുന്ന ഒരു സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമാണ് റെഡ്ഡിറ്റ്. നിരവധിപ്പേരാണ് അവിടെ തങ്ങളുടെ ജോലി സംബന്ധമായ ആശങ്കകളും ചൂഷണങ്ങളും സഹപ്രവർത്തകരുമായിട്ടുള്ള പ്രശ്നങ്ങളും ഒക്കെ ഷെയർ ചെയ്യാറുള്ളത്. എന്നാൽ, അതിൽ നിന്നും കുറച്ച് വ്യത്യസ്തമായിട്ടുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. ജോലിക്കുള്ള ഇന്റർവ്യൂവിൽ പരാജയപ്പെട്ടിട്ടും സ്വാധീനമുപയോ​ഗിച്ച് ജോലി കിട്ടിയ ഒരു യുവാവാണ് തന്റെ അനുഭവം ഷെയർ ചെയ്തിരിക്കുന്നത്. അനുഭവം ഷെയർ ചെയ്തതിന് പിന്നാലെ പിന്തുണ ആ​ഗ്രഹിച്ച യുവാവിന് നേരെ വൻ വിമർശനമാണ് ഉയർന്നത്.

ഇന്റർവ്യൂവിൽ പരാജയപ്പെട്ടു എന്ന് അറിയുന്നത് കൊണ്ടാണോ ജോലി സ്ഥലത്ത് എല്ലാവരും എന്നെ ടാർ​ഗറ്റ് ചെയ്യുന്നത് എന്നാണ് യുവാവിന്റെ ചോദ്യം. രണ്ട് വർഷം അലഞ്ഞ ശേഷമാണ് ഒരു പ്രൊഡക്ട് ബേസ്ഡ് കമ്പനിയിൽ തനിക്ക് ജോലി കിട്ടിയത് എന്നും അത് റെഫറൻസ് മുഖാന്തിരമാണ് കിട്ടിയത് എന്നും യുവാവ് എഴുതുന്നുണ്ട്.

എങ്ങനെയാണ് കമ്പനിയുടെ ടെക്നിക്കൽ ഇന്റർവ്യൂവിൽ ആവർത്തിച്ച് പരാജയപ്പെട്ടത് എന്ന് യുവാവ് വിശദീകരിക്കുന്നു. സിഇഒയ്ക്ക് വ്യക്തിപരമായ ഒരു റഫറൻസ് ലഭിച്ച ശേഷം മാത്രമാണ് തനിക്ക് ആ റോൾ ലഭിച്ചതെന്നും യുവാവ് പറയുന്നുണ്ട്.

തന്നെ റഫർ ചെയ്ത ആളോട് സിഇഒ നേരിട്ട് പറഞ്ഞത്, അവനിവിടെ ജോലി ശരിയാക്കാം, പേടിക്കേണ്ട എന്നാണ്. താനവിടെ ജോലിക്ക് ചേർന്ന ശേഷം കാര്യങ്ങളെല്ലാം പഠിച്ചെടുത്തു. മാനേജർക്കും ട്രെയിനർക്കും അതെല്ലാം ബോധ്യപ്പെട്ടു. ഒരുമാസം അധികം എടുത്ത ശേഷമാണ് താൻ ജോലിയിലേക്ക് പ്രവേശിച്ചത് എന്നും യുവാവ് പറയുന്നു. എന്നാൽ, ജോലിയിലേക്ക് കടന്നശേഷം ആരും തനിക്ക് വർക്ക് തരുന്നില്ല. വെറുതെ ഇന്റർനെറ്റും നോക്കിയിരുന്നാണ് താൻ സമയം കളയുന്നത് എന്നാണ് യുവാവ് പറയുന്നത്.

മാത്രമല്ല, ഓഫീസിലെ ആരും തന്നോട് മിണ്ടുന്നില്ല. ആരും ഒന്നിനും തന്നെ പങ്കെടുപ്പിക്കുന്നില്ല. എല്ലാവരും അവ​ഗണിക്കുകയാണ്. താൻ ഇത് മാറ്റിയെടുക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് യുവാവ് ചോദിക്കുന്നത്.

എന്നാൽ, ഭൂരിഭാ​ഗം പേരും യുവാവിനെ വിമർശിക്കുകയാണ് ചെയ്തത്. അവർ നിങ്ങളോട് മിണ്ടില്ല. കാരണം അവരെല്ലാം ചോരയും വിയർപ്പുമൊഴുക്കിയാണ് അവിടെയെത്തിയത്. ഇത് നെപ്പോട്ടിസമാണ്. അപ്പോൾ ഈ പ്രതികരണം സ്വാഭാവികമാണ് തുടങ്ങിയ കമന്റുകളാണ് മിക്കവരും നൽകിയിരിക്കുന്നത്.