"ഞാൻ എന്റെ ജ്യേഷ്ഠനെ കൊന്നു, എന്നെ ജയിലിലടക്കൂ" അദ്ദേഹം പോലീസിനോട് ആവർത്തിച്ച് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേയ്ക്ക് അദ്ദേഹം പൊലീസിനെ കൂട്ടിക്കൊണ്ടു പോയി. അവിടെ എത്തിയപ്പോൾ മുഖം തലയിണ കൊണ്ട് മറച്ച നിലയിൽ സഹോദരന്റെ മൃതദേഹം പോലീസ്‌ കണ്ടെടുത്തു.

നമ്മൾ ഒരിക്കൽ പോലും പോകാൻ ആഗ്രഹിക്കാത്ത ഒരിടമാണ് ജയിൽ, അല്ലെ? എന്നാൽ പശ്ചിമ ബംഗാളിൽ നിന്നുള്ള ഒരാൾ ചെയ്യാത്ത കുറ്റം ചെയ്‌തെന്ന് പറഞ്ഞ് പൊലീസിനെ സമീപിച്ചു. എന്തിനെന്നല്ലേ, ജയിലിൽ പോകാൻ. അതും അദ്ദേഹം തന്‍റെ സഹോദരനെ കൊന്നുവെന്ന കള്ളമാണ് പറഞ്ഞത്. എന്നാൽ, പൊലീസിന് അത് കള്ളമാണെന്ന് ബോധ്യപ്പെടുകയും എന്തിനിങ്ങനെ ഒരു കള്ളം പറഞ്ഞുവെന്ന് പൊലീസ് തിരക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഉത്തരം കേട്ട് പൊലീസ് സ്തംഭിച്ചു പോയി. 'ജയിലിൽ ആകുമ്പോൾ മൂന്ന് നേരം ആഹാരമെങ്കിലും കിട്ടുമല്ലോ, സർ!' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ദക്ഷിണ കൊൽക്കത്തയിലെ ബാൻസ്ദ്രോണിയിലെ നിരഞ്ജൻ പള്ളി പ്രദേശത്താണ് സംഭവം. ശുഭാഷിസ് ചക്രവർത്തി എന്നയാളാണ് പൊലീസിനോട് കള്ളം പറഞ്ഞ്, ജയിലിൽ പോകാൻ ശ്രമിച്ചത്. ഒരിക്കലും കൊലപാതകം പോലുള്ള മാരകമായ തെറ്റുകൾ ചെയ്തുവെന്ന് ആരും കള്ളം പറയാറില്ല. കൊലപാതകം ചെയ്തവർ പോലും അക്കാര്യം പൊലീസിൽ വന്ന് പറയാറില്ല. എന്നാൽ, ഇത്ര ക്രൂരമായ ഒരു കാര്യം അതും ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന ഒരു കുറ്റം ചെയ്തുവെന്ന് കള്ളം പറയണമെങ്കിൽ, അത്രയ്ക്ക് ഗതിമുട്ടിയിട്ടുണ്ടാകും എന്നതിൽ സംശയമില്ല. പട്ടിണിയും, ദാരിദ്ര്യവുമാണ് അദ്ദേഹത്തെ അത് പറയാൻ പ്രേരിപ്പിച്ചത്. "ഞാൻ എന്റെ ജ്യേഷ്ഠനെ കൊന്നു, എന്നെ ജയിലിലടക്കൂ" അദ്ദേഹം പോലീസിനോട് ആവർത്തിച്ച് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തേയ്ക്ക് അദ്ദേഹം പൊലീസിനെ കൂട്ടിക്കൊണ്ടു പോയി. അവിടെ എത്തിയപ്പോൾ മുഖം തലയിണ കൊണ്ട് മറച്ച നിലയിൽ സഹോദരന്റെ മൃതദേഹം പോലീസ്‌ കണ്ടെടുത്തു. മരിച്ചത് അദ്ദേഹത്തിന്റെ സഹോദരൻ ദേബാശിഷ് ചക്രവർത്തിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

എന്നാൽ പോസ്റ്റുമാർട്ടം കഴിഞ്ഞപ്പോൾ, ഇയാളുടെ സഹോദരൻ സെറിബ്രൽ സ്‌ട്രോക്ക് മൂലമാണ് മരിച്ചതെന്നും, അയാൾ കഥ മെനയുകയായിരുന്നുവെന്നും പൊലീസ് മനസ്സിലാക്കി. ഭക്ഷണവും താമസിക്കാനൊരു ഇടവും തേടിയാണ് താൻ കള്ളം പറഞ്ഞതെന്ന് അദ്ദേഹം പൊലീസിനോട് പറഞ്ഞു. അദ്ദേഹം തന്റെ അവസ്ഥ അവരോട് വിവരിച്ചു.

ജാദവ്പൂരിലെ സെറാമിക്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരിയായിരുന്നു അദ്ദേഹത്തിന്റെ അമ്മ. അമ്മയ്‌ക്കൊപ്പമാണ് ദേബാശിഷും, സുഭാഷിഷും താമസിച്ചിരുന്നത്. വിരമിച്ച ശേഷം അവരുടെ അമ്മയ്ക്ക് 35,000 രൂപ പെൻഷൻ ലഭിച്ചിരുന്നു. ദേബാശിഷും ഇതേ കമ്പനിയിൽ തന്നെയായിരുന്നു ജോലി ചെയ്തിരുന്നത്. എന്നാൽ, ജോലിക്കിടെ അദ്ദേഹത്തിന്റെ കണ്ണിന് കാര്യമായ പരിക്കേറ്റു. അതോടെ അദ്ദേഹത്തിന് ജോലി ഉപേക്ഷിക്കേണ്ടി വന്നു. എന്നാലും പ്രതിമാസം 15,000 രൂപ പെൻഷൻ ലഭിച്ചിരുന്നു. 2017 -ൽ ശുഭാഷിസിന്റെയും പണി പോയി. ബാൻസ്ദ്രോണിലെ സൊനാലി പാർക്കിൽ ഒരു ഫ്ലാറ്റ് വാടകയ്‌ക്കെടുത്താണ് അവർ താമസിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ മേയിൽ അമ്മ മരിച്ചതിനെത്തുടർന്ന് സഹോദരങ്ങൾ നിരഞ്ജൻ പള്ളിയിലെ ചെറിയ വീട്ടിലേക്ക് താമസം മാറി. ദേബാശിഷിന് ലഭിച്ച പെൻഷൻ മാത്രമായിരുന്നു ആകെയുള്ള വരുമാനം.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താൻ അധികനാൾ ഇനി ജീവിച്ചിരിക്കില്ലെന്നും, തന്റെ പെൻഷൻ അതോടെ നിന്ന് പോകുമെന്നും ദേബാശിഷ് തന്റെ അനുജനോട് പറഞ്ഞു. തന്റെ മരണശേഷം തന്റെ സഹോദരൻ പട്ടിണി കിടന്ന് മരിക്കുമെന്ന് അദ്ദേഹം ഭയപ്പെട്ടു. അതിനെ തുടർന്ന് ചേട്ടൻ അനുജന് പറഞ്ഞു കൊടുത്ത ഐഡിയ ആയിരുന്നു ഇത്. തന്റെ മരണശേഷം പൊലീസിൽ പോയി ഇത്തരം ഒരു കൊലപാതക കഥ പറയാൻ ദേബാശിഷ് ശുഭാഷിസിയോട് ആവശ്യപ്പെട്ടു. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാൽ സർക്കാർ ചെലവിൽ ജയിലിൽ കഴിയാനും ഭക്ഷണം കഴിക്കാനും കഴിയുമെന്ന് അദ്ദേഹം സഹോദരനോട് പറഞ്ഞു. 

എന്നാൽ, പോസ്റ്റ്‌മോർട്ടത്തിന് ശേഷം, ജ്യേഷ്ഠൻ കൊല്ലപ്പെട്ടതല്ലെന്നും സെറിബ്രൽ സ്‌ട്രോക്ക് മൂലമാണ് മരിച്ചതെന്നും പൊലീസ് കണ്ടെത്തിയതോടെ പദ്ധതി പാളി പോയി.